“അങ്ങനെ ചോദിച്ചാൽ എനിക്കറിയില്ല സർ.. സൂര്യൻ, ചന്ദ്രിക എന്നിവരായിരുന്നു അവളുടെ കൂട്ടുകാർ. അധികം സംസാരിക്കാത്ത കൊണ്ടാവാം അവൾക്ക് കൂടുതൽ കൂട്ടുകാർ ഇല്ലാതെ പോയത്.”
“ഓക്കേ ഇനി എനിക്ക് അറിയേണ്ടത് മറ്റൊരു കാര്യമാണ്. കാണാതായ ദിവസം, അതായത് കഴിഞ്ഞ ചൊവ്വാഴ്ച… രശ്മി കോളേജിൽ പോവാനായി വീട്ടിൽനിന്നിറങ്ങി. എന്നാൽ അന്ന് അവൾ കോളേജിലേക്ക് എത്തിയിരുന്നോ.? “
“ഇല്ല സർ അന്ന് ചന്ദ്രികയും ലീവ് ആയിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ സംശയമൊന്നും തോന്നിയില്ല. കാരണം അവരിലൊരാൾ ലീവ് ഉണ്ടെങ്കിൽ മിക്കവാറും രണ്ടാമത്തെയാളും ലീവ് ആക്കുകയായിരുന്നു പതിവ്.” അയാൾ സംശയമേതും ഇല്ലാതെ മറുപടി നൽകി.
അരുണിന്റെ മനസ്സിൽ ഒരു മഞ്ഞു മഴ പെയ്ത അനുഭൂതി ഉണ്ടായി. ജയചന്ദ്രൻ നാവിൽ നിന്നും ചന്ദ്രികയുടെ പേര് കേട്ടപ്പോൾ. “നന്ദിയുണ്ട് സാർ തന്ന വിവരങ്ങൾക്ക്.” അരുൺ കസേരയിൽനിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
“ഇത്രയേ ഉള്ളൊ അറിയാൻ.? ഞാൻ ആകെ പേടിച്ചു പോയിരുന്നു.” ചെറുചിരിയോടെ ജയചന്ദ്രൻ പറഞ്ഞു.
“ഇത്രയേ ഉള്ളൂ.. ഒരു കല്യാണ കാര്യത്തിൽ ഇത്രയൊക്കെ ചോദിച്ചാൽ പോരെ.” അതേ ചിരിയോടെ അരുൺ മറുപടി നൽകി. അതിനു ശേഷം അവൻ പുറത്തേക്കു നടന്നു.
ബൊലേറോയിൽ ചെന്നുകയറുമ്പോൾ അവനെയും കാത്ത് അക്ഷമനായി ഇരിക്കുകയായിരുന്നു ഗോകുൽ. ഇത്തവണ അവർ ബൊലേറോ കോളേജ് കോമ്പൗണ്ടിൽ അകത്തേക്ക് കയറ്റിയിരുന്നില്ല. അതുകൊണ്ടാണ് ഗോകുൽ ബൊലേറോ യിൽ തന്നെ ഇരുന്നത്.
“എന്തായി അരുൺ കാര്യങ്ങൾ.” ബൊലേറോ യുടെ കോ- ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയ അരുണിനോട് ആയി ഗോകുൽ ചോദിച്ചു.
“നീ വണ്ടി ഓഫീസിലേക്ക് വിട്. നമുക്ക് ഡീറ്റെയിൽ ആയി അവിടെ എത്തിയിട്ട് സംസാരിക്കാം.” അരുൺ സീറ്റിലേക്ക് ചാരി കൊണ്ട് മറുപടി നൽകി.
“ശരി.” ഗോകുൽ ഗിയർ ചേഞ്ച് ചെയ്തുകൊണ്ട് വാഹനം മുമ്പോട്ട് എടുത്തു.
“അപ്പോൾ ഇത്രയൊക്കെ ആണ് നിനക്ക് അവിടെ നിന്ന് ലഭിച്ച വിവരങ്ങൾ അല്ലേ.” ഗോകുൽ ചോദിച്ചു.
അരുൺ കോളേജിൽ നിന്നും മടങ്ങിയെത്തിയശേഷം , കോളേജിൽ വെച്ച് പ്രിൻസിപ്പൽ നിന്നും പ്രൊഫസർ ജയചന്ദ്രൻ നിന്നും അറിഞ്ഞ വിവരങ്ങൾ ഗോകുലിനോട് പറഞ്ഞതിന് ശേഷമായിരുന്നു ഗോകുലിന്റെ ചോദ്യം.
“അതെ.. ഇനി നെക്സ്റ്റ് എന്താണ് നിന്റെ പ്ലാൻ.?” അരുൺ ഗോകുൽ ഇനോട് ചോദിച്ചു.
“നാളെ രശ്മി കോളേജിലേക്ക് ഇറങ്ങുന്ന സമയത്ത് അതുവഴി നമുക്കൊരു യാത്ര നടത്തി നോക്കണം. എന്തെങ്കിലും ഒരു തെളിവ് കിട്ടാതിരിക്കില്ല.”
“ആ സംഭവം റീക്രിയേറ്റ് ചെയ്യുകയാണോ നിന്റെ ഉദ്ദേശം.”
“അല്ല. അതിനൊക്കെ കഴിയണമെങ്കിൽ രശ്മിയുടെ അന്നത്തെ സിറ്റുവേഷനിൽ ഇന്ന് നിൽക്കുന്ന മറ്റൊരാൾ നമുക്ക് ആവശ്യമാണ്. ഇതങ്ങനെയല്ല. രശ്മി സ്ഥിരമായി യാത്ര ചെയ്യുന്ന ആ വഴിയിൽ അവളെ സ്ഥിരമായി കാണുന്ന ചിലരെങ്കിലും ഇല്ലാതിരിക്കില്ല. അവരിൽ നിന്ന് എന്തെങ്കിലും ഒരു തെളിവ്. അല്ലെങ്കിൽ എന്തെങ്കിലും ഒരു സൂചന നമുക്ക് ലഭിക്കും എന്നാണ് എന്റെ വിശ്വാസം.”