.
“” ഉണ്ണീ…. അവിടെ രണ്ട് സീറ്റുണ്ട്.. വാ”” അജയ് ഉണ്ണിയുടെ കൈ പിടിച്ചു അപ്പുറത്തേക്ക് മാറിയപ്പോൾ ഇതളിന്റെ മുഖം വിളറി.
“” ഡാ… നീ ചെയ്തത് മോശമായി പോയി കേട്ടോ… അവളെ എന്തിനാ അവോയ്ഡ് ചെയ്യുന്നേ…””
“”ഹേയ്..”” അജയ് ആ സംഭാഷണം തുടരാൻ താല്പര്യം ഇല്ലാത്തത് പോലെ ഓർഡർ ചെയ്യാൻ പോയി..
“” എൻ ആർ ഐ ദമ്പതികളുടെ ഒറ്റ മോൾ. മോഡേൺ പെൺകുട്ടി
… എന്നാൽ സ്വാഭാവം നല്ല കേരള പെൺകുട്ടി
യെ പോലെ .എന്നോടൊക്കെയാണ് പ്രപ്പോസ് ചെയ്യുന്നതെങ്കിൽ കണ്ണും പൂട്ടി ഞാൻ കെട്ടിയേനെ … “”
“” എന്നാൽ നീ കെട്ടിക്കോ…””
“” അതിന് എന്നോടല്ലല്ലോ
അവൾ പ്രേപ്പോസ് ചെയ്തേ.. ഡാ അജൂ…. ഈ ഓഫീസിൽ തന്നെ പല ഡിപ്പാർട്ട്‌മെന്റിലായി എത്ര പേരാണ് അവളുടെ പുറകെ നടക്കുന്നെ.. എന്നിട്ടും നിന്റെയൊരു ജാഡ..””
“” എനിക്കും ഇഷ്ടക്കുറവൊന്നുമില്ല… പക്ഷെ മമ്മ.. ഡാ നിനക്ക് അറിയില്ലേ വീട്ടിലെ അവസ്ഥ…””..
“” ഓ.. അതാണോ കാര്യം.. നീ ഇവളെ കെട്ട്.. പിന്നേയുള്ളതൊക്കെ ഇതൾ നോക്കിക്കോളും… മമ്മക്കൊരു സഹായത്തിന് ആളുണ്ടേൽ ശെരിയാകുമെടാ””
“””ഉവ്വ.. എത്ര സെർവെന്റ്‌സിനെ വെച്ചു. .ഒരെണ്ണം നിൽക്കില്ല..””
“”അത് പോലെയാണോ മരുമകൾ .നീ മമ്മയോട് കാര്യം പറ””
” ബെസ്റ്റ്… നിന്നോട് ഞാനെത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് മമ്മേടെ സ്വഭാവം.. വെട്ടൊന്ന് മുറി രണ്ട്… എന്തേലും പറയാൻ ചെന്നാൽ കടിച്ചു കീറാൻ വരുവാ.. മടുത്തു ഞാൻ””
അജയ് ചായ പാതിയിൽ നിർത്തി എഴുന്നേറ്റു. അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
“”” അജൂ… നീ പോകുന്നില്ലെ?”
ബെഡിൽ കിടന്ന് മയങ്ങിപ്പോയ അജയിനെ ഉണ്ണിക്കൃഷ്ണൻ തട്ടി വിളിച്ചു.
ഓഫീസ് വിട്ട് അജയ് ഉണ്ണിയെ അവന്റെ ഫ്ലാറ്റിൽ ആക്കാൻ വന്നിട്ട് അവിടെ കിടന്ന് മയങ്ങിപ്പോയി. മിക്കവാറും ദിവസങ്ങളിൽ അങ്ങനെ ആണ്. ഒന്നുകിൽ ഒൻപത് പത്തു മണി വരെ കിടന്നുറങ്ങും, അല്ലെങ്കിൽ ടീവി യോ സംസാരമോ.. ചില ദിവസങ്ങളിൽ ബിയറോ ഹോട്ടോ കാണും..
“” ഓ …ഞാനിന്ന് പോകുന്നില്ല”” അജയ് തിരിഞ്ഞു കിടന്നു.
“” ഡാ …മമ്മ തനിച്ചേ ഉള്ളൂ…. നീ പോകാൻ നോക്ക്…””
“” അങ്ങോട്ട് ചെന്നാൽ ഭ്രാന്ത് പിടിക്കും . “”
“” എടാ… മമ്മയുടെ അവസ്‌ഥ കൂടി മനസിലാക്കണ്ടേ… അജൂ… ഓടി നടന്നവർ ഒരു ദിവസം വീണു പോകുമ്പോൾ ഉള്ള അവസ്‌ഥ… അതൊരു പത്യേക അവസ്ഥയാണ്… നിനക്കിപ്പോ കണ്ണു കാണാം… നീ ഒന്ന് കണ്ണടച്ചു പിടിച്ചു നോക്കിക്കേ.. നാളെ നിനക്ക് കണ്ണ് കാണത്തില്ലായെങ്കിൽ നിനക്ക് സങ്കടവും ദേഷ്യവും എല്ലാം വരില്ലേ… അതാണ് മമ്മയുടേം അവസ്ഥ… അത് മനസിലാക്കി നീ കുറച്ചൂടെ സോഫ്റ്റ് ആയിട്ട് പെരുമാറി നോക്ക്. “”
“” എന്ത് മാത്രം? ങേ… എന്ത് മാത്രം. ഞാൻ ചെയ്യേണ്ടതിന്റെ പരമാവധി ചെയ്തു.. ഒഫീസ് വിട്ട് ചെന്നാൽ മമ്മേടെ മുറീലേക്കാ ആദ്യം പോകുന്നേ.. വിശേഷങ്ങൾ ചോദിച്ചിട്ടെ ഡ്രസ് പോലും മാറൂ… എല്ലാത്തിനും ഒരു മൂളൽ…അതെങ്കിലും കിട്ടിയാൽ മതിയാരുന്നു… നൈറ്റ് കഴിഞ്ഞു ചെല്ലുമ്പോളാ കൂടുതൽ വിഷമം… രാവിലെ കാപ്പി ചെലപ്പോ കാണും… ഉറങ്ങി എണീറ്റ് ഊണ് കഴിക്കാൻ ചെല്ലുമ്പോൾ ഒന്നും വെച്ചിട്ടുണ്ടാവില്ല.. മമ്മേം ഒന്നും കഴിക്കില്ല . ഒന്നും സംസാരിക്കത്തുമില്ല….നീ പറഞ്ഞില്ലേ ഒരു ദിവസം പെട്ടന്ന് കണ്ണു പോകുമ്പോൾ എനിക്ക് വിഷമം ആകില്ലെന്ന്… ആ വിഷമം തന്നെയാ എനിക്ക്… പണ്ടത്തെ മമ്മയെ ഓർക്കുമ്പോൾ…”
അജയ് എഴുന്നേറ്റ് ബാത്റൂമിലേക്ക് കയറി. ഇറങ്ങി വരുമ്പോൾ അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു