“അപ്പോൾ നിലവിൽ ഈ കേസുമായി ബന്ധമുണ്ടെന്ന് തോന്നുന്ന രണ്ട് വ്യക്തികൾ രശ്മിയുടെ രണ്ടാനമ്മയും കൂട്ടുകാരൻ സൂര്യനുമാണല്ലേ.” ഗോകുൽ കേസിനെ കുറിച്ച് വിവരിച്ചതിനു ശേഷം നന്ദൻ അരുണിനോടായി ചോദിച്ചു.
“അതേ പക്ഷേ അവരെയും പ്രതിസ്ഥാനത്ത് നിർത്താൻ കഴിയുന്ന ഒരു തെളിവു പോലും ഇതുവരെ ലഭിച്ചിട്ടില്ല എന്നത് വളരെ നിരാശാ ജനകമായ കാര്യവുമാണ്.” അരുൺ കേസിന്റെ ഇപ്പോഴത്തെ നിസ്സഹായാവസ്ഥ വെളിപ്പെടുത്തി.
“എന്താണ് നിന്റെ അടുത്ത നീക്കം.” സംശയത്തോടെ അരുണിന്റെ മുഖത്തേക്ക് നോക്കി നന്ദൻ മേനോൻ ചോദിച്ചു.
“പ്രത്യേഗിച്ച് പ്ലാൻ ചെയ്തിട്ടൊന്നുമില്ല. വൈകുന്നേരം കോളേജ് വിടുന്ന സമയത്ത് രശ്മിയുടെ രണ്ട് കൂട്ടുകാരെ കാണണമെന്ന് കരുതുന്നു. അവരിൽ നിന്ന് കൂടുതലെന്തെങ്കിലും ലഭിക്കുമെന്നാണ് എന്റെ വിശ്വാസം.” അരുൺ തന്റെ അനുമാനം പറഞ്ഞു.
“അതേ അരുൺ അന്വേഷണം ഈ രിതിയിൽ തന്നെ തുടർന്നാൽ മതി. നമ്മുടെ അന്വേഷണം ശരിയായ ദിശയിലാണ് എന്നതിന് കുറ്റം ചെയ്തവർ തന്നെ തെളിവുകൾ തന്ന് കൊണ്ടിരിക്കുകയല്ലേ.” നന്ദൻ മേനോൻ ഗോകുലിനോടായി പറഞ്ഞു.
കേസിനെ കുറിച്ചും, രശ്മിയുടെ രണ്ടാനമ്മയേയും സൂര്യനെയും തമ്മിൽ ബന്ധപ്പെടുത്താൻ എന്തെങ്കിലും തെളിവുണ്ടാവുമോയെന്നും ആലോചിച്ചവർ തലച്ചോറ് പുണ്ണാക്കിക്കൊണ്ടിരുന്നു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
മൂന്നരയോടടുത്തപ്പോൾ തന്നെ അരുൺ പോവാൻ റെഡിയായി. കൂടെ നന്ദൻ മേനോനുമുണ്ടായിരുന്നു. ജീൻസും ടൈറ്റ് ടീ ഷർട്ടുമായിരുന്നു അവന്റെ വേഷം.
അരുണിന്റെ ആവശ്യപ്രകാരം നന്ദൻ മേനോനാണ് ബൊലേറോ ഡ്രൈവ് ചെയ്തത്. പരിചയമില്ലാത്ത സ്ഥലമായിരുന്നതിനാൽ അയാൾ വളരെ പതുക്കെയാണ് വാഹനം ഓടിച്ചത്.
കോളേജ് വിടുന്നതിന്റെ അൽപം മുമ്പായി തന്നെ അവർ കോളേജിനരികിലെത്തി. അരുണിന്റെ നിർദേശമുള്ളത് കൊണ്ട് നന്ദൻ മേനോൻ വണ്ടിയിൽ നിന്നിറങ്ങിയില്ല. അരുൺ കോളേജ് ഗേറ്റിന് ഓപ്പോസിറ്റുള്ള കൂൾ ബാറിൽ കയറി. മൊബെെലെടുത്ത് രശ്മിയുടെ ആൽബത്തിൽ നിന്ന് പകർത്തിയ ഫോട്ടോകൾ അവൻ ഒരിക്കൽ കൂടി മനസ്സിൽ പതിപ്പിച്ചു.
അൽപസമയത്തിനു ശേഷം കോളേജ് കഴിഞ്ഞ് കുട്ടികൾ ഓരോന്നായി പുറത്തേക്കിറങ്ങാൻ തുടങ്ങി. അരുൺ ഫോൺ കീശയിലിട്ട് കോളേജ് ഗേറ്റിലേക്ക് ശ്രദ്ധ തിരിച്ചു.
പണക്കാരുടെ മക്കളായതിനാൽ കൂടുതൽ കുട്ടികൾക്കും ടുവീലറോ ഫോർവീലറേ ഉണ്ടായിരുന്നു. അത് കൊണ്ട് തന്നെ നടന്നു പോവുന്ന ഏതാനും കുട്ടികൾകിടയിൽ നിന്ന് രേഷ്മയെയും പ്രിയയെയും കണ്ടെത്താൻ അരുണിനതികം കഷ്ടപ്പെടേണ്ടി വന്നില്ല.
അരുൺ നന്ദൻ മേനോന് കണ്ണുകൾ കൊണ്ട് അവരെ കാണിച്ചു കൊടുത്തു. ശേഷം അവൻ ആ കുട്ടികളുടെ പിന്നാലെ നടക്കാൻ തുടങ്ങി. ആൾ തിരക്ക് കുറച്ച് കുറവുള്ള ഒരിടത്ത് വെച്ച് അവരോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാമെന്ന് അവൻ കരുതി.
നന്ദൻ മേനോൻ ഒരു നിശ്ചിത അകലമിട്ട് അവരെ പിന്തുടർന്നു. ഒരു കാരണവശാലും അരുണിന്റെ മുന്നിലുള്ള ആ കുട്ടികൾ തന്നെ ഇപ്പോൾ കാണണ്ട എന്ന് അയാളും തീരുമാനിച്ചിരുന്നു.