മൃഗം 23 [Master]

Posted by

“വാടീ..” ദിവ്യയെ പിടിച്ചിരുന്നവന്‍ അവളെ വീടിനു പുറത്തേക്ക്, മുറ്റത്തേക്ക് വലിച്ചിറക്കിക്കൊണ്ട് മുരണ്ടു. രക്ഷപെടാനുള്ള അവളുടെ എല്ലാ ശ്രമവും വിഫലമായിക്കഴിഞ്ഞിരുന്നു. രക്ഷിക്കണേ ഭഗവാനെ എന്ന് കുറെ നാളുകള്‍ക്ക് ശേഷം ദിവ്യ മനമുരുകി പ്രാര്‍ഥിച്ചു. രക്ഷപെടാന്‍ വേറെ ഒരു വഴിയും അവളുടെ മുന്‍പില്‍ ഉണ്ടായിരുന്നില്ല. അല്‍പ്പം മുന്‍പ് തന്റെ ധൈര്യത്തില്‍ ഊറ്റം കൊണ്ട താനിപ്പോള്‍ ഒന്നും ചെയ്യാന്‍ സാധിക്കാതെ കുടുങ്ങിയിരിക്കുന്നു. ദൈവത്തിനു മാത്രമേ തന്നെ ഈ ആപത്തില്‍ നിന്നും രക്ഷിക്കാന്‍ പറ്റൂ. ഇവന്മാര്‍ കൊണ്ടുപോയാല്‍, താന്‍ പിച്ചി ചീന്തപ്പെടും. ഒരു സംശയവുമില്ല. അവള്‍ മനമുരുകി ദൈവത്തോട് മനസ്സില്‍ കരഞ്ഞു നിലവിളിച്ചു.
അപ്പോള്‍ ഒരു ബുള്ളറ്റിന്റെ ഹുങ്കാരം അവളുടെ കാതില്‍ വന്നലച്ചു. അത് ശരവേഗത്തില്‍ വരുകയാണ് എന്നവള്‍ക്ക് മനസിലായി. അവളെ പിടിച്ചിരുന്നവരും ബൈക്കിന്റെ ആ ഹുങ്കാരശബ്ദം കേട്ടു. അതിവേഗം പാഞ്ഞടുത്തുകൊണ്ടിരുന്ന ആ ബൈക്ക് ഒരു വെടിയുണ്ട പോലെ ശങ്കരന്റെ വീട്ടുമുറ്റത്ത് എത്തി ഒരു കുലുക്കത്തോടെ നിന്നു. ദിവ്യയെ വലിച്ചിഴച്ചു കൊണ്ട് കുറേപ്പേര്‍ വരുന്നത് ആ ബൈക്കില്‍ ഇരുന്നുകൊണ്ട് വാസു കണ്ടു; ഒപ്പം ബോധമില്ലാതെ കിടക്കുന്ന ശങ്കരനെയും.
ബൈക്കില്‍ ഇരുന്ന് അവരെനോക്കിക്കൊണ്ട് വാസു അത് സെന്റര്‍ സ്റ്റാന്റില്‍ ഇട്ടു. ദിവ്യയെ പിടിച്ചുകൊണ്ട് വന്ന ഗുണ്ടാനേതാവ് ഒപ്പമുണ്ടായിരുന്ന അണികളെ നോക്കി.
“പണിയാണ് മോനെ….അവന്‍ തുടങ്ങാന്‍ നോക്കി നില്‍ക്കണ്ട. കേറി പണിയടാ..” അവന്‍ അലറി.
അണികള്‍ ഊരിപ്പിടിച്ച വാളുകളുമായി വാസുവിന് നേരെ പാഞ്ഞടുത്തു. നേതാവിനെക്കൂടാതെ അവര്‍ ഏതാണ്ട് ഏഴുപേര്‍ ഉണ്ടായിരുന്നു. തന്റെ നേരെ വടിവാളുകളുമായി പാഞ്ഞടുക്കുന്ന ഗുണ്ടകളെയും അവരുടെ പിന്നില്‍ ദിവ്യയുടെ കൈയും പിടിച്ചു നില്‍ക്കുന്ന ഗുണ്ടാനെതവിനെയും വാസു നിമിഷനേരം കൊണ്ട് കണ്ടു; അവരുടെ വേഗതയും സ്ഥാനവും മനസിലാക്കി. അടുത്ത സെക്കന്റില്‍ നിലത്തേക്ക് കാലൂന്നിയ വാസു ബൈക്കിനു മുകളിലേക്ക് ചാടിക്കയറി നിന്നു. തനിക്ക് നേരെ കുതിച്ചടുത്ത ഗുണ്ടകള്‍ തൊട്ടടുത്തെത്തിയപ്പോള്‍ അവരുടെ മീതെകൂടി അപ്പുറത്തേക്ക് അവന്‍ ചാടി. വാസുവിന്റെ വലതുകാല്‍ നേരെ ചെന്നു പതിച്ചത് ദിവ്യയുടെ കൈയില്‍ പിടിച്ചിരുന്നവന്റെ കഴുത്തിലാണ്. ഒരലര്‍ച്ചയോടെ ദിവ്യയുടെ പിടിവിട്ട അവന്‍ വെട്ടിയിട്ട വാഴപോലെ നിലത്തേക്ക് വീണു. വാസു തങ്ങളുടെ പിന്നിലേക്ക് ചാടിയത് കണ്ട ഗുണ്ടകള്‍ വെട്ടിത്തിരിഞ്ഞു. ദിവ്യ രക്ഷപെട്ടു വീടിനുള്ളിലേക്ക് ഓടിക്കയറി. അവള്‍ ആദ്യം ചെയ്തത് ഫോണെടുത്ത് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ചു കാര്‍ഡ് നല്‍കിയ മുഹമ്മദ്‌ അമീര്‍ എന്ന വക്കീലിനെയും വിളിച്ച് പോലീസ് സ്റ്റേഷനില്‍ ഒന്ന് പറയണം എന്ന് അപേക്ഷിച്ച ശേഷം ശേഷം അവള്‍ കുറച്ച് വെള്ളമെടുത്ത് ബോധമില്ലാതെ കിടന്ന രുക്മിണിയുടെ മുഖത്ത് തളിച്ചു. ബോധത്തിലേക്ക്‌ തിരികെ എത്തിയ രുക്മിണി വെളിയില്‍ നടക്കുന്ന ബഹളങ്ങള്‍ കേട്ടു പുറത്തേക്ക് ദിവ്യയുടെ ഒപ്പം ഓടിച്ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *