മൃഗം 23 [Master]

Posted by

“എന്റെ ഐഡിയ ഇതാണ്. ഇന്ന് രാത്രി അവളുടെ വീട്ടില്‍ ഒരു ആക്രമണം നടത്തുക. സംഗതി ഇന്ന് നടന്ന സംഭവത്തിന്റെ പേരില്‍ കുത്തുകൊണ്ടവരുടെ ബന്ധുക്കള്‍ നടത്തുന്ന ആക്രമണം ആയി വരുത്തിയാല്‍ മതി. ദിവാകരന്‍ അയാളുടെ അനുജന്‍ തന്നെ ആയതുകൊണ്ട് അയാളുടെ പേര് ഇതില്‍ വരുത്തണ്ട. നമുക്ക് രവീന്ദ്രന്റെ കുറെ ആളുകളെ സംഘടിപ്പിക്കാനോ അതല്ലെങ്കില്‍ അയാളുടെ ആളുകള്‍ എന്ന് പറഞ്ഞു ചിലരെ പറഞ്ഞു വിടാനോ പറ്റിയാല്‍, ഇന്നുതന്നെ അവളെ പൊക്കാം” മാലിക്ക് തന്റെ ആശയം അവതരിപ്പിച്ചു.
“വളരെ നല്ല ഐഡിയ. ഇന്ന് എന്ത് സംഭവിച്ചാലും അത് കുത്തുമായി ബന്ധപ്പെട്ട വിഷയമായി മാത്രമേ ആരും കരുതൂ. നമ്മളാണ് ഇതിന്റെ പിന്നിലെന്ന് ആരും അറിയില്ല. രാമദാസിന് പണം നല്‍കിയാല്‍ പോലീസും ഇടപെടില്ല. ഇക്ക എന്ത് പറയുന്നു?” സ്റ്റാന്‍ലി ചോദിച്ചു.
“നിങ്ങള് പറയുന്നത് പോലെ ചെയ്യാം. നമ്മുടെ പിള്ളേര്‍ എന്തിനും റെഡി അല്ലെ. അവന്മാര്‍ക്ക് ശകലം ചില്ലറ കൊടുക്കേണ്ടി വരും…” മുസ്തഫ പറഞ്ഞു.
“അവന്മാര്‍ക്ക് എന്തു വേണേലും കൊടുത്തോ. പക്ഷെ കാര്യം ഞങ്ങള് പറയുന്നത് പോലെ നടക്കണം. രാത്രി വീടുകയറി അവന്മാര്‍ ആക്രമിക്കണം. രവീന്ദ്രന്റെ പേര് പറഞ്ഞായിരിക്കണം ആക്രമണം. അവള്‍ പിന്നിലെ വാതില്‍ തുറന്ന് രക്ഷപെടാന്‍ സാധ്യതയുള്ളത് കൊണ്ട് ഞങ്ങളില്‍ രണ്ടുപേര്‍ പിന്നില്‍ ഒളിഞ്ഞു നില്‍ക്കും. അവള്‍ അതിലൂടെ ഇറങ്ങിയാല്‍, പിന്നെ കാര്യം ശുഭം. അതോടെ ഇക്കയുടെ പിള്ളേര്‍ക്ക് തിരികെ പോകാം” അര്‍ജ്ജുന്‍ പറഞ്ഞു.
“ശരി. അങ്ങനെ ചെയ്യാം. എന്നാല്‍ ഞാന്‍ അവന്മാരെ ഒന്ന് വിളിക്കട്ടെ. ബോധത്തോടെ ഏവനെങ്കിലും കാണുമോ ആവോ” മൊബൈല്‍ എടുത്ത് ഒരു നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് മുസ്തഫ പറഞ്ഞു.
ഈ സമയത്ത് ശങ്കരന്‍ ദിവ്യയെയും രുക്മിണിയെയും കൂട്ടി വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു. വൈകിട്ട് നടന്ന സംഭവങ്ങള്‍ അവര്‍ രഹസ്യമാക്കി വച്ചിരുന്നതിനാല്‍ നാട്ടുകാര്‍ ആരും അറിഞ്ഞിരുന്നില്ല. വീട്ടില്‍ എത്തിയ ശങ്കരന്‍ തളര്‍ച്ചയോടെ സോഫയിലേക്ക് വീണു.
