അയാളുടെ മറുപടി അരുണിന് തൃപ്തികരമായിരുന്നു. അയാളുടെ മറുപടി കേട്ടപ്പോൾ അരുണിന് അയാളോട് ഒരു ആദരവ് തോന്നി. കടക്കാരനിൽ നിന്നും അവിടെനിന്ന് സാധനങ്ങൾ വാങ്ങുന്ന വർക്ക് ഷോപ്പ് ഉടമകളുടെ പേരും ഫോൺ നമ്പറും അവൻ എഴുതിയെടുത്തു. അതിനുശേഷം അവൻ സൂത്രത്തിൽ തൊട്ടടുത്തുള്ള ലോറിയുടെ പുള്ളി മാർക്കറ്റുകളെ കുറിച്ച് അന്വേഷിക്കുകയും അവയുടെ അഡ്രസ്സ് അയാളിൽനിന്ന് സംഘടിപ്പിക്കുകയും ചെയ്തു.
കടക്കാരനിൽ നിന്നും നിന്നും ലഭിച്ച വിവരങ്ങൾക്ക് അയാളോട് നന്ദിപറഞ്ഞുകൊണ്ട് അരുൺ അവിടെ നിന്നും ഇറങ്ങി. ഒരു പൊളി മാർക്കറ്റ് കോഴിക്കോടും മറ്റൊന്ന് പൊള്ളാച്ചിയിലും ആയിരുന്നു. ആദ്യം കോഴിക്കോട് പൊളിമാർക്കറ്റിൽ പോകാമെന്ന തീരുമാനത്തോടെ അരുൺ ബൈക്ക് മുന്നോട്ടെടുത്തു.
ഏകദേശം ഒരു മണിക്കൂർ സമയം കൊണ്ട് അരുൺ കോഴിക്കോട് എത്തി. രണ്ടു മണിക്കൂറോളം സമയം എടുത്തു അവൻ ആ ലോറിയെ കുറിച്ച് അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. വൈകുന്നേരത്തോടെ അവൻ പൊള്ളാച്ചിയിലേക്ക് തിരിച്ചു.
വഴിയിലെ ട്രാഫിക് ബ്ലോക്ക് മൂലം അവൻ പൊള്ളാച്ചിയിൽ എത്തിയപ്പോഴേക്കും നേരം ഒരുപാട് വൈകിയിരുന്നു. തിരച്ചിൽ നാളെയാകാം എന്ന് കരുതി അരുൺ ഒരു ഹോട്ടലിൽ മുറിയെടുത്തു. കുളിച്ച് ഭക്ഷണം കഴിച്ച് ശേഷം അവൻ ഉറങ്ങാൻ തയ്യാറെടുത്തു.
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു ഒരു കട്ടൻ ചായ കുടിച്ച ശേഷം തിരച്ചിൽ ആരംഭിച്ചുവെങ്കിലും മാർക്കറ്റുകൾ തുറക്കാൻ ഒമ്പത് മണിയെങ്കിലും ആകും എന്നായിരുന്നു കിട്ടിയ മറുപടി. അവൻ ആ സമയം ആവാനുള്ള കാത്തിരിപ്പ് തുടങ്ങി.
ഒമ്പതരയോടെ കൂടി അരുൺ പ്രഭാത ഭക്ഷണം കഴിച്ചശേഷം വീണ്ടും പൊളിമാർക്കറ്റിലെത്തി. പൊളിച്ചിട്ട വാഹനങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ഒരു പയ്യൻ അരുണിനെ സമീപിച്ചു. “എന്നാ വേണം ശാർ.” അവൻ അരുണിനോടായി ചോദിച്ചു.
നിന്റെ മുതലാളിയെ ഒന്ന് കാണണം”അരുൺ ആ പയ്യന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു. അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ താൻ പറഞ്ഞ കാര്യം അവന് വ്യക്തമായില്ല എന്ന് മനസ്സിലായി. “എനക്ക് ഉന്നൂടെ മുതലാളിയെ പാക്കണം.” അരുൺ തനിക്ക് അറിയാവുന്ന തമിഴിൽ അവന് മനസ്സിലാക്കാൻ വേണ്ടി ഒന്നുകൂടി പറഞ്ഞു.
“വാങ്കോ ശാർ.” അവൻ വാഹനപ്രേതങ്ങൾക്കിടയിലൂടെ ഗോഡൗൺ ലക്ഷ്യമാക്കി നടന്നു. അരുൺ അവനെ അനുഗമിച്ചു.
“ശാർ നീങ്കെ ഇങ്കെ നില്ല് നാ ഇപ്പോ വറേൻ.” ഗോഡൗണിന് മുന്നിലെത്തിയപ്പോൾ ആ പയ്യൻ അരുണിനോട് പറഞ്ഞു. അരുൺ പതിയെ തലകുലുക്കി. പയ്യൻ അതിനകത്തേക്ക് കയറുന്നത് അരുൺ കണ്ടു.
“അയ്യാ.. അയ്യാവെ പാക്റത്ക്കാകെ കേരളാവിൽ നിന്ത് യാരോ വന്തിരുക്ക്.” പയ്യന്റെ ശബ്ദം അതിനുള്ളിൽ നിന്നും അരുൺ കേട്ടു.