അരുണിനെ ഒന്ന് നോക്കിയ ശേഷം നന്ദൻ അത് വാങ്ങി. അയാളുടെ മിഴികൾ അതിലൂടെ അരിച്ചിറങ്ങിയപ്പോൾ മിഴികളിൽ ഒരു നെടുക്കം തെളിഞ്ഞു. “അരുൺ ഇതിൽ പറയുന്നത് സത്യമാണോ.? രാജൻ മരണപ്പെട്ടോ.?” ഭീതിയോടെയായിരുന്നു അയാളുടെ ചോദ്യം.
“അറിയില്ല. അതൊന്ന് അറിയാൻ വേണ്ടിയാണ് അവിടെ വരെ ഒന്ന് പോവാമെന്ന് പറഞ്ഞത്. അല്ലാതെ നന്ദേട്ടന്റെ അന്വേഷണം മോശമായത് കൊണ്ടല്ല.” അരുൺ വിശദീകരിച്ചു.
“എങ്കിൽ നമുക്ക് അതികം സമയം കളയണ്ട അരുൺ. വേഗം പോയിട്ടു വരാം.” നന്ദൻ മേനോൻ കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് അരുണിനോട് പറഞ്ഞു.
“അതേ നന്ദേട്ടാ. പോവാനായി ഞാൻ നന്ദേട്ടനെ കാത്തിരിക്കുകയായിരുന്നു. പക്ഷേ പോവുന്നതിന് മുമ്പ് ഇന്നലെത്തെ നിങ്ങൾ പോയ കാര്യത്തിന്റെ റിസൾട്ട് എന്താണെന്ന് എനിക്കറിയണമായിരുന്നു. അതിനാണ് ഞാൻ കാത്തിരുന്നത്.” അരുൺ കസാരയിൽ നിന്നെഴുന്നേറ്റ് കൊണ്ട് മറുപടി നൽകി.
അര മണിക്കൂർ കൊണ്ട് അരുണും നന്ദൻ മേനോനും കയറിയ ബൊലേറോ രാജന്റെ കടയുടെ സമീപത്തെത്തി. അവിടെ അപ്പോഴും ഒരാൾക്കൂട്ടമുണ്ടായിരുന്നു. മറ്റുള്ള വാഹനങ്ങൾക്ക് ശല്യമില്ലാത്ത രീതിയിൽ നന്ദൻ മേനോൻ തങ്ങൾ വന്ന വാഹനം നിർത്തി.
അതിൽ നിന്നും ഇറങ്ങിയ അരുൺ ആളുകൾക്കിടയിലൂടെ തിക്കി തിരക്കി കടയുടെ സമീപത്തെത്തി. ഒരു ലോറി പോലുള്ള വാഹനം ഇടിച്ച് ആ കെട്ടിടം തകർന്നിരിക്കുന്നത് അവൻ കണ്ടു.
“ചേട്ടാ എന്താ സംഭവം. ഇതെന്ത് പറ്റിയതാ.” തൊട്ടടുത്ത് നിന്നയാളോടായി അരുൺ ചോദിച്ചു.
“ഇന്നലെ രാത്രി ഒരു ലോറി നിയന്ത്രണം വിട്ട് ഇടിച്ചതാണെന്നാണ് പറഞ്ഞ് കേട്ടത്. രാത്രിയായത കൊണ്ട് ആളുകൾ കൂടാൻ സമയമെടുത്തു. ആ തക്കത്തിന് ലോറിയും ലോറിക്കാരനും രക്ഷപ്പെട്ടു.”
“അപ്പോൾ ആളപായ മൊന്നുമില്ലല്ലോ അല്ലേ.” ആശ്വാസത്തോടെയായിരുന്നു. അരുണിന്റെ ചോദ്യം.
“ഉണ്ട് രാത്രി രാജേട്ടൻ കട അടക്കുന്നതിന് മുമ്പായിരുന്നു സംഭവം. കടയടക്കാനായി പുറത്തുള്ള സാധനങ്ങൾ കടക്കകത്തേക് വെക്കാനായി ഇറങ്ങിയ രാജേട്ടനെയാണ് വണ്ടി ഇടിച്ചത്. അദ്ദേഹം അപ്പോൾ തന്നെ മരണപ്പെട്ടു.”
“അപ്പോൾ പോലീസ് ഇൻക്വസ്റ്റ് കഴിഞ്ഞോ അവരെ കണ്ടില്ലല്ലോ.”