അര കിലോമീറ്ററോളം മുന്നോട്ടുപോയപ്പോൾ വലതു സൈഡിൽ ആയി കണ്ട ഗേറ്റ് ഉള്ളിലേക്ക് ഇൻഡിക്കേറ്റർ ഇട്ടുകൊണ്ട് നന്ദൻ മേനോൻ ബൊലേറോ കയറ്റി. അരുൺ സമയം കളയാതെ പെട്ടെന്ന് തന്നെ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.
ഗേറ്റിനകത്ത് ഉണ്ടായിരുന്ന ഒരാൾ അവർ കയറിയ ഉടൻ തന്നെ ഗേറ്റ് അടച്ചു. പുറത്തുനിന്ന് നോക്കിയാൽ കാണാത്ത, റോഡിലൂടെ പോകുന്ന വാഹനങ്ങൾ കാണുന്ന ഒരിടത്ത് അരുൺ നിൽപ്പ് ഉറപ്പിച്ചു.
നന്ദൻ മേനോൻ വീടിന്റെ പുറകുവശത്തെ മുറ്റത്ത് പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽ പെടാത്ത രീതിയിൽ ബൊലേറോ നിർത്തി അതിൽ നിന്ന് ഇറങ്ങി മുൻവശത്തേക്ക് വന്നു. റോഡിലൂടെ പോകുന്ന വാഹനങ്ങളെ നിരീക്ഷിച്ച് മുറ്റത്തിന്റെ മറ്റൊരു കോണിൽ അയാളും നിലയുറപ്പിച്ചു.
സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. അര മണിക്കൂർ കഴിഞ്ഞിട്ടും അരുണിനെ സംശയം തോന്നിയിരുന്ന വണ്ടികളിൽ ഒന്നു പോലും ആ വഴി കടന്നു പോയില്ല.
“അരുൺ കാത്തിരുന്നിട്ട് പ്രയോജനം ഉണ്ടെന്നു തോന്നുന്നില്ല. നമുക്ക് ഉടൻ തന്നെ വേഷം മാറണം. നിന്റെ ജോലി രാജന്റെ കട ഇടിച്ചു പൊളിച്ച ലോറി കണ്ടുപിടിക്കാലാണ്. ഞാൻ നമ്മളെ പിന്തുടരുന്നവരെ കണ്ടുപിടിക്കാൻ ശ്രമിക്കാം.” സിറ്റൗട്ടിൽ കൂടെ അകത്തേക്ക് കയറി കൊണ്ടാണ് നന്ദൻ മേനോൻ അരുണിനോട് സംസാരിച്ചത്.
“നന്ദേട്ടാ ഈ പ്ലാൻ പരാജയപ്പെട്ട സ്ഥിതിക്ക് ഇനി എന്താ അടുത്ത നടപടി.”
“ഒരു പ്ലാൻ പരാജയപ്പെട്ടാൽ മറ്റൊരു പ്ലാൻ. അത്രേയുള്ളൂ. അടുത്തതായി ഞാനൊരു യാചകന്റെ വേഷത്തിൽ നമ്മുടെ ഫ്ലാറ്റിനു മുൻപിലുള്ള റോഡ് സൈഡിൽ ഒരു അവിടെ ഇരിക്കാൻ പോവുകയാണ്. അവിടെ വരുന്നവരെയും പോകുന്നവരെയും ഞാൻ കൃത്യമായി നിരീക്ഷിക്കും. എന്തെങ്കിലുമൊരു ക്ലൂ കിട്ടാതിരിക്കില്ല.”
“നന്ദേട്ടാ അത് വേണോ.? ഒരു യാചക വേഷത്തിൽ ഒക്കെ ഇരിക്കുക എന്ന് പറഞ്ഞാൽ മോശമല്ലേ.?”
ഒരു മോശവും ഇല്ല അരുൺ. ഇതിന്റെ ജോലിയാണ്. അതിനുവേണ്ടി ഞാൻ എന്തു വേഷവും കെട്ടും. എന്റെ മുന്നിൽ അവരെ കണ്ടെത്തുക എന്ന ഒരു ലക്ഷ്യം മാത്രമേയുള്ളൂ.
“നന്ദേട്ടാ നമ്മൾ ഈ വീട്ടിലേക്ക് കയറുന്നത് അവർ കണ്ടിട്ടാണ് അവർ അടുത്തേക്ക് വരാത്തതെങ്കിലോ. അങ്ങനെയാണെങ്കിൽ നമ്മൾ ഇപ്പോഴും അവരുടെ വീക്ഷണത്തിൽ തന്നെയാണ് എന്നല്ലേ അർത്ഥം.”
“അതെ എന്തായാലും ഒന്ന് രണ്ട് ദിവസത്തിനുള്ളിൽ തന്നെ അതിനുള്ള മറുപടിയും കിട്ടും എന്നാണ് എന്റെ വിശ്വാസം.”
അവർ അപ്പോഴേക്കും നേരത്തെ ഗേറ്റ് അടച്ച് ആളുള്ള മുറിയിലേക്ക് എത്തിയിരുന്നു. അരുൺ ഇത് ഉസ്മാൻ. നമ്മുളെ വേഷം മാറാൻ സഹായിക്കുക ഇദ്ദേഹമാണ്. ഇതിനു മുമ്പ് ഞാൻ അന്വേഷിച്ച പല കേസുകളിലും ഇദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. നിനക്ക് തൽക്കാലത്തേക്ക് ഇദ്ദേഹത്തിന്റെ ബൈക്കും ഉപയോഗിക്കാം.” നന്ദൻ മേനോൻ അരുണിനോടായി പറഞ്ഞതിനുശേഷം ഉസ്മാനോട് തുടർന്നു.
“ഇത് അരുൺ എന്റെ സഹപ്രവർത്തകരാണ്. ഇദ്ദേഹത്തിന്റെ പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയിലാണ് ഞാനിപ്പോൾ ജോലി ചെയ്യുന്നത്.”