മൃഗം 23 [Master]

Posted by

അധികം ഒന്നും പറയാതെ അവന്‍ ഫോണ്‍ വച്ചു. തൊട്ടടുത്ത് മുഖം കൈകളില്‍ പൂഴ്ത്തി ഏങ്ങലടിക്കുന്ന അമ്മയെ കണ്ടപ്പോള്‍ വാസു കണ്ണുകള്‍ തുടച്ച് പുഞ്ചിരിയോടെ അവളെ നോക്കി.
“അമ്മെ..അമ്മ എന്തിനാണ് കരയുന്നത്? ഈ കൈ മുറിഞ്ഞതിനാണോ? ഇതൊക്കെ എനിക്ക് നിസ്സാരമല്ലേ..”
രുക്മിണി അവന്റെ കണ്ണുകളിലേക്ക് നോക്കി. അവളുടെ കണ്ണുകളില്‍ നിന്നും ദുഃഖം മെല്ലെ മാറുന്നതും അവിടെ പകയും കോപവും ഒരേപോലെ നുരഞ്ഞു പൊന്തുന്നതും വാസു കണ്ടു.
“നീ വന്നെ മോനെ..” എന്തോ തീരുമാനം എടുത്ത മട്ടില്‍ രുക്മിണി പറഞ്ഞു.
“ഞാന്‍ അല്‍പനേരം ഇവിടെ ഒന്നിരുന്നോട്ടെ അമ്മെ”
“അത് പിന്നെ. നീ വാ..”
രുക്മിണി ശബ്ദം കടുപ്പിച്ചു. വാസു മെല്ലെ എഴുന്നേറ്റ് അവളുടെ പിന്നാലെ ഉള്ളിലേക്ക് ചെന്നു. ഗുണ്ടകള്‍ തല്ലിത്തകര്‍ത്ത സാധനങ്ങള്‍ പെറുക്കി മുറി വൃത്തിയാക്കുകയായിരുന്നു ശങ്കരന്‍.
“അവന്മാര്‍ എല്ലാം നശിപ്പിച്ചു..കണ്ടില്ലേ മോനെ” അയാള്‍ വിലപിച്ചു.
“അച്ഛന്‍ വിഷമിക്കാതെ..ഇതിന്റെ പരിഹാരം നമുക്കുണ്ടാക്കാം. നേരമൊന്നു വെളുത്തോട്ടെ” വാസു പറഞ്ഞു.
“ഹും..നിങ്ങള്‍ക്ക് ഈ സാധനങ്ങള്‍ പോയ വിഷമമാണ്..ഇവന്‍ ജീവന്‍ പണയപ്പെടുത്തി നിങ്ങളുടെ മോളെ രക്ഷിച്ചത് ഒരു വിഷയമല്ല.. കൈയില്‍ വെട്ടുകൊണ്ടിട്ടും മരുന്ന് പോലും വയ്ക്കാതെ അവന്‍ വേദന സഹിച്ചു നില്‍ക്കുന്നതും പ്രശ്നമല്ല…എവിടെ ആ മൂധേവി..എടീ ദിവ്യെ..വാടീ ഇവിടെ”
രുക്മിണി സംഹാരരുദ്രയെപ്പോലെ അലറി. ശങ്കരന്‍ കാര്യം മനസിലാകാതെ അന്ധാളിച്ചു. ദിവ്യയുടെ പെരുമാറ്റം ഒന്നും അയാള്‍ അറിഞ്ഞിരുന്നില്ല. രുക്മിണി വിളിച്ചിട്ടും ദിവ്യ വന്നില്ല. അതോടെ അവളുടെ കോപം ഇരട്ടിച്ചു.
“കണ്ടില്ലേ അവളുടെ സ്വഭാവം. എടീ ഇങ്ങോട്ട് വരാന്‍. ഇല്ലെങ്കില്‍ ഞാന്‍ വലിച്ചിഴച്ചു നിന്നെ ഇങ്ങോട്ട് കൊണ്ടുവരും” അവള്‍ കോപാക്രാന്തയായി വിളിച്ചു പറഞ്ഞു.
“അമ്മയ്ക്കെന്താ പ്രാന്ത് പിടിച്ചോ” വിളിച്ചത് തീരെ ഇഷ്ടപ്പെടാത്ത മട്ടില്‍ പുറത്തേക്ക് വന്നു ദിവ്യ പറഞ്ഞു. അവള്‍ വാസുവിനെ നോക്കിയതുപോലുമില്ല.
“ഇവിടെ വാടീ..”
രുക്മിണിയുടെ മുഖഭാവം കണ്ടു ഭയന്ന ദിവ്യ വേഗം അടുത്തേക്ക് ചെന്നു. രുക്മിണി കൈ നിവര്‍ത്തി അവളുടെ മുഖമടച്ച് ഒരടി കൊടുത്തു.
“നിന്നെ..നിന്നെ എനിക്ക് എന്റെ വയറ്റില്‍ ചുമക്കേണ്ടി വന്നല്ലോടീ നായെ..ത്ഫൂ….” രുക്മിണി കിതച്ചുകൊണ്ട്, നിയന്ത്രിക്കാനാകാത്ത കോപത്തോടെ പറഞ്ഞു. ദിവ്യ തല്ലു കൊണ്ടിട്ടും യാതൊരു കൂസലുമില്ലാതെ നില്‍ക്കുകയായിരുന്നു.
“എന്താ രുക്മിണി.ഇനി എന്താ കുഴപ്പം. ഇത്രേം വല്യ പ്രശ്നം ഉണ്ടായി എല്ലാം ഒന്നൊഴിഞ്ഞു പോയപ്പോള്‍ എന്തിനാ ഇനിയും കലഹം” ശങ്കരന്‍ കാര്യമറിയാതെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *