ഡിറ്റക്ടീവ് അരുൺ 4 [Yaser]

Posted by

കുറച്ച് ദൂരം നടന്നു കഴിഞ്ഞപ്പോൾ തിരക്ക് കുറഞ്ഞ് വന്നു. ഇത് തന്നെയാണ് തന്റെ അവസരമെന്ന് അരുൺ മനസ്സിലാക്കി. അരുൺ നടത്തത്തിന്റെ സ്പീഡ് വർദ്ധിപ്പിച്ച് അവരെ സമീപിച്ച് കൊണ്ട് അവരുടെ ശ്രദ്ധയയാകർഷിക്കാൻ വിളിച്ചു. “എക്സ്ക്യൂസ് മീ.” മൊബെെൽ ഫോണിൽ വോയ്സ് റെക്കോർഡർ ഓൺ ചെയ്ത് അവരുടെ ശ്രദ്ധയിൽ പെടുന്നതിന് മുമ്പ് തന്നെ അവൻ പോക്കറ്റിൽ നിക്ഷേപിച്ചു.

തമ്മിൽ സംസാരിച്ചു കൊണ്ട് നടന്ന് പോവുകയായിരുന്ന രേഷ്മയും പ്രിയയും പെട്ടന്നുള്ള അവന്റെ വിളിയിൽ തിരിഞ്ഞു നോക്കി. ശേഷം അവർ തമ്മിൽ തമ്മിൽ നോക്കി. “ആരാ നിങ്ങൾ എന്താ കാര്യം.” പ്രിയ ഒരൽപം ശബ്ദം ഉയർത്തിയാണ് ചോദിച്ചത്.

“ഒരു കാര്യം ചോദിക്കാൻ വിളിച്ചതാ പെങ്ങളേ.. ചൂടാവല്ലെ.” അരുൺ പ്രിയയോട് അഭ്യർത്ഥന പോലെ പറഞ്ഞു. റോഡരികിൽ അങ്ങിങ്ങായി കാണുന്ന ആളുകൾ തങ്ങൾക്ക് ചുറ്റും തടിച്ചു കൂടുമോ എന്ന ഭയവും അവനുണ്ടായിരുന്നു.

“സോറി ചേട്ടാ ചേട്ടനെന്താ അറിയേണ്ടത്. ഞാൻ പറഞ്ഞ് തരാം.” രേഷ്മ പ്രിയക്ക് മുന്നിലേക്ക് കയറി നിന്ന് കൊണ്ട് പറഞ്ഞു.

“എനിക്ക് രശ്മി എന്ന കുട്ടിയെ കുറിച്ചാണ് അറിയേണ്ടത്. നിങ്ങളും രശ്മിയും ഒരുമിച്ചാണ് കോളേജിൽ പോകാറുള്ളത് എന്നറിയാൻ കഴിഞ്ഞു. അത് കൊണ്ടാണ് നിങ്ങളെ ഒന്ന് കാണാൻ തിരുമാനിച്ചത്.” അരുൺ തന്റെ ആഗമനോദ്ദേശം വെളിച്ചപ്പെടുത്തി.

“നിങ്ങളെന്തിനാണ് അവളെ കുറിച്ച് അന്വേഷിക്കുന്നത്. നിങ്ങളെന്താ പോലീസാണോ.?” സംശയത്തോടെയായിരുന്നു പ്രിയയുടെ ചോദ്യം.

“എന്നെ കണ്ടാൽ പോലീസുകാരനെ പോലെ തോന്നുമെങ്കിലും ഞാൻ പോലീസൊന്നുമല്ല. രശ്മിക്ക് ഒരു കല്യാണാലോചന. അതിനിടയിലാണ് അവളെ കാണാനില്ലെന്നറിഞ്ഞത്. എന്നാൽ പിന്നെ അവൾക്കെന്ത് സംഭവിചെന്ന് അറിയാൻ ഒരു ക്യൂരിയോസിറ്റി. അതാണീ ചെറിയ അന്വേഷണത്തിനു പിന്നിൽ.” ചെറുചിരിയോടെ അരുൺ പറഞ്ഞു.

“ഓ ചേട്ടൻ വരൻ സിനിമയിലെ അല്ലു അർജുനെ അനുകരിക്കുകയാണോ.?” അടുത്തിടെ കണ്ട സിനിമയുടെ കഥ മനസ്സിലോർത്ത് കൊണ്ടായിരുന്നു രേഷ്മയുടെ ചോദ്യം ‘.

“അയ്യോ ഞാനല്ല ചെറുക്കൻ. എന്റെ വല്യച്ചന്റെ മകനാണ്. അവൻ പറഞ്ഞത് കൊണ്ടാണ് എന്റെയീ അഭ്യാസം.” അരുൺ മനസ്സിൽ കരുതിവെച്ചിരുന്ന കള്ളം ആത്മവിശ്വാസത്തോടെ പറഞ്ഞു.

താൻ പറഞ്ഞ കള്ളം പൂർണ്ണമായും അവർ വിശ്വസിച്ചില്ലെന്ന് അവരുടെ മുഖത്തേക്ക് നോക്കിയപ്പോൾ അരുണിന് മനസ്സിലായി.

“അപ്പോ നിനക്ക് ചേട്ടൻ പറഞ്ഞത് മനസ്സിലായില്ലേ രേഷ്മേ. ചേട്ടനല്ല വരൻ സിനിമയിലെ അല്ലു അർജുനെ അനുകരിക്കുന്നത്. ചേട്ടന്റെ ബ്രദർ ആണെന്ന്.” ഒരു പരിഹാസത്തോടെ പ്രിയ കൂട്ടുകാരിയോട് പറഞ്ഞു.

“ഇവളു പറയുന്നത് കാര്യമാക്കണ്ട ചേട്ടായീ. ചേട്ടായി ചോദിക്ക്. എനിക്കറിയാവുന്നത് ഞാൻ പറയാം.” പ്രിയയുടെ പരിഹാസം കണക്കിലെടുക്കാതെ രേഷ്മ അരുണിനോടായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *