മൃഗം 23 [Master]

Posted by

“ഞമ്മട ബഷീര്‍ ആശൂത്രീലാണ്. കള്ള ഹിമാറെ ജ്ജാണ് ന്റെ മോനെ കൊല്ലാന്‍ നോക്കിയത് അല്ലെ..അന്നേ ഞമ്മള്‍…”
അയാള്‍ അലറിക്കൊണ്ട് വാസുവിന് നേരെ കത്തി ആഞ്ഞ് ഓങ്ങി. തന്റെ നെഞ്ചിന് നേരെ വന്ന കത്തിയില്‍ നിന്നും ചുവടു വച്ചൊഴിഞ്ഞ വാസു ഇടതുകാല്‍ പൊക്കി ഇടതുവശത്ത്‌ നിന്നവനെ ചവിട്ടി തെറിപ്പിച്ച ശേഷം തന്തപ്പടിയുടെ വാരിയെല്ലില്‍ ആഞ്ഞു ചവിട്ടി. ഒരു ചെറിയ മല വീഴുന്നതുപോലെ അയാള്‍ മുറ്റത്തേക്ക് വീണു. ആ കാല്‍ നിലത്തുറപ്പിച്ച വാസു മിന്നല്‍ പോലെ കറങ്ങി ആദ്യം കണ്ടവനെ അടിച്ചു. അവന്‍ കറങ്ങി നിലത്ത് വീണപ്പോള്‍ തലേ രാത്രി അടികൊണ്ട് ഓടിയവന്‍ വീട്ടില്‍ കയറി വാക്കത്തിയുമായി അവന്റെ നേരെ അലറിക്കൊണ്ട് അടുത്തു. വാസു അവന്റെ വലതു വശത്തു നിന്നിരുന്നവന്റെ കൈയില്‍ പിടിച്ചു വലിച്ച് അവന്റെ നേരെ എറിഞ്ഞു. രണ്ടും കൂടി നിലത്തേക്ക് വീണപ്പോള്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച തന്തപ്പടിയുടെ പള്ളയ്ക്ക് പന്തടിക്കുന്നത് പോലെ അവന്‍ കാലുമടക്കിയടിച്ചു.
“യ്യോ എന്റെ കെട്ടിയോനേം പിള്ളേരേം തല്ലുന്നെ..നാട്ടുകാരെ ഓടിവായോ”
വീട്ടില്‍ നിന്നും ഇറങ്ങിവന്ന ഒരുസ്ത്രീ അലറിവിളിച്ചു. അഞ്ചുപേരും എഴുന്നേല്‍ക്കാന്‍ ആകാതെ കിടക്കുന്നത് കണ്ടുകൊണ്ട് അവര്‍ കൂടുതല്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. വാസു വീടിന്റ വരാന്തയിലേക്ക് കയറി ചാരുകസേര എടുത്ത് ഒരു ചവിട്ടിന് ഒടിച്ച് ഉള്ളില്‍ നിന്ന പെണ്ണിന്റെ ന്റെ നീട്ടി.
“ഇന്നാ..തീകത്തിക്കാന്‍ ബെസ്റ്റാ..” അവള്‍ വിറച്ചുകൊണ്ട് തലയാട്ടി അത് വാങ്ങി.
“ങാഹാ..ഇത് പുതിയ ടിവി ആണല്ലോ…”
മുന്‍പിലെ മുറിയില്‍ ഉണ്ടായിരുന്ന ടിവി എടുത്ത് അവന്‍ വെളിയില്‍ കൊണ്ടുവന്നു.
“എടാ കാലമാടാ ഞങ്ങടെ ടിവി അവിടെ വക്കാടാ…” തള്ള അവനെ നോക്കി അലറി. നാട്ടുകാരില്‍ ചിലര്‍ ബഹളം കേട്ട് സംഭവ സ്ഥലത്തേക്ക് ഓടിയെത്തി.
“എടൊ..എന്തു പോക്രിത്തരമാടോ താനീ കാണിക്കുന്നത്? പട്ടാപ്പകല് വീട്ടില്‍ കേറി ആക്രമിക്കുന്നോ..” കൂട്ടത്തില്‍ തണ്ടും തടിയുമുള്ള ഒരാള്‍ അവന്റെ നേരെ ചെന്നു ചോദിച്ചു.
“നീ ടിവി പൊട്ടുന്നത് കണ്ടിട്ടുണ്ടോ? ഇല്ലേല്‍ ദാ കണ്ടോ”
വാസു ആ ടിവി എടുത്ത് ശക്തമായി തറയില്‍ അടിച്ചു. അത് ചിന്നിച്ചിതറിയപ്പോള്‍ അവന്റെ നേരെ വന്നവന്‍ ഓടിമാറി.
“ഇവരെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും പൂതി തോന്നുന്നുണ്ടെങ്കില്‍ വരാം” ചുറ്റും കൂടി നിന്നവരെ നോക്കി അവന്‍ പറഞ്ഞു. പിന്നെ ഭിത്തിയില്‍ തൂക്കിയിരുന്ന ക്ലോക്ക് എടുത്ത് ഭിത്തിയിലടിച്ചു.
“എടാ നായെ നിന്നെ ഞമ്മള്..”
തന്തപ്പടി ഉരുണ്ടുപിരണ്ട് എഴുന്നേറ്റ് അവന്റെ നേരെ വീണ്ടും പാഞ്ഞു ചെന്നു. വരാന്തയില്‍ ഉയരത്തില്‍ നിന്ന വാസു ഒരു ചിരിയോടെ കാലുയര്‍ത്തി അയാളുടെ താടിക്ക് തന്നെ അടിച്ചു. പിന്നിലേക്ക് ഒരു അലര്‍ച്ചയോടെ അയാള്‍ മലര്‍ന്നു വീണു. വാസുവിനെ നോക്കി ഭയന്നു വിറച്ച് കുട്ടികളും സ്ത്രീകളും നിന്നു. അവന്‍ താഴെ ഇറങ്ങി തന്തപ്പടിയെ തൂക്കിയെടുത്തു നിര്‍ത്തി.
“എടൊ മൂപ്പീന്നെ..മക്കളെ നാട്ടുകാരുടെ മറ്റേടത്തോട്ടു കേറി ഒണ്ടാക്കാനായി വളര്‍ത്തിയാല്‍, ഇതില്‍ക്കൂടുതല്‍ ഇയാള്‍ വാങ്ങിക്കൂട്ടും. തല്‍ക്കാലം ഇത്രയും മതി തനിക്ക്. മോന്‍ ആശുപത്രിയില്‍ നിന്നും വരുമ്പോള്‍ പറഞ്ഞേക്കണം, ഇത് എന്റെ വീട്ടില്‍ കയറി കാണിച്ച പോക്രിത്തരത്തിനുള്ള ചെറിയ ഒരു സമ്മാനമാണ് എന്ന്. ഇനി അവനോ താനോ ഈ കിടക്കുന്ന മാക്രികളില്‍ ആരെങ്കിലുമോ വല്ല അഭ്യാസത്തിനും തുനിഞ്ഞാല്‍, ഒടിച്ചുകൂട്ടി കടലില്‍ തള്ളും ഞാന്‍..മനസ്സിലായോടോ?”
അയാള്‍ നിസ്സഹായനായി തലയാട്ടി.
“ടാ..നീ ഇങ്ങുവന്നെ..” നാട്ടുകാരുടെ കൂട്ടത്തില്‍ തന്നോട് സംസാരിക്കാന്‍ വന്നവനെ വാസു കൈകാട്ടി വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *