“അതൊക്കെ രാത്രി തന്നെ കഴിഞ്ഞു. കുറച്ച് മുമ്പ് വരെ പോലീസ് ഇവിടെ ഉണ്ടായിരുന്നു. കുറച്ച് മുമ്പാണ് അവർ പോയത്.”
അരുൺ തന്റെ നോട്ടം നിലത്തേക്ക് മാറ്റി. നിലത്ത് ബോഡി കിടന്ന സ്ഥലം മാർക്ക് ചെയ്തതവൻ കണ്ടു. അതിനടുത്ത് കറുത്തനിറത്തിൽ കട്ട പിടിച്ചു കിടക്കുന്നത് രാജന്റ രക്തമാവാം എന്ന് അവന് തോന്നി.
പോക്കറ്റിൽ നിന്നും ഫോണെടുത്ത്, ബോഡി കിടന്ന സ്ഥലം പോലീസ് മാർക്ക് ചെയ്തതിന്റെയും കട്ട പിടിച്ച രക്തത്തിന്റെയും ഇടിഞ്ഞു പൊളിഞ്ഞ കടയുടെയും ചിത്രങ്ങൾ അവൻ പകർത്തി.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
“നന്ദൻ ഇനിയിത് വെച്ച് താമസിപ്പിക്കാൻ പറ്റില്ല. ഇപ്പോൾ നമ്മൾ തെളിവു ശേഖരിച്ചെന്ന് കണ്ടപ്പോൾ ആ മനുഷ്യനെ തന്നെ കൊലപ്പെടുത്തി. എത്രയും പെട്ടന്ന് പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ചേ മതിയാവൂ.”
രാജന്റെ കടയിൽ നിന്നും അവർ അയാളുടെ ബോഡി കാണാൻ പോയി. അതിനു ശേഷം ഓഫീസിൽ എത്തിയതിന് ശേഷമാണ് അരുൺ നന്ദൻ മേനോനോടായി അങ്ങനെ പറഞ്ഞത്.
“നീ എന്താണ് അരുൺ ഉദ്ദേശിക്കുന്നത്. ഒരു സൂചന പോലും ലഭിക്കാത്ത ആ കൊലയാളികളെ എങ്ങനെ കണ്ടെത്താനാണ്. കണ്ടെത്തിയെങ്കിൽ അവരുടെ ആസൂത്രണങ്ങൾ തടയാൻ നോക്കാമായിരുന്നു.”
“നന്ദേട്ടാ ഒരു തുറന്ന യുദ്ധം തന്നെയാണ് ഞാനുദ്ദേശിച്ചത്. എത്രയും പെട്ടന്ന് ഈ പ്രതികളെ കീഴ്പെടുത്തിയേ മതിയാവൂ. ഇനിയൊരു മരണം കൂടി ഇതിന്റെ പേരിൽ നടക്കാൻ പാടില്ല.”
“ഇതൊക്കെ എന്റെയും ആഗ്രഹമാണ്. ഇതിൽ നിന്ന് എനിക്ക് മനസ്സിലായ വിവരം പറയട്ടേ അരുൺ. നമ്മൾ ഇപ്പോഴും ശരിയായ ദിശയിലാണ്. അത് കൊണ്ടാണ് അവർ നമ്മുടെ അന്വേഷണം മുടക്കാൻ ശ്രമിക്കുന്നത്.”
“അതെനിക്ക് മനസ്സിലായി നന്ദേട്ടാ. പക്ഷേ അത് കൊണ്ട് മാത്രം കാര്യമില്ലല്ലോ. അവർ നമ്മളെ കണ്ട് കൊണ്ടിരിക്കുകയാണ് എന്നാൽ അതാരാണെന്ന് നമുക്കിതുവരെയും കണ്ടെത്താനായിട്ടില്ല അതാണ് ഇപ്പേഴത്തെ പ്രശ്നം.”
“അരുൺ നമ്മുടെ മുന്നിലിനി ഒരു മാർഗ്ഗമേയുള്ളു. അവർ നമ്മളിൽ നിന്ന് മറഞ്ഞ് നിൽക്കുന്നത് പോലെ അവരിൽ നിന്ന് നമ്മളും മറഞ്ഞ് നിൽക്കുക. നമ്മൾ മറഞ്ഞ് നിൽക്കുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. എന്താ കാരണമെന്നറിയാമോ.?”
“അറിയാം നന്ദേട്ടാ ഒന്നാമത്തെ കാരണം നമ്മളെ അവർക്കറിയാം. രണ്ടാമത്തെ കാരണം നമുക്കവരെ അറിയില്ല. നമുക്കൊന്ന് അവരുടെ കണ്ണ് വെട്ടിക്കാൻ ശ്രമിച്ചാലോ.?”
“ഓകെ അരുൺ പിന്നെ നമുക്ക് വണ്ടിയും ഒന്ന് മാറ്റേണ്ടി വരും. കാരണം ഈ വണ്ടിയും നമ്പറും അവരുടെ കയ്യിലുണ്ടാവും.”