സമയം കടന്നു പോയ്ക്കൊണ്ടിരുന്നു. ഗ്രാമ പ്രദേശങ്ങളും അങ്ങാടികളും വയലുകളും കൃഷിയിടങ്ങളും കടന്ന് അവരുടെ യാത്ര നീണ്ടു.
“അരുൺ ഇവിടെ നിന്ന് അങ്ങോട്ട് നാല് കിലോമീറ്ററോളം റോഡ് നീണ്ട് കിടക്കുകയാണ്. നമ്മളെ നിരീക്ഷിക്കാനായി ആരെങ്കിലും വരുന്നുണ്ടെങ്കിൽ ഇവിടെ നിന്ന് അവർ നമ്മുടെ കണ്ണിൽ പെടും. നമ്മൾ ഈ ചിന്തിക്കുന്നത് പോലെ അവരും ചിന്തിക്കുകയാണെങ്കിൽ, ഇനി അവർ നമ്മുടെ കണ്ണിൽ നിന്നും മറയാനായിരിക്കും ശ്രമിക്കുക.” നാലു മണിക്കൂർ നേരത്തെ യാത്രയ്ക്ക് ശേഷം നന്ദൻ മേനോൻ അരുണിനോട് പറഞ്ഞു.
” നന്ദന് ഈ സ്ഥലം മുമ്പ് പരിചയമുണ്ടോ. ഇത്ര കൃത്യമായി പറയുന്നത് കൊണ്ടാണ് എന്റെ സംശയം.”
“ഉണ്ട് എന്റെ അമ്മ വീട് ഇവിടെയാണ്. അതുകൊണ്ടു തന്നെ എന്റെ ബാല്യകാലത്തിന്റെ മുക്കാൽ പങ്കും ഇവിടെയായിരുന്നു. ഇവിടെ റോഡ് സൈഡിലായി എന്റെ ഒരു പഴയ സുഹൃത്തിന്റെ വീടുണ്ട്. ഞാൻ വിളിച്ചു പറഞ്ഞതു പ്രകാരം അവൻ വീടിന്റെ ഗേറ്റ് തുറന്നിട്ട് കാത്തിരിക്കുകയാണ്. ഞാൻ അതിനുള്ളിലേക്ക് കയറിയ ഉടൻ തന്നെ അവൻ ഗേറ്റ് ലോക്ക് ചെയ്യും. ഞാൻ പെട്ടെന്ന് തന്നെ വണ്ടിയുമായി വീടിന്റെ പുറക് വശത്തേക്ക് പോകും. ആ സമയം നീ വണ്ടിയിൽ നിന്നിറങ്ങി പിറകിൽ നിന്ന് വരുന്ന വാഹനങ്ങളെ നിരീക്ഷിക്കണം. നിനക്ക് നേരത്തെ സംശയംതോന്നിയ വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നുണ്ടോ എന്ന് അറിയാൻ ആണത്.”
“നന്ദേട്ടാ. അപ്പോൾ അവർ നമുക്ക് തൊട്ടുപിന്നിൽ ഉണ്ടെങ്കിൽ അവർ നമ്മളെ കാണില്ലേ.”
“തൊട്ടുപിന്നിൽ എന്തായാലും അവരിൽ എന്ന് ഉറപ്പല്ലേ മാത്രവുമല്ല നേരത്തെ സംശയം തോന്നിയ വണ്ടികളൊന്നും ഇപ്പോൾ ഈ പരിസരത്ത് പോലും കാണാനില്ലെന്നും നീ തന്നെയാണ് പറഞ്ഞത് അതവർ നമ്മൾ കാണും എന്ന് ഭയപ്പെട്ട് തന്നെയാണ് അതുകൊണ്ട് നമ്മളുടെ കണ്ണെത്താത്ത ഒരു അകലം അവർ പാലിക്കും ആ സമയമാണ് ഇനി നമുക്ക് മുന്നിലുള്ളത്.”
“ഒക്കെ നന്ദേട്ടാ. വീടിനകത്തേക്ക് ബൊലേറോ കടക്കുമ്പോൾ തന്നെ എന്തായാലും വാഹനം സ്പീഡ് കുറയും ആ തക്കത്തിന് ഞാൻ ചാടിയിറങ്ങിക്കോളാം. അതിനായി നന്ദേട്ടൻ വണ്ടി നിർത്തി തരേണ്ട ആവശ്യമില്ല.”
“യെസ് അരുൺ. നമ്മുടെ മുന്നിലുള്ള സമയത്തിന്റെ പ്രാധാന്യം നീ മനസ്സിലാക്കിയെന്ന് തോന്നുന്നു.”
മറുപടിയായി അരുൺ ഒന്നു പുഞ്ചിരിച്ചു അതേയുള്ളൂ.