ഡിറ്റക്ടീവ് അരുൺ 4 [Yaser]

Posted by

“ശരി അരുൺ ഞാൻ പോയിട്ടു വരാം.” നന്ദൻ മേനോൻ ഓഫീസിനു പുറത്തേക്ക് നടന്നു.

നന്ദൻ മേനോൻ മുറി വിട്ട് പുറത്തേക്കിറങ്ങുന്നത് നോക്കിക്കൊണ്ട് അരുൺ കസാരയിലേക്ക് ചാരി മിഴികൾ അടച്ചു. വാതിൽ അടയുന്നതിന്റെ ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി. പതിയെ അവന്റെ മനസ്സിൽ ഒരു പെൺ കുട്ടിയുടെ മുഖം തെളിഞ്ഞു വന്നു.അത് ചന്ദ്രികയുടേതായിരുന്നു.

അവൻ വേഗം മൊബൈലെടുത്ത് രശ്മിയുടെ വീട്ടിൽ നിന്നെടുത്ത ഫോട്ടോകൾ പരിശോദിച്ചു. അപ്പോഴാണ് ഫോൺ നമ്പറുകൾ എഴുതിയ ഡയറിയുടെ ഫോട്ടോ അവന്റെ ശ്രദ്ധയിൽ പെട്ടത്.

അവന്റെ മിഴികൾ അതിലൂടെ അരിച്ചിറങ്ങി. ചന്ദ്രികയുടെ നമ്പറും അവന്റെ ശ്രദ്ധയിൽ പെട്ടു. വേഗം തന്നെ അവൻ മേശവലിപ്പ് തുറന്ന് പേനയും പേപ്പറും എടുത്ത് ആ നമ്പർ കടലാസിലേക്ക് പകർത്തി.

പേപ്പറിൽ നമ്പർ കുറിച്ചെടുത്ത ശേഷം ഗാലറിയിൽ നിന്നും പുറത്ത് കടന്ന അരുൺ ഡയൽ പാഡിൽ ആ നമ്പർ ഡയൽ ചെയ്യാൻ തുടങ്ങി. അവന്റെ വിരലുകളെ വിറയൽ ബാധിച്ചിരുന്നു.

അവൻ കോൾ ബട്ടണിൽ വിരലമർത്തിയ ശേഷം ഫോൺ ചെവിയിലേക്ക് ചേർത്ത് വെച്ചു. ബെൽ അടിക്കുന്ന ശബ്ദം കേൾക്കാൻ തുടങ്ങിയപ്പോൾ തന്നെ അരുണിന് ശരിരമാകെ തളരുന്നത് പോലെ തോന്നി.

“ഹലോ.” ഒരു പുരുഷ സ്വരമാണ് അരുണിന്റെ കാതിൽ മുഴങ്ങിയത്. അത് കൊണ്ട് തന്നെ അവന്റെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ ലഭിച്ചു.

“ഹലോ. ഇത് ചന്ദ്രികയുടെ ഫോൺ അല്ലേ.?” സംശയത്തോടെയായിരുന്നു അവന്റെ ചോദ്യം.

“അതേ അവളുടെ അച്ചനാണ് സംസാരിക്കുന്നത്. നിങ്ങൾ ആരാണ്. എന്റെ ഫോണിലെ ബാലൻസ് കഴിഞ്ഞപ്പോൾ അവളുടെ ഫോൺ തൽകാലത്തേക്ക് ഞാനൊന്നെടുത്തതാണ്.

അരുൺ ഒരു നിമിഷം ആലോചിച്ചു. എന്ത് പറയണം. പെട്ടന്നാണ് സൂര്യന്റെ മുഖം അവന്റെ മനസ്സിലേക്കെത്തിയത്. “ഞാൻ സൂര്യനാണ് ചന്ദ്രിക ഇപ്പോൾ കേളേജിലേക്ക് വന്നിട്ട് കുറച്ച് ദിവസമായല്ലോ തിങ്കളാഴ്ച മുതലെങ്കിലും അവളോട് കോളേജിലേക്ക് വരാൻ പറയണം എന്ന് കരുതി വിളിച്ചതാണ്. എന്റെ ഫോണിലും ബാലൻ കഴിഞ്ഞു. അത് കൊണ്ട് കൂട്ടുകാരന്റെ ഫോണിൽ നിന്നാണ് വിളിക്കുന്നത്.”ഇത് എന്റെ നമ്പർ അല്ല എന്ന് അയാൾ തിരിച്ചറിയുമോ എന്ന് ഭയന്നാണ് അരുൺ ആ കള്ളം പറഞ്ഞത്.

“ഒന്ന് വെയ്റ്റ് ചെയ്യൂ ഞാനവളെ വിളിക്കാം. അവൾ മുകളിലെ മുറിയിലാണ്.”

“എനിക്ക് തിരക്കൊന്നുമില്ല അങ്കിൾ വിളിച്ചോളൂ. ഞാൻ പിന്നെ വിളിക്കാം.” അരുൺ ഉദാരമനസ്ക്കനായി.

“വേണ്ട മോനേ ഞാനിപ്പോൾ തന്നെ കൊടുക്കാം. കൂട്ടുകാരിയെ കാണാനില്ലെന്നും പറഞ്ഞ് പത്ത് ദിവസമായി അവൾ ലീവെടുത്തിരിക്കുന്നു. മോനെങ്കിലും അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്ക്.” അയാൾ അഭ്യർത്ഥന പോലെ പറഞ്ഞു.

“എന്നാൽ എല്ലാം അങ്കിളിന്റെ ഇഷ്ടം പോലെ അങ്കിൾ ഫോൺ അവൾക്ക് കൊടുക്കൂ. അവളെ ഒന്ന് പറഞ്ഞ് മനസ്സിലാക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കാം.” അരുൺ ഉദാരമനസ്കനായി.

Leave a Reply

Your email address will not be published. Required fields are marked *