“വേണ്ട അരുൺ. അതപകടമാണ്. കാരണം ഒരു യാചകൻ ഒരു ബൈക്കിനു പിറകിലിരുന്ന് വരുന്നത് ഒരു പക്ഷേ നമ്മുടെ ശത്രുക്കൾക്ക് സംശയത്തിനുള്ള ഇട നൽക്കുന്നതാണ്. നമ്മളാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും ഒരു സംശയത്തോടെ അവർ നമ്മെ നിരീക്ഷിക്കും. അത് കൊണ്ട് ഞാൻ ബസ്സിൽ പോവാം. നീ രാജന്റെ കട ഇടിച്ചു തകർത്ത ലോറി അന്വേഷിക്ക്.”
“ഓകെ.”
”ഉസ്മാനിക്കാ പുറകിലെ ഷെഡ്ഢിലെ ബൈക്കിന്റെ താക്കോൽ ഇവന് കൊടുത്തേക്കൂ. അവൻ പോയതിനു ശേഷമേ ഞാൻ പോകുന്നുള്ളു.” നന്ദൻ മേനോൻ ഉസ്മാനോടായി പറഞ്ഞു.
“ശരി.” അയാൾ നന്ദൻ മേനോനോട് പറഞ്ഞു. ശേഷം അയാൾ അയാളുടെ റൂമിലേക്ക് നടന്നു.
തിരിച്ചു വരുമ്പോൾ അയാളുടെ കയ്യിൽ ഒരു താക്കോൽ കൂട്ടമുണ്ടായിരുന്നു. അതയാൾ അരുണിന് കൈമാറി.
“ഒരു പാട് പഴയ വണ്ടിയാണ്. തുടക്കത്തിൽ ഒരിത്തിരി പ്രയാസമുണ്ടാവും തഴക്കമായാൽ പിന്നെ പ്രശ്നമുണ്ടാവില്ല.” അയാൾ അരുണിനോട് പറഞ്ഞു
“എങ്കിൽ നന്ദേട്ടാ, ഉസ്മാനിക്കാ ഞാനിറങ്ങുകയാണ്. പ്രാർത്ഥിക്കണം എനിക്ക് വേണ്ടി.” അവരിരുവരോടുമായി അങ്ങനെ പറഞ്ഞ ശേഷം അരുൺ താക്കോലുമായി പുറത്തേക്കിറങ്ങി.
അവൻ വീടിന് വലം വെച്ച് ബൊലേറോ നിർത്തിയിട്ടതിനരികിൽ എത്തി. ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോൾ മറ്റൊരു സൈഡിൽ നിർത്തിയിട്ട രാജദൂത് ബൈക്ക് അവന്റെ ശ്രദ്ധയിൽ പെട്ടു.
അവൻ അതിൽ കയറി.അഞ്ചാറ് തവണ ശ്രമിക്കേണ്ടി വന്നു ഒന്ന് സ്റ്റാർട്ടായി കിട്ടാൻ അവനത് സ്റ്റാർട്ട് ആയതിനു ശേഷം ബൈക്കിൽ കൊളുത്തി വെച്ചിരുന്ന ഹെൽമെറ്റെടുത്ത് തലയിൽ വെച്ചു. അവൻ ഗിയർ ചെയ്ഞ്ച് ചെയ്ത് ബൈക്ക് മുമ്പോട്ടെടുത്തു.
അന്വേഷണം എവിടെ നിന്ന് തുടങ്ങണമെന്നായിരുന്നു ബൈക്കോടിക്കുമ്പോൾ അരുണിന്റെ മനസ്സിനെ അലട്ടിയിരുന്ന ചിന്ത. വഴിയിൽ കാണുന്ന വർക്ക്ഷോപ്പുകളിലെല്ലാം കയറിയിറങ്ങാം എന്ന തീരുമാനത്തിലാണ് അതവനെ എത്തിച്ചത്.
അവൻ വഴിയിൽ കണ്ട ലോറി വർക്ക്‌ഷോപ്പുകളിലെല്ലാം കയറിയിറങ്ങി. ആറാമത്തെ വർക്ക്ഷോപ്പിൽ കയറിയപ്പോൾ അവിടെ നന്നാക്കാനായി നിർത്തിയിട്ടിരിക്കുന്ന ഒരു ലോറി കണ്ടു. അവൻ അത് നോക്കിക്കൊണ്ട് അതിനു ചുറ്റും നടക്കാൻ തുടങ്ങി.
“ആരാ അവിടെ.? എന്താ കാര്യം.?” പെട്ടന്നാണ് ആ ചോദ്യങ്ങൾ അരുണിന്റെ കാതിൽ മുഴങ്ങിയത്. അവൻ ശബ്ദം കേട്ട ദിക്കിലേക്ക് തിരിഞ്ഞു നോക്കി. വർക്ക്ഷോപ്പിലെ ജോലിക്കാരനാണ്.