“ശരി മോനേ. മേന് നല്ലതേ വരൂ. ഞാനിപ്പൊ തന്നെ അവൾക്ക് ഫോൺ കൊടുക്കാം.” അയാൾ അങ്ങനെ പറഞ്ഞ് കൊണ്ട് ഡൈനിംഗ് ഹാളിൽ നിന്നും മുകളിലേക്കുള്ള കോണി കയറി ചന്ദ്രികയുടെ റൂമിന് പുറത്തെത്തി.
അയാൾ വാതിലിന്റെ ഹാന്റിലിൽ പിടിച്ച് തിരിച്ചപ്പോൾ വാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരിക്കുകയാണ് എന്നയാൾക്ക് മനസ്സിലായി. “തത്തേ വാതിൽ തുറക്ക് നിനക്കൊരു ഫോണുണ്ട്.” വാതിലിൽ പതിയെ മുട്ടിക്കൊണ്ട് അയാൾ പറഞ്ഞു.
ഫോണിന്റെ ഇങ്ങേ തലക്കൽ അരുണും കേട്ടു ആ വിളി. ‘തത്ത’ ആ പേരവൻ ഒരിക്കൽ കൂടി മനസ്സിൽ ഉരുവിട്ടു. ആ പേരിനോടെന്തോ വല്ലാത്ത ഇഷ്ടം തോന്നി അവനപ്പോൾ.
“മോളേ വാതിൽ തുറക്ക്. നിനക്കൊരു കോൾ വന്നിട്ടുണ്ട്.” വാതിലിൽ അൽപം ഉറക്കെ തട്ടിക്കൊണ്ട് അയാൾ വീണ്ടും ചന്ദ്രികയെ വിളിച്ചു.
അൽപസമയം കഴിഞ്ഞപ്പോൾ വാതിലിന്റെ ടവർ ബോൾട്ട് നീക്കുന്ന ശബ്ദം അയാളുടെ കാതിലെത്തി. വാതിൽ തുറന്ന ശേഷം അവൾ ഫോൺ വാങ്ങാനായി കൈകൾ പുറത്തേക്ക് നീട്ടി.
“ദാ… നിനക്കാണ്. നിന്റെ സംസാരം കഴിഞ്ഞ ശേഷം ഫോൺ അച്ചന് കൊണ്ട് വന്ന് തരണേ. അച്ചന് താഴെ കുറച്ച് പണി കൂടിയുണ്ട്.” തന്റെ മുമ്പിൽ വെച്ച് ചന്ദ്രികക്ക് ഫ്രീയായി സംസാരിക്കാൻ കഴിയില്ലെങ്കിലോ എന്നോർത്താണ് അയാൾ സ്വയം അവിടെ നിന്നെഴിഞ്ഞത്.
“ശരി അച്ചാ” അവൾ ഫോൺ വാങ്ങിയ ശേഷം വാതിൽ അടക്കുന്നതിന് മുമ്പായി അയാളോട് പറഞ്ഞു. വാതിലടച്ച് കഴിഞ്ഞ് കട്ടിലിൽ പോയി ഇരുന്നതിന് ശേഷമാണ് അവൾ ഫോൺ കാതോട് ചേർത്തത്.
“ഹലോ ആരാണ് സംസാരിക്കുന്നത്.” മറു വശത്തു നിന്ന് ശബ്ദമൊന്നും കേൾക്കാത്തതിനാൽ ചന്ദ്രിക ചോദിച്ചു.
“ഹലോ. എനിക്ക് സംസാരിക്കാൻനുള്ളത് മുഴുവൻ കേട്ടു കഴിയുന്നതിനു മുമ്പ് വെറുതെ ബഹളം വയ്ക്കരുത്. അത്രയും പ്രധാനപ്പെട്ട കാര്യങ്ങളാണ് എനിക്ക് തന്നോട് പറയാനുള്ളത്.” അരുൺ സൗമ്യനായി ചന്ദ്രികയോട് പറഞ്ഞു.
“ഹേയ് ഞാനെങ്ങനെ ബഹളം വയ്ക്കുന്ന ആളൊന്നുമല്ല. ഇത്ര വലിയൊരു ഇൻട്രൊഡക്ഷന് പകരം നിങ്ങൾ ആരാണെന്ന് ആദ്യമേ പറഞ്ഞാൽ അതായിരുന്നു നന്നാവുക എന്ന് തോന്നുന്നു.”
“ഓക്കേ. ഞാൻ അരുൺ. ഒരു പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർ ആണ്. ഇപ്പോൾ തന്റെ കൂട്ടുകാരി രശ്മി ചന്ദ്രനെ കാണാതായ കേസാണ് ഞാൻ അന്വേഷിക്കുന്നത് അതിന് സഹായകമാകുന്ന എന്തെങ്കിലും വിവരങ്ങൾ തന്റെ കയ്യിൽ നിന്ന് അറിയാൻ കഴിയുമോ എന്നറിയാനാണ് ഞാൻ ഇപ്പോൾ വിളിക്കുന്നത്.”
“ഓക്കേ സർ. എനിക്കറിയാവുന്ന വിവരങ്ങളെല്ലാം ഞാൻ നൽകാം.”
“ഒക്കെ താങ്ക്യൂ. പിന്നെ ഞാൻ തന്റെ അച്ഛനോട് പറഞ്ഞത് സൂര്യനാണ് എന്നാണ്. ഞാനുമായിട്ടുള്ള സംസാരം കഴിഞ്ഞു കഴിയുമ്പോൾ തന്റെ അച്ഛൻ തന്നോട് ചോദിക്കുക സൂര്യൻ എന്താണ് പറഞ്ഞത് എന്നായിരിക്കും. തന്നോട് കോളേജിലേക്ക് വരാൻ ആവശ്യപ്പെടാനാണ് ഞാൻ വിളിച്ചത് എന്നാണ് ഞാൻ നിന്റെ അച്ഛനോട് പറഞ്ഞത്. അത് കൊണ്ടാണ് ഈ വിവരം ഇപ്പോൾ തന്നോട് പറയുന്നത്.”
“ഓക്കേ സർ. ഞാൻ അത് മാനേജ് ചെയ്തോളാം.”