മൃഗം 23 [Master]

Posted by

“താങ്ക് യൂ മിസ്റ്റര്‍ രാമദാസ്”
വക്കീല്‍ പുറത്തേക്ക് ഇറങ്ങിയപ്പോള്‍ എസ് ഐ ശങ്കരനെയും രുക്മിണിയെയും ഒപ്പം ദിവ്യയെയും ഉള്ളിലേക്ക് വിളിപ്പിച്ചു.
“നിങ്ങള്‍ക്ക് ഇവളെ കൊണ്ടുപോകാം. പക്ഷെ എപ്പോള്‍ വിളിപ്പിച്ചാലും ഇവിടെ ഹാജരാകണം. കേസ് കുത്തുകൊണ്ടവരുടെ പരാതിയിന്‍മേല്‍ മാത്രമേ എടുക്കൂ. പിന്നെ അവരില്‍ ആരെങ്കിലും മരിച്ചുപോയാല്‍ പിന്നെ ഇവള്‍ അകത്തയിരിക്കും. ഓര്‍മ്മ വേണം. മൈനര്‍ പെണ്‍കുട്ടി ആയതുകൊണ്ടാണ്‌ നീ തല്‍ക്കാലം രക്ഷപെട്ടിരിക്കുന്നത്..മനസിലായോടീ?” രാമദാസ് രൂക്ഷമായി ദിവ്യയെ നോക്കി ചോദിച്ചു. അവള്‍ മിണ്ടാതെ തല കുനിച്ചു.
“ഉം പൊക്കോ”
ശങ്കരന്‍ കൈ കൂപ്പിയ ശേഷം ഭാര്യയും മകളുമൊത്ത് പുറത്തിറങ്ങി. അമീര്‍ അവരെ കാത്ത് അവിടെ നില്‍പ്പുണ്ടായിരുന്നു.
“ഞാന്‍ മുഹമ്മദ്‌ അമീര്‍. വക്കീലാണ്. ഇവിടെ മുന്‍പിരുന്ന എസ് ഐ പൌലോസ് വിളിച്ചു പറഞ്ഞത് കൊണ്ടാണ് ഞാന്‍ വന്നത്.”
അമീര്‍ സ്വയം പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു. പൌലോസിന്റെ പേര് കേട്ടപ്പോള്‍ ദിവ്യയുടെ മുഖം കറുത്തു.
“നിങ്ങള്‍ക്ക് പോകാം. കേസൊന്നും ചാര്‍ജ്ജ് ചെയ്തിട്ടില്ല. പക്ഷെ എന്റെ അഭിപ്രായം നിങ്ങള്‍ അവര്‍ക്കെതിരെ ഒരു പരാതി നല്‍കണം എന്നാണ്. അതായത് ഈ കുട്ടിയെ ബലമായി വണ്ടിയില്‍ പിടിച്ചു കയറ്റിക്കൊണ്ട് പോയി എന്ന്. വാദികള്‍ ആകാന്‍ ചാന്‍സുള്ളവരെ പ്രതികളാക്കി നമ്മള്‍ നല്‍കുന്ന പരാതി അവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പോലീസിനെ നിര്‍ബന്ധിക്കും..എന്ത് പറയുന്നു?’’ അയാള്‍ അവരെ മൂവരെയും നോക്കി ചോദിച്ചു.
“എന്നെ ബലമായി ആരും കേറ്റിയില്ല സര്‍. എനിക്ക് അറിയാവുന്ന ഈ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന രവീന്ദ്രന്‍ അങ്കിളാണ് എന്നെ വീട്ടിലേക്ക് വിടാമെന്ന് പറഞ്ഞു വണ്ടിയില്‍ കയറ്റിയത്. വഴിയില്‍ വച്ച് ദിവാകരന്‍ ചിറ്റപ്പനും കയറി. എന്നെ വീടിനടുത്തുള്ള ജംഗ്ഷനില്‍ ഇറക്കാന്‍ പറഞ്ഞപ്പോള്‍ അവര്‍ വണ്ടി വേറെ ഭാഗത്തേക്ക് ഓടിച്ചു. ഇറക്കാന്‍ ആവശ്യപ്പെട്ട എന്നെ അവര്‍ ബലമായി വണ്ടിയില്‍ പിടിച്ചിരുത്തി..എന്നെ ചിറ്റപ്പന്‍ അടിക്കുകയും ചെയ്തു..ദാ ഈ കവിള് കണ്ടില്ലേ..”
തിണിര്‍ത്തുകിടന്ന ഇടതു കവിള്‍ അവള്‍ അയാളെ കാണിച്ചു.
“ഓഹോ..അങ്ങനെയാണ് കാര്യം അല്ലെ? കുട്ടി എന്തിനാണ് അവരുടെ വണ്ടിയില്‍ കയറിയത്?”
“എന്റെ സൈക്കിള്‍ ആരോ മോഷ്ടിച്ചു. അത് പോയ വിഷമത്തില്‍ നില്‍ക്കുമ്പോള്‍ ആണ് അങ്കിള്‍ അവിടെത്തിയത്”
അമീര്‍ ആലോചിച്ചു. അയാള്‍ക്ക് ഏതാണ്ടൊക്കെ മനസിലായിക്കഴിഞ്ഞിരുന്നു.
“നിങ്ങളൊരു കാര്യം ചെയ്യ്‌. ഞാന്‍ പറയുന്നത് പോലെ ഒരു പരാതി എഴുതി എസ് ഐക്ക് കൊടുക്ക്. കേസ് അവര്‍ക്കെതിരെ ആണ് എടുക്കേണ്ടത്. അത് എടുത്തിരിക്കണം..” അല്‍പ്പസമയത്തെ ആലോചനയ്ക്ക് ശേഷം അമീര്‍ പറഞ്ഞു. ശങ്കരന്‍ തലയാട്ടി.

Leave a Reply

Your email address will not be published. Required fields are marked *