മൃഗം 23 [Master]

Posted by

“നിങ്ങള് മിണ്ടിപ്പോകരുത്. എന്റെ ഈ കുഞ്ഞ്…എന്റെ ഈ കുഞ്ഞ്…” രുക്മിണി നിയന്ത്രിക്കാനാകാതെ കരഞ്ഞുകൊണ്ട്‌ തുടര്‍ന്നു “..അവന്‍ സ്വന്തം ജീവന്‍ പണയപ്പെടുത്തി അല്ലെ ഈ പട്ടിയെ രക്ഷിച്ചത്..എന്നിട്ട്..എന്നിട്ടവന്റെ മുറിവ് വച്ചുകെട്ടാന്‍ ഒരു തുണി എടുത്ത് തരാന്‍ പറഞ്ഞിട്ട്..ഈ..ഈ..വൃത്തികെട്ടവള്‍… എന്തിനാ ഭഗവാനെ ഇങ്ങനെയൊരു ജന്തുവിനെ നീ എനിക്ക് മോളായി നല്‍കിയത്..ഇതിലും ഭേദം മക്കളില്ലാതെ ജീവിക്കുന്നതയിരുന്നു..”
“ഞാനാരോടും പറഞ്ഞില്ലല്ലോ എന്നെ രക്ഷിക്കാന്‍. അമ്മയ്ക്ക് എന്നെ ഇഷ്ടമല്ലെങ്കില്‍ ഞാന്‍ എങ്ങോട്ടെങ്കിലും പൊക്കോളാം..അല്ലെങ്കില്‍ എവിടെങ്കിലും പോയി ചാടി ചത്തോളാം…” ദിവ്യ സ്വരം കടുപ്പിച്ചു പറഞ്ഞു.
“ഇല്ലെടി..നീ എങ്ങും പോകണ്ട..പക്ഷെ ഒന്ന് നീ ഓര്‍ത്തോ..മുകളില്‍ ദൈവം എന്നൊരാള്‍ ഉണ്ട്..അത് നീ മറക്കരുത്…നിന്റെ ഈ അഹങ്കാരത്തിനുള്ള മറുപടി അവിടുന്ന് കിട്ടിയാലേ നീ പഠിക്കൂ…..”
“അമ്മെ..ചുമ്മാ അവളെ പ്രാകാതെ..” വാസു ഇടയില്‍ കയറി പറഞ്ഞു.
“എന്റെ അമ്മയ്ക്ക് എന്നെ എന്തും പറയാം തല്ലാം കൊല്ലാം. അതില്‍ വലിഞ്ഞു കയറി വന്ന തെണ്ടികള്‍ അഭിപ്രായം പറയേണ്ട കാര്യമില്ല”
ദിവ്യ അവനെ നോക്കാതെയാണ്‌ അത് പറഞ്ഞത്. അവളുടെ ആ വാക്കുകള്‍ ഒരു ശൂലം പോലെ വാസുവിന്റെ ഹൃദയത്തില്‍ തുളഞ്ഞു കയറി. കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ അവനു തോന്നി. പണിപ്പെട്ട് അവന്‍ മനസ്സിനെ വരുതിയിലാക്കി.
“എടീ ചൂലേ..നിന്നെ ഞാന്‍..” രുക്മിണി ഭ്രാന്ത് പിടിച്ചതുപോലെ അവളെ തലങ്ങും വിലങ്ങും അടിച്ചു. വാസു വേഗം തന്നെ അവളെ പിടിച്ചു മാറ്റി.
“എന്നെ വിട് മോനെ..കൊല്ലും ഈ രാക്ഷസിയെ ഇന്ന് ഞാന്‍..ഇവള്‍ മനുഷ്യത്തി അല്ല..പിശാചാണ്..പിശാച്..” രുക്മിണി അവന്റെ പിടിവിടുവിക്കാനായി ചീറി. ദിവ്യ കൂസലില്ലാതെ നിന്നപടി നില്‍ക്കുകയായിരുന്നു അപ്പോഴും.
“അച്ഛാ..അവളോട്‌ പോകാന്‍ പറ” വാസു ശങ്കരനോട് പറഞ്ഞു.
“മോളെ നീ അകത്ത് പോ..ഉം” ശങ്കരന്‍ പറഞ്ഞു.
ദിവ്യ കേട്ടപാടെ ഉള്ളിലേക്ക് പോയി. അവളുടെ ആ പോക്ക് നോക്കി മനസ്സ് തകര്‍ന്നു വാസു രുക്മിണിയെ സ്വതന്ത്രയാക്കി. ഉറക്കെ കരഞ്ഞുകൊണ്ട് രുക്മിണി ഒരു സോഫയിലേക്ക് വീണു.
———————
രാവിലെ വളരെ വൈകി ഉറക്കം ഉണര്‍ന്ന വാസു മനസും ശരീരവും തളര്‍ന്ന അവസ്ഥയില്‍ കട്ടിലില്‍ത്തന്നെ കിടക്കുകയായിരുന്നു. കൈയ്ക്ക് സംഭവിച്ച മുറിവിനെക്കാള്‍ മനസ്സിനേറ്റ മുറിവയിരുന്നു അവനെ തളര്‍ത്തിക്കളഞ്ഞത്. താന്‍ ജീവനുതുല്യം സ്നേഹിക്കുന്ന ദിവ്യ തന്റെ മുഖത്ത് നോക്കി വലിഞ്ഞുകയറിവന്ന തെണ്ടി എന്ന് വിളിച്ചിരിക്കുന്നു. അവള്‍ തന്നെ എത്രമാത്രം വെറുക്കുന്നു എന്നതിന് വേറെ എന്ത് തെളിവിനി വേണം. അവള്‍ അത് പറഞ്ഞ നിമിഷം മുതല്‍ മനസ്സ് പുകയുകയാണ്. ആ പുകച്ചില്‍ അവനെ ശ്വാസം മുട്ടിച്ചു. രാത്രി വളരെ വൈകിയാണ് അവന്‍ ഉറങ്ങിയത്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന അവന്‍ നേരം വെളുക്കാറായ സമയത്താണ് എങ്ങനെയോ ഉറക്കത്തിലേക്ക് വീണത്. ഒമ്പതുമണി ആയിട്ടും അവന്‍ ഉറങ്ങുന്നത് കണ്ട രുക്മിണി അവനെ ശല്യപ്പെടുത്താന്‍ പോയില്ല. തലേ ദിവസത്തെ പ്രശ്നങ്ങള്‍ കാരണം സ്കൂളില്‍ പോകേണ്ട എന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ദിവ്യ രാവിലെ തന്നെ സ്കൂളിലേക്ക് പോയിരുന്നു. രുക്മിണി അവളെ തടയാന്‍ ശ്രമിച്ചില്ല. വാസു ഉള്ളത് കൊണ്ടാണ് അവള്‍ പോകുന്നത് എന്ന് അവള്‍ക്കറിയാമായിരുന്നു.
കട്ടിലില്‍ കിടന്നുകൊണ്ട് വാസു തകര്‍ന്ന മനസോടെ ദിവ്യയുടെ ക്രൂരമായ പെരുമാറ്റം തന്നെ ആലോചിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *