ഉസ്മാൻ അരുണിന്റെ കരം കവർന്നു. “എന്റെ പേര് നന്ദൻ പറഞ്ഞ സ്ഥിതിക്ക് ബാക്കി വിവരങ്ങൾ ഞാൻ പറയാം. ഞാനിപ്പോൾ കെ എസ് ഇ ബി യിൽ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. പണ്ട് ഒരു നാടക ട്രൂപ്പിൽ മേക്കപ്പ്മാനായിരുന്നു.” ചെറു ചിരിയോടെ ഉസ്മാൻ പറഞ്ഞു.
“മനസ്സിലായി ഇക്കാ ആ ഒരു എക്സ്പീരിയൻസ് ആണല്ലേ നന്ദേട്ടൻ ഉപയോഗിക്കുന്നത്.”
“അതേ നന്ദൻ മുമ്പ് അന്വേഷിച്ച പല കേസുകളിലും എനിക്കദ്ദേഹത്തെ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്.”
“ഓകെ ഉസ്മാനിക്കാ… നമുക്ക് വന്ന കാര്യത്തിലേക്ക് കടക്കാം. സംസാരിച്ച് കളയാൻ സമയമില്ല.” അരുണിന്റെയും ഉസ്മാന്റെയും സംസാരത്തിന് വിഘ്നം വരുത്തിക്കൊണ്ട് നന്ദൻ മേനോൻ പറഞ്ഞു.
“എങ്കിൽ ആ റൂമിലേക്ക് കയറിക്കോളൂ.” ഒരു മുറി ചൂണ്ടി കാണിച്ചു കൊടുത്ത് കൊണ്ട് ഉസ്മാൻ നന്ദൻ മേനോനോട് പറഞ്ഞു.
നന്ദൻ മേനോൻ ഉസ്മാൻ ചൂണ്ടിക്കാണിച്ച മുറിയിലേക്ക് കയറി. പിന്നാലെ ഉസ്മാനും. അരുണിന് മുന്നിൽ അവർ കയറിയ മുറിയുടെ വാതിൽ അടഞ്ഞു.
ഒരു മണിക്കൂർ കഴിഞ്ഞതിന് ശേഷമാണ് ആ വാതിൽ തുറന്നത്. അതിൽ നിന്ന് യാചക വേഷത്തിൽ പുറത്തേക്കിറങ്ങിയ നന്ദൻ മേനോനെ അരുണിന് പോലും മനസ്സിലാക്കാൻ കഴിഞ്ഞില്ല.
“വൗ ഇത് നന്ദേട്ടനാണെന്ന് വിശ്വസിക്കാനേ കഴിയുന്നില്ല. എനിക്കും ഈ വേഷം തന്നെ മതി.” അരുൺ തന്റെ അത്ഭുതം മറച്ച് വെച്ചില്ല. അവന്റെ വാക്കുകളിൽ ഉസ്മാനോടുള്ള ആദരവ് നിറഞ്ഞു നിന്നിരുന്നു.
“നിന്റെ വേഷം ഇതല്ല അരുൺ. എനിക്കൊരിടത്ത് ഇരുന്നാണ് നിരീക്ഷിക്കേണ്ടത് അതിനീ വേഷം അനുയോജ്യമാണ്. നിന്റെ ഡ്യൂട്ടി അതല്ല. പല സ്ഥലങ്ങളിലും പോകേണ്ടിവരും. പല ആളുകളെയും കാണേണ്ടിവരും. അതിനനുയോജ്യമായ ഒരു വേഷമായിരിക്കും നിനക്ക് തരുക. എന്തായാലും നീ അകത്തേക്ക് ചെല്ല്. ഉസ്മാനിക്ക നിനക്കായി കാത്തിരിക്കുകയാണ്.” ഉപദേശ രൂപേണ നന്ദൻ മേനോൻ അരുണിനോട് പറഞ്ഞു.
നന്ദൻ മേനോന്റെ ഉപദേശം സ്വീകരിച്ച് അരുൺ മുറിക്കകത്തേക്ക് കയറി. ആ മുറിക്കകം അവന് ഒരു വിസ്മയലോകം തന്നെയായിരുന്നു. മുടി മുറിക്കാൻ ഉള്ള സൗകര്യം മുതൽ ഏത് വേഷം കെട്ടാനും അനുയോജ്യമായ സാധനങ്ങൾ റൂമിൽ അങ്ങിങ്ങ് ചിതറി കിടക്കുന്നുണ്ടായിരുന്നു.
അരുണിന്റെ മനസ്സിൽ ഉസ്മാനെ കുറിച്ച് നിരവധി സംശയങ്ങളുണർന്നു. എന്നാൽ അരുണിനെ വേഷം മാറ്റുന്നതിനിടയിലുണ്ടായ സംഭാഷണത്തിൽ അവന്റെ സംശയങ്ങൾക്കുള്ള മറുപടിയും ഉണ്ടായിരുന്നു.
കുറേ സമയം കഴിഞ്ഞപ്പോൾ അരുണും ആ മുറി വിട്ട് പുറത്തിറങ്ങി. നന്ദൻ മേനോൻ അവനെയും കാത്ത് പുറത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു.
“നന്ദേട്ടാ ഞാൻ നിങ്ങളെ നമ്മുടെ ഓഫീസിനു മുന്നിൽ എത്തിച്ചാലോ.”