“ആ ഇരുന്ന് പുസ്തകം വായിക്കുന്ന നീല ഷർട്ട് ഇട്ട ആൾ.” തല ഉയർത്തി അരുണിന്റെ മുഖത്തേക്കൊന്നു നോക്കിയ ശേഷം റൂമിന്റെ വലതു സൈഡിൽ മൂലയിലേക്ക് ചൂണ്ടിക്കൊണ്ട് അയാൾ പറഞ്ഞു.
ഗോകുൽ ഒന്ന് അങ്ങോട്ട് നോക്കി ശേഷം ആ ആളുടെ അടുത്തേക്ക് നടന്നു. അയാളുടെ മേശക്കെതിരെ ഉണ്ടായിരുന്ന കസേരയിൽ ഇരുന്നു കൊണ്ട് ചോദിച്ചു. “പ്രൊഫസർ ജയചന്ദ്രൻ?”
“യെസ്.. ഞാനാണ്.. എന്താ കാര്യം.” അയാൾ വായിച്ചു കൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് മുഖം ഉയർത്തി കൊണ്ട് അരുണിനോട് ചോദിച്ചു.
“ഞാൻ അരുൺ.. ക്രൈം ബ്രാഞ്ച് സി ഐ ഡി ആണ് രശ്മിയെക്കുറിച്ച് അറിയാനാണ് ഞാൻ വന്നത്. അരുൺ പ്രിൻസിപ്പാളിനോട് പറഞ്ഞ കള്ളം തന്നെ പ്രൊഫസറോടും ആവർത്തിച്ചു.
“എന്തേലും പ്രശ്നം ഉണ്ടോ സാറേ.” അയാളുടെ വാക്കുകളിൽ ഭയം തങ്ങി നിന്നിരുന്നു
“പേടിക്കേണ്ട പ്രൊഫസർ.. രശ്മിക്ക് ഒരു കല്യാണ ആലോചന. എന്റെ വല്യച്ഛന്റെ മകനാണ് കക്ഷി. അച്ഛൻ പറഞ്ഞു അവളെ കുറിച്ച് നന്നായിട്ട് ഒന്ന് അന്വേഷിക്കാൻ. അതിനു വന്നതാണ്
“ഹോ ഞാൻ വല്ലാണ്ട് പേടിച്ചു പോയി.” നെഞ്ചിൽ ഒന്ന് കൈ അമർത്തി കൊണ്ട് അയാൾ പറഞ്ഞു.
“ഹേയ് പേടിക്കേണ്ട കാര്യമൊന്നുമില്ല.. ഒരാഴ്ചയായി രശ്മിയെ കാണാനില്ലെന്നുമറിഞ്ഞു. അതുകൊണ്ടാണ് അന്വേഷണം ഒന്ന് വ്യാപിപ്പിക്കാൻ ഞങ്ങളും കരുതിയത്. അല്ലാതെ വേറെ ഒന്നും ഇല്ല.” അരുൺ അയാളെ സമാശ്വസിപ്പിച്ചു.
“ശരി സാർ. സാറിന് എന്താ അറിയേണ്ടത് എന്നുവച്ചാൽ ചോദിച്ചോളൂ.. എനിക്കറിയാവുന്ന വിവരങ്ങൾ എല്ലാം ഞാൻ നൽകാം.” പ്രൊഫസർ ജയചന്ദ്രൻ ആത്മാർത്ഥതയോടെ പറഞ്ഞു.
“താങ്ക്യൂ പ്രൊഫസർ. എനിക്കറിയേണ്ടത് രശ്മി എങ്ങനെയുള്ള കുട്ടിയായിരുന്നു എന്നാണ്.”
“സാറേ.. ഇങ്ങനെ ചോദിക്കുമ്പോൾ എനിക്ക് എന്റെ ഒരു അഭിപ്രായത്തിൽ മറുപടിപറയാനേ കഴിയൂ.. അവൾ വളരെ നല്ല കുട്ടി ആയിരുന്നു. പഠിക്കാനും, അച്ചടക്കത്തിലും, എല്ലാംകൊണ്ടും പക്ഷേ ആ കുട്ടിയുടെ വീട്ടിലെ രണ്ടാനമ്മയുടെ ഉപദ്രവം അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിൽ നിന്നും രക്ഷപ്പെടാനായി അവൾ വീട്ടിലിരിക്കുന്ന സമയം മുഴുവനും പഠനത്തിനായാണ് ചിലവഴിച്ചത്. അതുകൊണ്ടായിരിക്കാം അവൾ പഠനത്തിൽ മുന്നേറാൻ കാരണം.” ജയചന്ദ്രൻ പറഞ്ഞു നിർത്തി.
“നിങ്ങൾ ഇപ്പോൾ പോസിറ്റീവ് കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. ആ കുട്ടിക്ക് ചീത്ത സ്വഭാവങ്ങൾ ഒന്നും ഇല്ലേ.”