മൃഗം 23 [Master]

Posted by

“ഞാന്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്” ദിവ്യ പറഞ്ഞു.
“എടീ ഒരു തുണി കൊണ്ടുവരാന്‍..അയ്യോ എന്റെ കുഞ്ഞിന്റെ കൈ..” താന്‍ പറഞ്ഞിട്ടും അനുസരിക്കാതെ നില്‍ക്കുന്ന ദിവ്യയോട് രുക്മിണി കോപത്തോടെ പറഞ്ഞു. ദിവ്യ ദേഷ്യത്തോടെ അവളെ ഒന്ന് നോക്കിയ ശേഷം ഉള്ളിലേക്ക് പോയി.
“ഏയ്‌..ഒന്നും വേണ്ടമ്മേ..ഫസ്റ്റ് എയിഡ് എന്റെ വണ്ടിയില്‍ ഉണ്ട്”
വാസു ഷര്‍ട്ട് ഊരിയ ശേഷം മുറിവ് നോക്കി. സാമാന്യം നല്ല രീതിയില്‍ തന്നെ മുറിഞ്ഞിട്ടുണ്ട്. അവന്‍ വണ്ടിയുടെ ബാഗില്‍ നിന്നും ഒരു മദ്യക്കുപ്പി എടുത്ത് അത് തുറന്ന് മുറിവില്‍ ഒഴിച്ചു. നല്ല നീറ്റല്‍ അനുഭവപ്പെട്ടെങ്കിലും അവന്‍ അത് സഹിച്ചു. മദ്യം ഒഴിച്ച ശേഷം അവന്‍ അതെ ബാഗില്‍ നിന്നും ഒരു തുണി എടുത്ത് സ്വയം ആ മുറിവ് കെട്ടി. രുക്മിണി ഓടി അടുത്തെത്തി അവനെ സഹായിച്ചു.
“ഒരുപാട് മുറിഞ്ഞോ മോനെ?” അവള്‍ കരഞ്ഞുകൊണ്ട്‌ ചോദിച്ചു.
“ഇല്ലമ്മേ..ചെറിയ മുറിവെ ഉള്ളൂ”
“തക്ക സമയത്ത് വാസു എത്തിയത് നന്നായി. ഹോ..അല്ലായിരുന്നെങ്കില്‍.. ആലോചിക്കാന്‍ കൂടി കഴിയുന്നില്ല” ഒരു നാട്ടുകാരന്‍ പറഞ്ഞു.
“അവന്മാര്‍ വീട്ടിനുള്ളിലെ ഒരുപാടു സാധനങ്ങള്‍ തല്ലിത്തകര്‍ത്തു..എന്നെ എഴുന്നേല്‍ക്കാന്‍ പറ്റാത്ത പരുവമാക്കി” ശങ്കരന്‍ വിലപിച്ചു.
“ഇനി ഇവന്മാര്‍ ഈ പണിക്ക് പോകത്തില്ല. ഇഷ്ടം പോലെ വാങ്ങിച്ചു കൂട്ടിയല്ലോ”
കൈയില്‍ കെട്ടുമായി വാസു ഗുണ്ടാ നേതാവിനെ സമീപിച്ചു.
“പറയടാ..ആരാണ് നിന്നെ അയച്ചത്?” അവന്‍ ചോദ്യം ആവര്‍ത്തിച്ചു.
“മുസ്തഫ…” ഭയന്നു വിറച്ച് അവന്‍ സത്യം പറഞ്ഞു.
“ഉം..ഞാന്‍ നോക്കട്ടെ നീയൊക്കെ എത്ര രൂപയുടെ നഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്ന്. പിന്നെ നിന്റെയൊക്കെ വീട്ടിലേക്ക് ഞാനൊന്ന്‍ പോകും..കേട്ടോടാ നായിന്റെ മോനെ..”
വാസു അവന്റെ ചെകിടത്ത് ശക്തമായി പ്രഹരിച്ചു. അവന്‍ ബോധരഹിതനായി വീണ്ടും നിലംപൊത്തി. അപ്പോള്‍ ഒരു പോലീസ് വാഹനം ഉള്ളിലെക്കെത്തി ബ്രേക്കിട്ടു. രുക്മിണിയുടെ കണ്ണുകള്‍ പക്ഷെ അപ്പോഴും വാസുവിന്റെ മുറിവ് കെട്ടാന്‍ തുണി എടുത്തു വരാന്‍ പറഞ്ഞ ദിവ്യ എവിടെപ്പോയി എന്ന് തേടുകയായിരുന്നു. അവളുടെ നീചമായ പെരുമാറ്റം ആ അമ്മയുടെ മനസ്സിനെ ഒരു നെരിപ്പോടിനു തുല്യമാക്കി.
“മോനെ..നമുക്ക് ഏതേലും ആശുപത്രിയില്‍ പോയി മുറിവിനു മരുന്ന് വച്ചുകെട്ടാം”
ഗുണ്ടകളെയും കൊണ്ട് പോലീസ് പോയിക്കഴിഞ്ഞു നാട്ടുകാരും പിരിഞ്ഞു പോയപ്പോള്‍ ശങ്കരന്‍ വരാന്തയില്‍ ഇരുന്നുകൊണ്ട് കൈയിലെ കെട്ടഴിച്ചു അല്‍പം കൂടി മദ്യം ഒഴിച്ചു മറ്റൊരു തുണികൊണ്ട് മുറിവ് കെട്ടിക്കൊണ്ടിരുന്ന വാസുവിനോട് പറഞ്ഞു.
“വേണ്ട അച്ഛാ..ഞാന്‍ അല്‍പനേരം ഇവിടെ ഒന്നിരുന്നോട്ടെ..അച്ഛന്‍ ഉള്ളിലോട്ട് പൊയ്ക്കോ..”
“ഞാന്‍ പോയി അവന്മാര്‍ എന്തൊക്കെ നശിപ്പിച്ചെന്നു നോക്കട്ടെ..എല്ലാം തല്ലിത്തകര്‍ത്തു കാലമാടന്മാര്‍..”
അങ്ങനെ പറഞ്ഞുകൊണ്ട് ശങ്കരന്‍ ഉള്ളിലേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *