“എങ്കിൽ ഞാൻ ഇപ്പോൾ തന്നെ രശ്മിയുടെ പ്രൊഫസറെ കണ്ടാലോ.? അരുൺ അത്യുത്സാഹത്തോടെ ചോദിച്ചു.
“വേണ്ട.. ഫസ്റ്റ് പിരീഡ് ഏകദേശം കഴിയാറായി.. അദ്ദേഹം ഉടനെ എത്തും അതിനുശേഷം ചോദിച്ചാൽ പോരേ.” അരുണിനോട് പ്രിൻസിപ്പാൾ മറുചോദ്യം ചോദിച്ചു.
“മതി സർ എനിക്ക് അത്ര വലിയ തിരക്കൊന്നുമില്ല.”
“പിന്നെ കല്യാണപ്പെണ്ണിനെ കുറിച്ചുള്ള അന്വേഷണം സിബിഐ അന്വേഷിക്കുന്നത് പോലെ ആയാൽ ചെക്കന് പെണ്ണ് കിട്ടില്ലട്ടോ.” ചെറു ചിരിയോടെ അയാൾ അരുണിനോട് പറഞ്ഞു.
“ഇങ്ങനെയൊക്കെ അന്വേഷിച്ചു തൃപ്തിപ്പെട്ടത് മതി എന്നാണ് അവരുടെ അഭിപ്രായം. പിന്നെ അതിനെതിരെ ഒന്നും പറയാൻ പറ്റില്ലല്ലോ. ഒരു ക്രിമിനൽ മൈൻഡ് ഉള്ള പെൺകുട്ടി ആവരുത് എന്നേ അവർക്ക് നിർബന്ധമുള്ളൂ. അല്ലാതെ വേറെ ഒന്നും ഇല്ല.” അരുണും ചിരിയോടെ തന്നെ മറുപടി നൽകി.
“ഓക്കേ എങ്കിൽ നിങ്ങൾ വെയിറ്റിംഗ് റൂമിലേക്ക് ഇരുന്നോളൂ. ജയചന്ദ്രൻ എത്തിയാൽ നിങ്ങളെ അറിയിക്കാം. എനിക്ക് ചെറിയ ചില ജോലികൾ കൂടി ബാക്കിയുണ്ട്.” മറുപടി പറഞ്ഞതിനു ശേഷം അയാൾ വീണ്ടും മൊബൈലിലേക്ക് തന്നെ മുഖം താഴ്ത്തി.
“ശരി സാർ” അരുൺ. കസേരയിൽ നിന്ന് എഴുന്നേറ്റു കൊണ്ട് പറഞ്ഞു. അവൻ പിന്നെ വെയിറ്റിംഗ് റൂമിലേക്കാണ് മടങ്ങിയത്. ഓഫീസ് റൂമിലെ വാതിലും ടീച്ചേഴ്സ് റൂമിന്റെ വാതിലും അടങ്ങുന്ന ചെറിയ ഒരു ഹാൾ ആയിരുന്നു വെയ്റ്റിംഗ് റൂം. അവിടെയുണ്ടായിരുന്ന ഒരു കസേരയിൽ അരുൺ ഇരിപ്പുറപ്പിച്ചു.
അല്പസമയം കഴിഞ്ഞപ്പോൾ ബെൽ മുഴങ്ങി. ഓരോ അധ്യാപകരായി ടീച്ചേഴ്സ് റൂമിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടക്കുന്നത് ഗോകുൽ കണ്ടു. കുറച്ചു കഴിഞ്ഞപ്പോൾ ചിലർ വന്ന് ടീച്ചേഴ്സ് റൂമിലേക്ക് കയറാൻ തുടങ്ങി.
ഒരു പത്ത് മിനിറ്റ് കൂടി വെയിറ്റ് ചെയ്ത ശേഷം അരുൺ വീണ്ടും പ്രിൻസിപ്പാളിനെ കാണാൻ ഓഫീസിൽ കയറി. “ജയചന്ദ്രൻ സാർ വന്നോ.? ” അരുൺ പ്രിൻസിപ്പാളിനോട് ചോദിച്ചു.
“ജയചന്ദ്രന്റെ ഈ പീരീഡ് ഫ്രീയാണ്. അയാൾ ടീച്ചേഴ്സ് റൂമിൽ കാണും അങ്ങോട്ട് ചെന്നോളൂ.” തന്റെ മുന്നിലെ ചുമരിലുള്ള ചാർട്ടിലേക്ക് നോക്കിക്കൊണ്ടാണ് പ്രിൻസിപ്പാൾ മറുപടി നൽകിയത്. അയാൾ വീണ്ടും തലതാഴ്ത്തി മൊബൈലിലേക്ക് നോക്കി.
‘ഇയാൾ എന്താ ആദ്യമായിട്ട് പുതിയ ഫോൺ വാങ്ങിയതാണോ അതിൽ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കാൻ.’ അരുൺ ആത്മഗതം ചെയ്തുകൊണ്ട് ഓഫീസിൽ നിന്നിറങ്ങി. വെയിറ്റിംഗ് റൂമിൽ എത്തി.
“ഈ ജയചന്ദ്രൻ സാർ.” വെയിറ്റിംഗ് റൂമിൽ നിന്നിരുന്ന പ്യൂണിനോടാണ് അരുൺ ചോദിച്ചത്. അയാൾ ടീച്ചേഴ്സ് റൂമിനകത്തേക്ക് വിരൽചൂണ്ടി.
ഗോകുൽ വാതിൽ തുറന്ന് അതിനകത്തേക്ക് കയറി. ഏഴ് അധ്യാപകരായിരുന്നു അവിടെ ഇരിക്കുന്നുണ്ടായിരുന്നത്. അവൻ എല്ലാവരെയും ഒന്ന് നോക്കിയെങ്കിലും താൻ അന്വേഷിക്കുന്നയാളെ കണ്ടെത്താൻ അവന് സാധിച്ചില്ല.
“സർ ഈ ജയചന്ദ്രൻ സാർ.?” വാതിലിനെ തൊട്ടരികിൽ ഇരുന്ന് പ്രൊഫസറായി അരുൺ ചോദിച്ചു.