“അച്ഛന്‍ പേടിക്കാതെ. എനിക്ക് ആരെയും പേടിയില്ല. ഇന്നത്തോടെ ബാക്കി ഉണ്ടായിരുന്ന പേടിയും ഇല്ലാതായി. എന്നെ തൊടാന്‍ ആരെങ്കിലും തുനിഞ്ഞാല്‍, അവനെ ഞാന്‍ കൊല്ലും..” ദിവ്യ അലസമായി, എന്നാല്‍ ദൃഡമായ സ്വരത്തില്‍ പറഞ്ഞു.
“മോളെ എല്ലായ്പ്പോഴും നീ ജയിക്കണം എന്നില്ല. അമിത ആത്മവിശ്വാസവും ആപത്താണ്” രുക്മിണി മകളെ ഉപദേശിച്ചു. പറഞ്ഞറിയിക്കാന്‍ പാടില്ലാത്ത ഒരു പിരിമുറുക്കം ആ വീട്ടില്‍ നിലനിന്നിരുന്നതിനാല്‍ ഊണിനു ശേഷം മൂവരും ഉറങ്ങാന്‍ കയറി. സമയം പത്തുമണി കഴിഞ്ഞിരുന്നു.
കട്ടിലില്‍ കയറിക്കിടന്ന ദിവ്യയ്ക്ക് തന്റെ മനസ്സിന്റെ മാറ്റം മനസിലാകുന്നുണ്ടയിരുന്നു. ഭയമെന്ന വികാരം മനസ്സില്‍ നിന്നും പാടെ പോയിരിക്കുന്നു. ഒരുപക്ഷെ തനിക്കെതിരെ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും താന്‍ സ്നേഹിച്ച എല്ലാ ആണുങ്ങളും തന്നെ ചതിച്ചതിന്റെയും പ്രതിഫലനം ആകാം. എന്തായാലും ഇനി തനിക്ക് ഒരുത്തനെയും പേടിയില്ല. ഒരുത്തന്‍റെയും സഹായവും ആവശ്യമില്ല. താന്‍ തനിച്ചു ജീവിക്കും. ഒരു പുരുഷനും തൊടില്ല തന്റെ ഈ ദേഹത്ത്. ഒരുത്തനും ഒരിക്കലും കയറിക്കൂടില്ല തന്റെ ഈ മനസ്സില്‍. പഠിച്ച് ഒരു ഐ പി എസ്സ് കാരി ആകണം. എന്നിട്ട് സ്ത്രീകള്‍ക്ക് എതിരെ പ്രവര്‍ത്തിക്കുന്ന എല്ലാവനെയും അമര്‍ച്ച ചെയ്യണം. ആണുങ്ങളെ ഇടിച്ച് ഒതുക്കാന്‍ തനിക്ക് അധികാരം ആവശ്യമാണ്. അതെ..ഇനി തന്റെ ലക്‌ഷ്യം അതായിരിക്കും. അങ്ങനെ ചിന്തിച്ചുകൊണ്ട് അവള്‍ കിടന്നു. കിടന്ന പാടെ ഉറങ്ങുകയും ചെയ്തു.
ഏതാണ്ട് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പുറത്ത് ആരോ കതകില്‍ ശക്തമായി അടിക്കുന്നത് കേട്ടു ദിവ്യ ഞെട്ടിയുണര്‍ന്നു.
“എടാ പട്ടീ ശങ്കരാ..തുറക്കടാ കതക്. എവിടെടാ നിന്റെ മോള്? ഞങ്ങളുടെ അണ്ണനെ ആശൂത്രീല്‍ ആക്കീട്ട് നീ സുഖമായി ഉറങ്ങുവാ അല്ലേടാ നായെ..”
ആരൊക്കെയോ ബഹളം ഉണ്ടാക്കിക്കൊണ്ട് കതകില്‍ ശക്തമായി ഇടിക്കുന്നത് കേട്ടു ദിവ്യ വേഗം എഴുന്നേറ്റു. ശങ്കരനും രുക്മിണിയും അവളെക്കാള്‍ മുന്നേ എഴുന്നേറ്റ് കഴിഞ്ഞിരുന്നു. അവര്‍ ഭയചകിതരായി വിറയ്ക്കുന്നത് കണ്ട ദിവ്യ അങ്ങോട്ട് ചെന്നു. പുറത്ത് കുറേപ്പേര്‍ ഉണ്ടെന്ന് അവര്‍ക്ക് മനസിലായി.
“കതക് തുറക്കാടാ നായെ..എന്റെ ചേട്ടനെ കൊല്ലാന്‍ ശ്രമിച്ച നിന്റെ മോളുടെ കൊടല് ഞാന്‍ എടുക്കും..തൊറക്കടാ…”
“അച്ഛാ അമ്മെ. വാ.നമുക്ക് പിന്നിലെ വാതില്‍ വഴി പുറത്ത് പോകാം..അവര്‍ കുറേപ്പേര്‍ ഉണ്ട്. അവന്മാര്‍ കതക് ചവിട്ടി തുറന്ന് അകത്ത് കേറിയാല്‍ നമ്മള്‍ കുടുങ്ങും”
ആത്മസംയമനം കൈവിടാതെ ദിവ്യ പറഞ്ഞു. അവള്‍ പറഞ്ഞതു കേട്ടു ശങ്കരനും രുക്മിണിയും വേഗം പിന്നിലേക്ക് നടന്നു. കതകിനു സമീപം എത്തിയ ദിവ്യ അത് തുറക്കുന്നതിനു മുന്‍പ് ചെവി പുറത്തേക്ക് വട്ടം പിടിച്ചു ശ്രദ്ധിച്ചു. അവളുടെ മുഖത്ത് ചുളിവുകള്‍ വീഴുന്നത് ശങ്കരനും രുക്മിണിയും കണ്ടു.
“എന്താ മോളെ?” ശങ്കരന്‍ ചോദിച്ചു.
“ശ്…മിണ്ടല്ലെ അച്ഛാ..ഈ കതകിനു വെളിയില്‍ ആരോ ഉണ്ട്. അവര്‍ നമ്മളെ വളഞ്ഞു കഴിഞ്ഞു..രക്ഷപെടാന്‍ വേറെ വല്ല വഴിയും നോക്കിയേ പറ്റൂ….” അല്‍പ്പം മുന്‍പ് ഭയം നഷ്ടപ്പെട്ടു എന്ന് സ്വയം വിശ്വസിച്ച ദിവ്യയുടെ മനസിലേക്ക് ഭയം ഒരു രാക്ഷസനെപ്പോലെ കാലെടുത്തു വച്ചുകഴിഞ്ഞിരുന്നു.
മൃഗം 23 [Master]
Posted by