മൃഗം 23 [Master]

Posted by

അവള്‍ ദേഷ്യത്തോടെ ഫോണ്‍ വച്ചു. വാസു ചിരിച്ചുകൊണ്ട് പുറത്തിറങ്ങി ബൈക്കില്‍ കയറി. ഡോണയോട് സംസാരിക്കുമ്പോള്‍ മാത്രമാണ് അവന്‍ തന്റെ മനസിലെ മുറിവേറ്റു വൃണപ്പെട്ടു കിടക്കുന്ന മൃഗത്തെ അല്‍പ്പമെങ്കിലും മറക്കുന്നത്.
ചന്തയില്‍ രാവിലെ നല്ല തിരക്കുണ്ടായിരുന്നു. മുസ്തഫയും മൊയ്തീനും ഇറച്ചി വെട്ടി തകൃതിയായി വില്‍ക്കുകയാണ്. അപ്പോഴാണ് പൊടിപറത്തിക്കൊണ്ട് വാസുവിന്റെ ബൈക്ക് അവിടെത്തി നിന്നത്. അവനെ കണ്ടപ്പോള്‍ മുസ്തഫ അറിയാതെ തന്റെ മുന്‍നിരയില്‍ നഷ്ടപ്പെട്ട പല്ലുകള്‍ നിന്ന ഭാഗം തടവി.
“ഇക്കാ..അവന്‍ എത്തി. ഇത് പണിയാണെന്നാ തോന്നുന്നത്. ഇക്കയാണ്‌ ഇന്നലെ അവരെ അങ്ങോട്ടയച്ചത് എന്ന് ആ നാറി ബഷീര്‍ ഇവനോട് പറഞ്ഞിരുന്നു..” മൊയ്തീന്‍ മന്ത്രിച്ചു.
“എന്ത് ചെയ്യണം.”
“എങ്ങനെയും ഒഴിവാക്കാന്‍ നോക്ക്. തല്ലാനും പിടിക്കാനും നിന്നാല്‍ നഷ്ടം നമുക്ക് തന്നെ ആയിരിക്കും..”
വാസു ബൈക്കില്‍ നിന്നും ഇറങ്ങി മുണ്ട് മടക്കിക്കുത്തി കടയുടെ സമീപത്തേക്ക് ചെന്നു. മുസ്തഫ വേഗം കത്തി വച്ചിട്ട് അവന്റെ അടുത്തേക്ക് ചെന്നു. മൊയ്തീനും കച്ചവടം ജോലിക്കാരെ ഏല്‍പ്പിച്ച ശേഷം മുസ്തഫയുടെ പിന്നാലെ ഇറങ്ങി. അവന്‍ കുറെ അകലെ നിന്നിരുന്ന അണികളെ കണ്ണ് കാണിച്ചു. അവന്മാര്‍ പതിയെ വാസു നിന്ന സ്ഥലം ഒരു അകലം വിട്ടു വളഞ്ഞു.
“നിനക്ക് മനസിലായി അല്ലെ നിന്നെ കാണാനാണ് ഞാന്‍ വന്നതെന്ന്?” തന്റെ അടുത്തെത്തിയ മുസ്തഫയോടു വാസു ചോദിച്ചു.
“ഞാനറിഞ്ഞു..അവന്‍..ആ ബഷീര്‍ കള്ളം പറഞ്ഞതാണ്‌..എനിക്കതില്‍ ഒരു ബന്ധവുമില്ല”
മുസ്തഫ പറഞ്ഞു തീര്‍ന്നില്ല, അതിനു മുന്‍പേ വാസുവിന്റെ കൈ അവന്റെ കരണത്ത് പതിഞ്ഞു കഴിഞ്ഞിരുന്നു. ഒരു വശത്തേക്ക് വേച്ചുപോയ മുസ്തഫ വീഴാതെ അടുത്തിരുന്ന ഒരു ബൈക്കില്‍ പിടിച്ചു നിന്നു.
“എടാ പുല്ലേ പോക്രിത്തരം കാണിക്കുന്നോ”
ചേട്ടനെ അടിക്കുന്നത് കണ്ട മൊയ്തീന്‍ വാസുവിന് നേരെ കുതിച്ചു. ഒന്നുയര്‍ന്നു ചാടിയ വാസു അവനെ ശക്തമായി തൊഴിച്ചു. കടയില്‍ ഇറച്ചി വാങ്ങാന്‍ വന്നു നിന്നവരുടെ ഇടയിലേക്ക്, മേശപ്പുറത്തേക്ക് മൊയ്തീന്‍ തെറിച്ചു വീണു.
“ഡാ…കാളയോ പശുവോ ആണെന്ന് പറഞ്ഞു നീ അവനെ വെട്ടല്ലേ”
അവിടെ ഇറച്ചി അരിഞ്ഞുകൊണ്ട് നിന്ന പയ്യനോട് വാസു വിളിച്ചു പറഞ്ഞു. മുസ്തഫയുടെ ജൂബ്ബാ കൂട്ടിപ്പിടിച്ച് വാസു ബുള്ളറ്റിനു സമീപത്തേക്ക് നടന്നു ചെന്ന് അതിലിരുന്നു. അവനെ ആക്രമിക്കാനായി വളഞ്ഞു നിന്നിരുന്ന ഗുണ്ടകള്‍ മൊയ്തീന്‍ തെറിച്ചു പോയ പോക്ക് കണ്ടു ഭയന്ന് അങ്ങോട്ട്‌ അടുക്കാന്‍ മടിച്ചു. പലരും സംഭവം കണ്ട് അവിടേക്ക് അടുത്തു കൂടാന്‍ തുടങ്ങിയിരുന്നു. ബൈക്കില്‍ ഇരുന്ന വാസു മുസ്തഫയുടെ ജൂബ്ബയില്‍ നിന്നും പിടി വിട്ട ശേഷം പോക്കറ്റില്‍ നിന്നും ഒരു പേപ്പര്‍ എടുത്തു നിവര്‍ത്തി.

Leave a Reply

Your email address will not be published. Required fields are marked *