“വണ്ടി പോയാൽ പിന്നെ വണ്ടിക്ക് എന്ത് ചെയ്യും.വാഹനം നമുക്ക് അത്യാവശ്യമാണെന്നറിയാമല്ലോ.”
“അതിനെന്തെങ്കിലും വഴി നമുക്ക് കാണാം. പോകുന്നതിന് മുമ്പ് നമ്മുടെ ജോയി ചേട്ടനെ നമുക്കൊന്നു കൂടി കാണണം. നമുക്ക് കിട്ടിയ കടലാസ് ആരാണിവിടെ കൊണ്ടിട്ടതെന്ന് അറിയണം.”
“എങ്കിൽ നമുക്ക് അങ്ങോട്ട് നീങ്ങാം.” അരുൺ കസാരയിൽ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടന്നു. നന്ദൻ മേനോൻ അവനെ അനുഗമിച്ചു.
”ജോയിച്ചേട്ടാ ഉറങ്ങാറായോ.” സെക്യൂരിറ്റിക്കാരന്റെ മുറിക്ക് മുന്നിലെത്തിയ അരുൺ മൊബൈലിൽ വോയ്സ് റെക്കോർഡർ ഓൺ ചെയ്ത് കൊണ്ട് ചോദിച്ചു. രാത്രിയിലെ ജോലി കഴിഞ്ഞാൽ പകലാണ് അയാൾ ഉറങ്ങാറുള്ളത്. അത് അറിയുന്നതിനാലാണ് അവൻ അങ്ങനെ ചോദിച്ചത്. ആ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു.
“ഇല്ല ഉറങ്ങാനുള്ള ഒരുക്കമായിരുന്നു. നിങ്ങളെന്താ വന്നത്. ഇതാരാ പുതിയ ഒരാൾ.” മുറിയുടെ വാതിൽ തുറന്ന് പുറത്തിറങ്ങിയ ജോയി നന്ദൻ മേനോനെ കണ്ടപ്പോൾ ചോദിച്ചു.
” ഇത് നന്ദൻ മേനോൻ എന്റെ സഹപ്രവർത്തകനാണ്. ഇന്നലെ രാത്രി ഇവിടെ ആരെങ്കിലും വന്നിരുന്നോ എന്നറിയാനാണ് ജോയിച്ചേട്ടാ ഞാൻ വന്നത്..”
“ഉവ്വ് മുമ്പ് ഞാൻ പറഞ്ഞില്ലെ രണ്ട് പേർ വന്നത് അവർ തന്നെയായിരുന്നു വന്നത് വന്നപ്പോൾ കുറച്ച് നേരം വൈകി ഏകദേശം പത്ത് മണി കഴിഞ്ഞിട്ടുണ്ടാവും. അവർപെട്ടന്ന് തന്നെ മടങ്ങുകയും ചെയ്തു.”
“അവർ തന്നെയാണെന്ന് ഉറപ്പാണോ.”
“അതേ മുമ്പ് വന്നവരാണ് എന്താ സാറേ എന്തെങ്കിലും പ്രശ്നമുണ്ടോ. അവർ കുഴപ്പക്കാരാണോ.?” ഭീതിയോടെയായിരുന്നു അയാളുടെ ചോദ്യം.
“അതേ അവർ ചെറിയ കുഴപ്പകാരാണ്. പക്ഷേ ജോയി ചേട്ടൻ പേടിക്കേണ്ട കാര്യമൊന്നുമില്ല. എങ്കിൽ ഞങ്ങൾ പോയിട്ട് പിന്നെ വരാം.” അരുൺ അയാളോട് യാത്ര പറഞ്ഞു.
“അവരിനിയും വന്നാൽ എന്താണ് സാർ ഞാൻ ചെയ്യേണ്ടത്.? പോലീസിലിറയിക്കണോ.? അതോ നിങ്ങളെ അറിയിച്ചാൽ മതിയോ.?” പേടിയോടെയായിരുന്നു അയാളുടെ ചോദ്യങ്ങൾ.
“അവരിനി വരികയാണെങ്കിൽ എന്നെ അറിയിച്ചാൽ മതി. അത് അവർ അറിയുകയും ചെയ്യരുത്.” ഉപദേശ രൂപേണ അരുൺ പറഞ്ഞു.
“ശരി സാർ.” അയാൾ മറുപടി നൽകി. അരുണും നന്ദൻ മേനോനും തങ്ങളുടെ ഓഫീസിലേക്ക് മടങ്ങി.