കോകില മിസ്സ് 8 [കമൽ]

Posted by

അതിനും അവൻ ചിരിച്ചതെയുള്ളൂ. ഇല്ല. ഇനി വിളിക്കില്ല കോകില…, ഇനി ഒന്നിനുമില്ല. അവൻ മനസ്സ് കൊണ്ട് മറുപടി കൊടുത്തു.
“മം…. ബൈ…” അവൾ കയ്യുയർത്തി.
“ഗുഡ്ബൈ…”
അവന്റെ സ്വരം പതിവിലും ശാന്തമാണെന്ന് അവൾ തിരിച്ചറിഞ്ഞു. രണ്ടു പേർക്കിടയിലും എന്തോ ഒരു ടെൻഷൻ നിറഞ്ഞു നിൽക്കുന്നത് അവരിരുവരും അറിയുന്നുണ്ട്. എന്നാൽ പരസ്പരം നോക്കുമ്പോൾ, മനസ്സിൽ തുടങ്ങുന്ന ചിന്തകൾ പൂർത്തിയാക്കാനാവാതെ അവർ കുഴങ്ങി. ജിത്തു അവളെ നോക്കി ഒന്നു കൂടെ പുഞ്ചിരിച്ചു. അവൻ തല തിരിച്ച് സൈക്കിളിൽ കയറി പതിയെ ചവുട്ടി നീങ്ങി. പോകുന്ന വഴിക്ക് വല്ല വണ്ടിയും തട്ടി കാഞ്ഞു പോയാൽ മതിയെന്ന് അവൻ അതിയായി ആഗ്രഹിച്ചു. വീട്ടിൽ കയറിച്ചെന്ന ഉടൻ, അംബികാമ്മയോട് ഒരക്ഷരം മിണ്ടാതെ അവൻ മുകളിൽ കയറിപ്പോയി വാതിലടച്ചു. ബാഗ് മുറിയുടെ ഒരു മൂലക്ക് വലിച്ചെറിഞ്ഞ് തുണി പോലും മാറാതെ അവൻ കിടക്കയിലേക്ക് മലർന്നു വീണു. അവന്റെ മനസ്സ് അവളിലേക്കും അല്പം മുൻപ് കഴിഞ്ഞ സംഭവങ്ങളിലേക്കും ചെന്നെത്തി.
ഹാവൂ… അങ്ങനെ, അതു കഴിഞ്ഞു. ഇനി കോകില അതാണ്, ഇതാണ് എന്ന് പറഞ്ഞു നടക്കണ്ടല്ലോ? അല്ലേലും അങ്ങനെ എന്തെങ്കിലും തോന്നാൻ മാത്രം അവൾ തനിക്ക് എന്തു ചെയ്തു തന്നു? അവൾക്ക് വേണ്ട. പിന്നെ ഞാനെന്തിനാ വെറുതെ… ഞാനൊരു വിഡ്ഢി തന്നെ. വിഡ്ഢിക്കൂശ്മാണ്ടം. അവൻ സ്വയം മനസ്സിനെ പറഞ്ഞു സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലും അവൻ പോലുമറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഹേയ്, ഒരു പെണ്ണ് കാരണം ഞാൻ കരയാൻ പാടില്ല. അത് മനസ്സിൽ കുറിച്ചിട്ട പോളിസിയാ. ശേ…. കൂടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഈ ഘനം ഒന്നിറക്കി വെക്കാൻ…, ഒരു വട്ടം കണ്ണു തുടച്ചിട്ടും കണ്ണീർ നിൽക്കുന്നില്ലെന്നു കണ്ട് അവൻ തുണിയെല്ലാം ഊരിയെറിഞ്ഞ് നേരെ ബാത്റൂമിൽ കയറി ഷവർ തുറന്ന് നൂല് പോൽ പൊഴുയുന്ന ജലധരക്ക് കീഴെ ചുവരിൽ കൈ താങ്ങി നിന്നു. തല വഴി വെള്ളം വീഴുമ്പോഴും കവിളിൽ നിന്നും കണ്ണീരിന്റെ ചൂട് മാത്രം മാറിയില്ല.
“എന്താ സാറേ, ഇന്നും ആരെങ്കിലുമായി അടിയുണ്ടാക്കിയോ?” രാത്രി കിടക്കുന്നതിന് മുൻപ് അവന്റെ മുറിക്കകത്തേക്ക് കയറിച്ചെന്ന പ്രഭാകരൻ മുരടൻ ശബ്ദത്തിൽ ചോദിച്ചു.
“ഇല്ലച്ഛാ… അങ്ങനെയൊന്നുമില്ല.” ജിത്തു കിടക്കയിൽ എണീറ്റിരുന്ന് അച്ഛന്റെ മുൻപിൽ മര്യാദ കളിച്ചു.
“നിന്റെ മുഖം വാടിയാൽ പെട്ടെന്ന് മനസ്സിലാക്കുന്ന ഒരു മെഷീൻ താഴെയുണ്ട്. പറഞ്ഞേക്കാം. അവൾ പറഞ്ഞു വിട്ടതാ എന്നെ, പോന്നുമോന് എന്തോ പറ്റി, ചെന്ന് ചോദിക്കാൻ. എന്താ… എന്നോട് പറയാൻ പറ്റാത്ത വല്ലതുമാണോ?”
“ഹേയ്, അച്ഛനോട് പറയാൻ പറ്റാത്ത എന്ത് കാര്യം? ഇതൊക്കെ സ്ഥിരം നമ്പരല്ലേ അച്ഛാ? ലൈൻ ഒന്ന് മാറ്റിപ്പിടിച്ചൂടെ?”
“ഹ ഹ ഹ. എടാ മോനെ, ഒരു പ്രായമായാൽ കുട്ടികളെ അച്ഛാ എന്ന് വിളിക്കണം എന്നാ ചൊല്ല്. നിന്നോട് സംസാരിക്കാൻ ഇതിലും നല്ല തുടക്കമുണ്ടോ?”
“ഞാൻ ചുമ്മാ പറഞ്ഞതാ അച്ഛാ. എനിക്ക് കുഴപ്പമൊന്നും ഇല്ലന്ന് അമ്മയോട് പറഞ്ഞേക്ക്.”

Leave a Reply

Your email address will not be published. Required fields are marked *