“സർ എന്റെ അനിയനു ഒരു കല്യാണ ആലോചന. ഈ കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയാണ് പെണ്ണ്, രശ്മി. അവളെ കുറിച്ച് കൂടുതൽ അന്വേഷിക്കാനായി എത്തിയതാണ് ഞാൻ.” ഗോകുൽ മറുപടി നൽകി.
“അതിന് ആ കുട്ടി ഇപ്പോൾ ഇവിടെ അല്ലല്ലോ പഠിക്കുന്നത്.” അയാൾ അവരുടെ മുഖത്ത് നോക്കാതെ മറുപടി നൽകി.
“എന്ത്..? ഇവിടെ പഠിക്കുന്നു എന്നാണല്ലോ ഞങ്ങളോട് പറഞ്ഞത്.” കേട്ടത് കള്ളമാണെന്ന് തോന്നിപ്പിക്കാൻ ആയി അല്പം ഉച്ചത്തിലാണ് ഗോകുൽ ചോദിച്ചത്.
“ഇവിടെയായിരുന്നു പഠിച്ചത്. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ ആ കുട്ടി കോളേജിൽ വരാറില്ല. എന്താണ് കാരണം എന്ന് ഞങ്ങളെ അറിയിച്ചിട്ടുമില്ല. പിന്നെ ഞങ്ങൾക്ക് എങ്ങനെ അവളെക്കുറിച്ച് പറയാനാകും.” ഒരു പരിഹാസച്ചിരിയോടെ അയാൾ ചോദിച്ചു.
“പക്ഷേ ആ കുട്ടിയെ കാണാനില്ലെന്ന് കോളേജ് ഗേറ്റിൽ വെച്ച് കണ്ട ഒരു സ്റ്റുഡന്റ് പറഞ്ഞല്ലോ.? അവരൊക്കെ അറിഞ്ഞിട്ടും നിങ്ങൾ എന്തുകൊണ്ട് ഇത് അറിഞ്ഞില്ല.” അയാളുടെ പരിഹാസത്തിന് അർഹിക്കുന്ന പരിഗണന കൊടുക്കാതെ ഗോകുൽ ചോദിച്ചു. ഈ സമയമത്രയും അരുൺ മൗനം പാലിച്ച് ഇരിക്കുകയായിരുന്നു.
“നീയെന്താ പോലീസ് കളിക്കുകയാണോ?. ഞാൻ വിചാരിച്ചാൽ ഒരു നിമിഷം വേണ്ട നിന്നെ ഒക്കെ തൂക്കി എറിയാൻ.” അഹങ്കാരത്തോടെ അയാൾ മറുപടി നൽകി.
“അതേടോ… പോലീസ് തന്നെയാ.. നീയൊക്കെ നീട്ടുന്ന മുക്കാൽ ചക്രത്തിന് മുന്നിൽ തലകുത്തി മറിയുന്ന പോലീസ് അല്ല. പണം കൊണ്ടോ സ്വാധീനം കൊണ്ടോ നിനക്കൊന്നും സ്പർശിക്കാൻ കഴിയാത്ത സി ബി സി ഐ ഡി. ഞാൻ ഒരു കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് നിന്നോട് ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് എങ്കിൽ നിന്റെ പല്ലു മുപ്പത്തിരണ്ടും എപ്പോഴേ താഴെ കിടന്നേനെ. എന്നെകൊണ്ട് അങ്ങനെ ചെയ്യിക്കരുത്. മര്യാദയ്ക്ക് സംസാരിച്ചാൽ നിനക്കൊക്കെ നല്ലത്.” അതുവരെ മിണ്ടാതിരുന്ന അരുൺ മീശ മുകളിലേക്ക് പിരിച്ചു കൊണ്ട് പറഞ്ഞു.
“ശരി സാർ… നിങ്ങൾക്ക് എന്താണ് വേണ്ടത്.” മുന്നിലിരിക്കുന്നത് ഒരു പോലീസുകാരൻ ആണെന്ന് തോന്നിയപ്പോൾ അയാൾ ഒന്ന് അയഞ്ഞുകൊണ്ട് ചോദിച്ചു.
“ഞങ്ങൾക്ക് രശ്മിയുടെ കൂട്ടുകാരിൽ നിന്നും അവളെ കുറിച്ച് കൂടുതൽ അറിയണം. അതിന് കുറച്ചു സമയം അവരെ ഞങ്ങളോടൊപ്പം അയക്കണം.” ഗോകുൽ തന്റെ ആഗമന ഉദ്ദേശം വെളിപ്പെടുത്തി.
“അതൊന്നും പറ്റില്ല.. ഒരു കല്യാണ അന്വേഷണത്തിന് വേണ്ടി കോളേജിൽ നിന്ന് ഒരു സ്റ്റുഡന്റിനെയും നിങ്ങളുടെ കൂടെ അയയ്ക്കാൻ നിർവാഹമില്ല. നിങ്ങൾക് നിർബന്ധമാണെങ്കിൽ മാനേജ്‍മെന്റിനോട് ചോദിച്ചോളൂ.” ഈ വിഷയത്തിൽ കോളേജ് മാനേജ്മെന്റ് ഒരു സ്റ്റുഡന്റിനെയും ഇവരുടെ കൂടെ വിടില്ലെന്ന് ഉറപ്പുള്ള പ്രിൻസിപ്പൽ മറുപടി നൽകി.
അത് മനസ്സിലാക്കിയ അരുൺ ഒന്നു ചിരിച്ചതേയുള്ളൂ. അവരിരുവരും പോകാനായി കസേരയിൽ നിന്ന് എഴുന്നേറ്റു. “വരട്ടെ സാറേ.. വീണ്ടും കാണാം” അരുൺ പോകുന്നതിനു മുമ്പ് പ്രിൻസിപ്പലിന് നേരെ മുഖം താഴ്ത്തി അയാളുടെ ചെവിയിൽ പറഞ്ഞു.
അവന്റെ സ്വരത്തിന് മൂർച്ച കൂടിയിരുന്നു. വല്ലാത്തൊരു ഭാവത്തോടെ അവൻ പുറത്തേക്കിറങ്ങി ബൊലേറോ നിർത്തിയിട്ട സ്ഥലത്തേക്ക് നടന്നു.