“എന്തൊരു ഗതികേട് ആണ് ഈശ്വരാ ഈ വീടിനും ഞങ്ങള്‍ക്കും. മര്യാദയ്ക്ക് ജീവിച്ചു പോകാന്‍ ഒരുത്തനും സമ്മതിക്കില്ലെന്ന് വച്ചാല്‍ എന്ത് ചെയ്യും?” അയാള്‍ തലയ്ക്ക് കൈയും കൊടുത്ത് വിലപിച്ചു.
“എന്നാലും എന്റെ മോളെ നിനക്കെങ്ങനെ ധൈര്യം വന്നെടി ഇത് ചെയ്യാന്‍” മകളുടെ ശിരസില്‍ തലോടിക്കൊണ്ട് രുക്മിണി ചോദിച്ചു.
“വെറുപ്പാണ് അമ്മെ എനിക്ക്..എല്ലാ ആണുങ്ങളെയും.. കൊല്ലാന്‍ പോലും ഞാന്‍ മടിക്കില്ല അവനെയൊക്കെ..” ദിവ്യയുടെ ശബ്ദത്തിലെ പകയും അവളുടെ മുഖഭാവവും കണ്ടപ്പോള്‍ രുക്മിണി ഞെട്ടി. മകളുടെ പുതിയ മുഖം ശങ്കരനെയും ഭീതിയില്‍ ആഴ്ത്തി.
“അങ്ങനെ ഒന്നും പറയാതെ മോളെ. മോള്‍ടെ അച്ഛനും ഒരു പുരുഷന്‍ അല്ലെ. എല്ലാ ആണുങ്ങളും മോശക്കാരല്ല. മോശക്കാരെ മാത്രം മോള്‍ അങ്ങനെ കണ്ടാല്‍ മതി” രുക്മിണി പറഞ്ഞു. ദിവ്യ അതിനു മറുപടി ഒന്നും കൊടുത്തില്ല.
“ചെല്ല്..മോള് കുളിച്ചു വേഷം മാറ്. ചേട്ടാ..ചെന്നു കുളിക്ക്. കതകുകളും ജനലുകളും എല്ലാം അടച്ചേക്ക്. ആ വക്കീല് പറഞ്ഞത് കേട്ടപ്പോള്‍ മുതല്‍ മനസില്‍ ഒരു ആധി” രുക്മിണി പറഞ്ഞു. പിന്നെ അവള്‍ അടുക്കളയിലേക്ക് കയറി.
ദിവ്യ കുളിക്കാന്‍ പോയപ്പോള്‍ ശങ്കരന്‍ മെല്ലെ എഴുന്നേറ്റ് മുറിയിലേക്ക് കയറി.
“എന്നാലും ദിവാകരന്‍. അവന്‍ ഇത്തരക്കാരനായിപ്പോയല്ലോ” ആഹാരം കഴിക്കുന്നതിനിടെ ശങ്കരന്‍ പറഞ്ഞു.
“ഞാന്‍ പണ്ട് അവനെക്കുറിച്ചു പറയുമ്പോള്‍ ചേട്ടന്‍ എന്നെ വിശ്വസിച്ചിട്ടുണ്ടോ? എന്നെ കാണുമ്പൊള്‍ ഉള്ള അവന്റെ വൃത്തികെട്ട നോട്ടം. ഈ പെണ്ണിനെ സ്വന്തം മോളെപ്പോലെ കാണേണ്ടതല്ലേ അവന്‍?”
“ഓരോരുത്തരുടെയും തനിനിറം ഇങ്ങനെ ഒക്കെയല്ലേ അറിയുക.. എന്റെ മോളെ നീ വളരെ സൂക്ഷിക്കണം. ആ രവീന്ദ്രന്റെ ആളുകള്‍ വളരെ മോശക്കാരാണ്. എനിക്ക് ആകെ ആധിയാകുന്നു..”

Leave a Reply

Your email address will not be published. Required fields are marked *