“അരുൺ അവർ നമ്മളെ വല്ലാതെ ഭയക്കുന്നുണ്ട്. അത് കൊണ്ടാണ് നമ്മളെ ഭയപ്പെടുത്താൻ അവർ ശ്രമിക്കുന്നത്. ഇപ്പോൾ നമ്മൾ ഭയപ്പെട്ട് പിന്മാറിയാൽ അതവരുടെ ജയമായിരിക്കും. ഇനിയുള്ള നമ്മുടെ പ്രവർത്തനങ്ങൾ എങ്ങനെ വേണമെന്ന് പ്ലാൻ ചെയ്തിട്ടാവണം ഇന്ന് നമ്മൾ ഇവിടെ നിന്നിറങ്ങുന്നത്.”
“അതേ നന്ദേട്ടൻ പറഞ്ഞതിലും കാര്യമില്ലാതില്ല. എന്ത് ചെയ്യാനാണ് നന്ദേട്ടന്റെ തിരുമാനം അത് പറയൂ.”
“പ്രിൻസിപ്പാൾ, രശ്മിയുടെ രണ്ടാനമ്മ, രശ്മിയുടെ കൂട്ടുകാരികളായ രേഷ്മയും പ്രിയയും ഇത്രയും പേരാണ് ഇപ്പോൾ നമ്മൾ സംശയിക്കുന്നവർ. അതിൽ രശ്മിയെയും പ്രിയയേയുമാണ് കൂടുതൽ സംശയമുള്ളവർ അവരെ തമ്മിൽ കണക്ട് ചെയ്യുന്ന തെളിവുകൾ നമുക്കിത് വരെ കിട്ടിയിട്ടില്ല.”
“അവരെ തമ്മിൽ കണക്ട് ചെയ്യണമെന്ന് നിങ്ങൾക്കെന്താ ഇത്ര നിർബന്ധം.രണ്ടാനമ്മയുടെ പെരുമാറ്റത്തിനുള്ള കാരണം സ്വന്തം മകളല്ലാത്തത് കൊണ്ടാവാം. പ്രിൻസിപ്പാളിന്റെ പെരുമാറ്റം കോളേജ് മാനേജ്മെന്റിന്റെ സമ്മർദ്ദം മൂലമാവാം. പക്ഷേ കൂട്ടുകാരികൾ നുണ പറയാനുള്ള കാരണം മനസ്സിലാവുന്നില്ല.”
“കാരണം കണ്ടെത്തുന്നവർക്ക് അതിനും കാരണം കണ്ടെത്താം. രശ്മിയും ആ കൂട്ടുകാരികളും തമ്മിലുള്ള എന്തെങ്കിലും സൗന്ദര്യ പിണക്കം കൊണ്ടാണെങ്കിലോ. നമ്മൾ വിവരങ്ങൾ ശേഖരിച്ചത് അവർ സത്യം പറഞ്ഞതാവണമെന്നില്ലല്ലോ.”
“അരുൺ നമുക്ക് രാജനെ ഇടിച്ച ആ ലോറി ഒന്ന് തിരഞ്ഞ് പോയാലോ.? എന്തെങ്കിലും തെളിവ് കിട്ടുമെന്ന് തന്നെ എന്റെ മനസ് പറയുന്നു.”
“അപ്പോൾ നമ്മളെ പിന്തുടരുന്നവരിൽ നിന്ന് മറഞ്ഞിരിക്കണ്ട എന്നാണോ പറയുന്നത്.” സംശയത്തോടെ ആയിരുന്നു അരുണിന്റെ ചോദ്യം.
“അല്ല മറയുന്നത് അവരുടെ കണ്ണിൽ നിന്ന് മാത്രം. അവരെ കണ്ടെത്താൻ അതേ വഴിയുള്ളു എന്ന് തോന്നുന്നു. കൂട്ടത്തിൽ ഒരാളെ കിട്ടിയാൽ മതി. ബാക്കിയുള്ളവരെ അവനിലൂടെ കണ്ടെത്താം. പിന്നെ നമ്മുടെ കണ്ടെത്തലുകൾ പോലീസിനെ അറിയിക്കണോ.”
“തൽകാലം അത് വേണ്ടെന്നാണ് എസ് പി ഷാഹുൽ ഹമീദ് പറഞ്ഞത്. പോലീസിന്റെ സഹായം അത്യാവശ്യമെങ്കിൽ അദ്ദേഹത്തെ വിളിക്കാനും പറഞ്ഞിട്ടുണ്ട്. നമുക്ക് ആ ലോറിയെ കുറിച്ച് അന്വേഷിച്ചാലോ.? അതാകുമ്പോൾ ചെറിയ സ്ഥലത്തൊന്നും ഒളിപ്പിക്കാൻ പറ്റില്ലല്ലോ വർക്ക് ഷോപ്പുകളിലും പൊളിമാർക്കറ്റുകളിലും അന്വേഷിച്ചാൽ എന്തെങ്കിലും വിവരം കിട്ടാതിരിക്കില്ല.”
“അതേ അത് നല്ലൊരാശയമാണ്. പക്ഷേ പ്രതികളുടെ കണ്ണിൽ നിന്ന് മറഞ്ഞ ശേഷം മതി അതെല്ലാം അവർ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരുന്നാൽ. നമ്മൾ കണ്ടെത്തുന്ന തെളിവുകൾ അവർ നശിപ്പിച്ചു കൊണ്ടിരിക്കും. അതിനുള്ള ഇടകൊടുക്കരുത്.”
“ഇല്ല നമുക്കെത്രയും പെട്ടന്ന് തന്നെ ഇവിടെ നിന്നിറങ്ങണം. നമുക്കൊരു ദീർഘദൂര യാത്ര നടത്താം. ഏത് വണ്ടിയാണ് നമ്മുടെ പിന്നാലെ വരുന്നത് എന്നപ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയും.”