സമയം ഏഴുമണിയോട് അടുത്തപ്പോഴാണ് നന്ദൻ മേനോൻ രാജന്റെ കടയുടെ അരികിൽ എത്തിയത്. ആ സമയത്ത് കടയുടെ സമീപത്തുണ്ടായിരുന്ന തിരക്ക് കണ്ടപ്പോൾ തിരക്കൊഴിയാതെ തനിക്ക് വേണ്ട കാര്യങ്ങൾ രാജനോട് ചോദിക്കാൻ കഴിയില്ല എന്ന് നന്ദൻ മേനോന് മനസ്സിലായി. അതുകൊണ്ട് തിരക്കൊഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു അയാളുടെ തീരുമാനം.
രണ്ടുമണിക്കൂർ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ആ കടയിലെ തിരക്ക് ഒഴിഞ്ഞത്. കച്ചവടത്തിന്റെ തിരക്കായിരുന്നില്ല. വൈകുന്നേരങ്ങളിൽ സൊറ പറയുന്ന ആളുകളുടെ തിരക്കായിരുന്നു അവിടെ ഉണ്ടായിരുന്നത്.
തിരക്ക് കുറഞ്ഞപ്പോൾ രാജൻ പുറത്തേക്കു ഇറക്കി വെച്ച കച്ചവട സാധനങ്ങൾ വലത്തേക്ക് എടുത്തു വയ്ക്കാൻ തുടങ്ങി. അതിനിടയിലേക്ക് ആണ് നന്ദൻ മേനോൻ ആ കടയിലേക്ക് കയറിച്ചെന്നത്. “മിസ്റ്റർ രാജൻ.” സംശയത്തോടെ നന്ദൻ മേനോൻ കടക്കാരനോടായി ചോദിച്ചു. ഇതിനിടയിൽ മൊബൈൽ ഫോണിലെ വോയിസ് റെക്കോർഡർ അയാൾ ഓൺ ചെയ്തു.
“അതെ എന്താ സാറേ കാര്യം അയാൾ പല്ല് മുഴുവൻ പ്രദർശിപ്പിച്ച് കൊണ്ട് ചോദിച്ചു.
“രാവിലെ നിങ്ങളുടെ അടുത്തുനിന്ന് നരേന്ദ്രൻ എന്ന ഒരു സിബിഐ ഓഫീസർ ചില കാര്യങ്ങൾ ചോദിച്ചിരുന്നതായി ഓർക്കുന്നുണ്ടല്ലോ അല്ലേ. അദ്ദേഹത്തിന് നിങ്ങൾ കൊടുത്ത വിവരങ്ങൾ വിവരണങ്ങളിൽ നിന്നും ചില സംശയങ്ങളുണ്ട്. അതൊന്ന് തീർക്കാൻ വേണ്ടിയാണ് ഞാൻ വന്നത്.” നന്ദൻ മേനോൻ മനസ്സിൽ തയ്യാറാക്കി വെച്ചിരുന്ന ചോദ്യം ചോദിച്ചു.
“എന്തു സംശയം ആണ് സാറേ ഉള്ളത് സാർ ചോദിച്ചോട്ടെ.”
“മറ്റൊന്നുമല്ല രാജൻ. രശ്മിയുടെ കൂടെ സാധാരണയായി നാലു കുട്ടികളാണ് പോയിരുന്നത്. എന്നാൽ കഴിഞ്ഞ തിങ്കളാഴ്ച രണ്ടു കുട്ടികൾക്കൊപ്പം രശ്മി കോളേജിൽ പോയിരുന്നോ.?”
“ഒന്നാലോചിച്ചു നോക്കട്ടെ സാറേ.” അയാൾ മുകളിലേക്ക് കണ്ണുംനട്ട് ചിന്തയിലാണ്ടു.
ആലോചിക്കാൻ എന്തിനാ മുകളിലേക്ക് നോക്കുന്നത് എന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് നന്ദൻ മേനോൻ അയാളുടെ മുഖത്ത് ദൃഷ്ടി ഉറപ്പിച്ചു.
“സാറേ രശ്മിയെ എന്നാണ് അവസാനമായി കണ്ടത് എന്ന് എനിക്ക് ഓർമ്മയില്ല പക്ഷേ അവസാനമായി കണ്ട അന്ന് ആ കുട്ടിക്കൊപ്പം രണ്ടുപേരല്ല ഉണ്ടായിരുന്നത്. സാധാരണ കാണുന്ന മൂന്നുപേരെ കൂടാതെ മറ്റ് രണ്ടു പേരും ഉണ്ടായിരുന്നു.” ആലോചനക്കൊടുവിൽ അയാൾ പറഞ്ഞു.
“ഉറപ്പാണല്ലോ അല്ലേ.”
“അതെ സർ എനിക്ക് ഉറപ്പാണ്. പിന്നെ ഒരു കാര്യമുണ്ട് സാറേ. ഞാനീ പറഞ്ഞ കാര്യങ്ങളിൽ വല്ല സംശയങ്ങളും ഉണ്ടെങ്കിൽ ചെട്ടിയൻ സന്തോഷ് എന്നൊരു പയ്യനുണ്ട്. അവനോട് ചോദിച്ചാൽ മതി.”
“അതാരാ ചെട്ടിയൻ സന്തോഷ്.”
” അത് രശ്മിയുടെ കൂടെ പോവുന്ന രേഷ്മ എന്നൊരു പെൺ കുട്ടിയുണ്ട്. അവളെ കാണാനായി ആ പയ്യൻ ഇവിടെ എന്നും വന്ന് നിൽക്കാറുണ്ട്. അവന് ഒരു പക്ഷേ നിങ്ങളെ സഹായിക്കാൻ കഴിയുമെന്ന് തോന്നുന്നു.”
“എങ്കിൽ അവന്റെ അഡ്രസ് ഒന്ന് പറയൂ. നാളെ എന്തെങ്കിലും സംശയമുണ്ടായാൽ അവനെ കാണാമല്ലോ.”