കോകില മിസ്സ് 8 [കമൽ]

Posted by

ഞാൻ പോകുന്നത് അവന് വിഷമമാവും. എനിക്കറിയാം. പക്ഷെ, കഴിഞ്ഞ കുറച്ചു നാളുകൾ, ആ നാളുകളിൽ ഞാനനുഭവിച്ച വേദനയിലും സന്തോഷത്തിലും അറിഞ്ഞോ അറിയാതെയോ നിനക്കും പങ്കുണ്ട് ജിത്തൂ. ഇനി 5 ദിനങ്ങൾ മാത്രം. അതു കൂടി കഴിഞ്ഞാൽ, ഇനി തമ്മിൽ കാണുവാൻ കഴിയുമോ എന്നെനിക്കറിയില്ല. എന്ത് തന്നെയായാലും, ഈ കഴിഞ്ഞ നാളുകളിൽ എനിക്ക് ഒരു പിടി നല്ല ഓർമ്മകൾ നീ തന്നു. അതിന് നന്ദി.’
അവൻ വിറയ്ക്കുന്ന കൈകളോടെ ഡയറി അടച്ചു വെച്ചു. മനസ്സ് വീണ്ടും ശൂന്യതയെ വിളിച്ചു വരുത്തുന്നു.
“ഞാൻ നിന്നോട് പറയാൻ ബാക്കി വച്ചതെല്ലാം ഇതിലുണ്ട്. ഇത് നിനക്ക് തന്നിട്ട് പോണം എന്ന് കരുതിയതാ. പക്ഷെ, പക്ഷെ വേണ്ട. ഈ ഡയറി ഇതെന്റെ കൂടെത്തന്നെ വേണം. എന്നും. ഒരിക്കലും മരിക്കാത്ത കുറച്ച് നല്ല ഓർമ്മകൾ നില നിർത്താൻ. എന്താ ശെരിയല്ലേ ജിത്തൂ?”
“തന്നിട്ട് പോകാൻ ഇത് തന്റെ അവസാനത്തെ സ്കൂൾ ദിനമല്ലല്ലോ? ഇനിയുമില്ലേ നാലു നാൾ? വരട്ടെ, നമുക്ക് നോക്കാം. പക്ഷെ, ഒന്ന് ചോദിച്ചോട്ടെ?” ജിതിൻ അവൾക്കു നേരെ ഡയറി നീട്ടിക്കൊണ്ട് ചോദിച്ചു.
“ഇത്ര മാത്രേ ഉള്ളോ തനിക്കെന്നോട് പറയാൻ? ഇതിൽ കൂടുതൽ ഒന്നും പറയാനില്ലേ? ഒന്നും?”
ഡയറി ബാഗിൽ തിരികെ വെക്കുന്നതിനിടയിൽ കോകില ഒന്ന് ഞെട്ടി, ജിതിനെ നോക്കി. അവളുടെ കൈ വിറ കൊള്ളുന്നതവൻ കണ്ടു.
“ഇല്ല.”
അവന്റെ മുഖത്തു നോക്കാതെ പള്ളിക്കകത്തേക്ക് നോക്കി അവൾ ചിരിച്ചു കൊണ്ട് ആ ഒറ്റ വാക്കിൽ പറഞ്ഞവസാനിപ്പിച്ചു.
തന്റെ ലോകം കീഴ്മേൽ മറിഞ്ഞത് പോലെ ജിതിന് തോന്നി. അവളെപ്പറ്റിയുള്ള സ്വപ്നങ്ങൾക്ക് മേൽ ഒരു കറുത്ത തിരശീല വീണിരിക്കുന്നു. താൻ സംശയിച്ചത് പോലെ, എല്ലാം പാഴ്കിനാവുകൾ തന്നെ. ജിതിൻ ചിരിച്ചു. മുഖത്തു, ചുണ്ടുകളിലൂടെ മാത്രം. അവന്റെ കണ്ണുകൾ എന്നാൽ നിർജ്ജീവമായിരുന്നു.
“ജിത്തൂ… എനിക്ക് പോവാൻ സമയമായി. വിദ്യ എന്നെക്കാത്ത് നിൽക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി. ഞാൻ പോട്ടെ.” അവൾ നടന്നു തുടങ്ങി. കൂടെ ജിതിനും. അവളുടെ കൂടെ പടിയിറങ്ങുമ്പോൾ, അവൻ അവളെത്തന്നെ നോക്കി നടന്നു. അവൾ പടിയിറങ്ങുന്നത് തന്റെ മനസ്സിൽ നിന്ന് കൂടിയാണ്. മനസ്സിൽ അവളുടെ കരങ്ങളിൽ മുറുകെ പിടിച്ചിരുന്ന അവന്റെ കൈ ബലം കുറഞ്ഞ് അയഞ്ഞതായി അവന് അനുഭവപ്പെട്ടു. അവൾ അകന്നു പോയി. ദൂരേക്ക്.
“ഇപ്പൊ ഇവിടെ നടന്നതൊന്നും വിദ്യ അറിയരുത്. കേട്ടല്ലോ?”
നടന്ന് അവൻ സ്റ്റാന്റിട്ട് വച്ചിരുന്ന സൈക്കിളിനടുത്തെത്തിയപ്പോൾ കോകില അവനോടായി പറഞ്ഞു. അവൻ ഇല്ലാ എന്ന് ചിരിച്ചു കൊണ്ട് തലയാട്ടി.
“പിന്നെ… പിന്നെ, നീ എന്നെ നീ, താൻ, എഡോ എന്നൊക്കെ അപ്പൊ വിളിച്ചപ്പോ ഞാൻ വിളി കേട്ടു. ഞാൻ അങ്ങനെ ഒരു മാനസിക അവസ്ഥയിലായിരുന്നത് കൊണ്ടാ. ഇനി വേണ്ട. അതൊഴിവാക്കണം കേട്ടല്ലോ?”

Leave a Reply

Your email address will not be published. Required fields are marked *