“ഓകെ അരുൺ നമുക്ക് പെട്ടന്ന് തന്നെ ഇറങ്ങാം. ഞാൻ വേഗം എന്റെ റൂമിൽ പോയി അത്യാവശ്യമുള്ള സാധനങ്ങൾ പാക്ക് ചെയ്ത് ഉടനെ വരാം. നീയും നിനക്ക് ആവശ്യമുള്ള സാധനങ്ങളുമായി എത്രയും പെട്ടെന്ന് എത്തിച്ചേരണം. അതുകഴിഞ്ഞ് പെട്ടെന്ന് തന്നെ നമുക്ക് പോകാം”
“നന്ദേട്ടന്റെ മനസ്സിൽ വ്യക്തമായ ഒരു പ്ലാൻ ഉണ്ടെന്നു തോന്നുന്നു.”
“ഉണ്ട്. നമ്മളെ നിരീക്ഷിക്കുന്നവരെ നമ്മൾ കാണരുതെന്ന് അവർക്ക് നിർബന്ധമുണ്ടാകും. അവരെ നമ്മൾ കാണുന്ന ഒരു സാഹചര്യം ഉണ്ടാക്കിയാൽ അവർ നമ്മളിൽ നിന്നും മറഞ്ഞു നിൽക്കും. അങ്ങനെ അവർ ഒളി ച്ചു നിൽക്കുന്ന സമയമാണ് നമ്മൾ ഒളിക്കാൻ ഉപയോഗിക്കുന്നത്.”
“ഇങ്ങനെ പറഞ്ഞപ്പോൾ എനിക്ക് കാര്യമായി ഒന്നും മനസ്സിലായില്ല. എന്നാലും കുഴപ്പമില്ല നന്ദേട്ടൻ പെട്ടെന്ന് പോയി വരൂ. ഞാൻ ഇവിടെത്തന്നെ ഉണ്ടാവും.”
നന്ദൻ മേനോൻ അര മണിക്കൂർ കൊണ്ട് തന്നെ തിരിച്ചുവന്നു. അപ്പോഴേക്കും തോൾ ബാഗിൽ അത്യാവശ്യ സാധനങ്ങളുമായി അരുണും റെഡിയായിരുന്നു.
അവരിരുവരും ബൊലേറോയിൽ കയറി. നന്ദൻ മേനോൻ തന്നെയാണ് ഡ്രൈവ് ചെയ്തത്.
“നന്ദേട്ടാ എനിക്ക് നിങ്ങളുടെ പ്ലാൻ എന്താണെന്ന് മനസ്സിലായിട്ടില്ല. ഒന്ന് വിശദീകരിക്കുകയാണെങ്കിൽ നന്നായിരുന്നു.” യാത്ര തുടങ്ങിയ ശേഷം അവർക്കിടയിൽ ഉടലെടുത്തിരുന്ന മൗനത്തെ അരുൺ തന്നെയാണ് അവസാനിപ്പിച്ചത്
“അതേതായാലും നിന്നോട് പറയാനുള്ള സമയം ഇപ്പോൾ ആയിട്ടുണ്ട്. നമുക്കു പിറകിൽ വരുന്ന വാഹനങ്ങളെ നീ നിരീക്ഷിക്കണം. നമ്മൾ പല വഴികളിലൂടെ കറങ്ങിയാണ് യാത്ര ചെയ്യുക. ആ വഴികളിലൂടെയെല്ലാം നമ്മളെ നിരീക്ഷിക്കുന്ന ഏതെങ്കിലും വാഹനം ഉണ്ടെങ്കിൽ അവരിൽ നിന്നാണ് നാം മറഞ്ഞു നിൽക്കേണ്ടത്.”
“ഇപ്പോൾ മനസ്സിലായി നന്ദേട്ടാ. നമ്മൾ അവരെ കണ്ടുപിടിക്കാനാണ് ഈ യാത്രയെന്ന് അവർക്ക് തോന്നുന്ന നിമിഷം അവർ നമ്മളിൽ നിന്നും മാറയാൻ ശ്രമിക്കും അതാണല്ലേ നിങ്ങളുദ്ദേശിച്ചത്.”
“അതെ അത് ഇപ്പോഴെങ്കിലും നിനക്ക് മനസ്സിലായില്ലോ. ആ സമയത്ത് ഒന്നുകിൽ നമുക്ക് അവരെ മനസ്സിലാക്കാം. അല്ലെങ്കിൽ ആ സമയം നമുക്ക് സ്വയം പൊളിക്കാൻ ആയി ഉപയോഗിക്കാം.” ഒരു പുഞ്ചിരിയോടെആയിരുന്നു നന്ദൻ മേനോൻ മറുപടി.
“മനസ്സിലായി നന്ദേട്ടാ. നന്ദേട്ടൻ വണ്ടിയോടിക്ക്. ഞാൻ പുറകിൽ നിന്ന് വരുന്ന വാഹനങ്ങളെ നിരീക്ഷിക്കാം.”
നന്ദൻ മേനോൻ തൊട്ടു മുന്നിൽ കണ്ട് പെട്രോൾപമ്പിലേക്ക് വണ്ടികയറ്റി. ഊഴമനുസരിച്ച് അവർ പെട്രോൾ ബങ്കിനരികിലേക്കെത്തി. ഫുൾടാങ്ക് ഡീസൽ അടിച്ച ശേഷം അവർ യാത്ര തുടർന്നു.