ഡിറ്റക്ടീവ് അരുൺ 1 [Yaser]

Posted by

“ഞങ്ങൾക്ക് രശ്മിയുടെ റൂം ഒന്ന് പരിശോധിക്കണമായിരുന്നു”

“അതിനെന്താ മുകളിലാണ് രശ്മിയുടെ മുറി.” കോണിക്ക്‌ നേരെ നടന്നുകൊണ്ട് പ്രേമചന്ദ്രൻ പറഞ്ഞു.

ഗോകുലും അരുണും പ്രേമചന്ദ്രനെ അനുഗമിച്ചു. കോണി കയറിയ അവർ ഒരു ഹാളിലേക്കാണ് എത്തിയത്. അതിന്റെ വലതു സൈഡിൽ ഉള്ള റൂമിലേക്ക് ആണ് പ്രേമചന്ദ്രൻ അവരെ കൂട്ടിക്കൊണ്ടു പോയി.

“ഇതാണ് രശ്മിയുടെ മുറി” പ്രേമചന്ദ്രൻ പറഞ്ഞു.

ഗോകുലും അരുണും മുറിക്കകത്തേക്ക് കയറി. “ഞാൻ കുടിക്കാനെന്തെങ്കിലും എടുത്തു വരാം. ന്യൂസ്‌ പിടിക്കാൻ വേലക്കാരിയും ഇനി ഇവിടെ വരണ്ട.” എന്ന് പറഞ്ഞുകൊണ്ട് പ്രേമചന്ദ്രൻ താഴേക്കിറങ്ങി.

രശ്മിയുടെ മുറിയിൽ കയറി അല്പസമയം കൊണ്ട് തന്നെ മുല്ലപ്പൂവിന്റെ നേർത്ത ഗന്ധം അവരെ പൊതിഞ്ഞു. രശ്മി റൂം സ്പ്രേ ഉപയോഗിക്കാറുണ്ട് എന്നവർക്ക് മനസ്സിലായി.

ഗോകുൽ മുറിയിൽ ആകമാനം കണ്ണോടിച്ചു. വൃത്തിയായി പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന ഷെൽഫ്. ഒരു സ്റ്റഡി ടേബിൾ, കട്ടിൽ, അലമാര എന്നിവയായിരുന്നു ആ മുറിയിലെ ഫർണിച്ചറുകൾ.

സ്റ്റഡി ടേബിളിൽ മാല ചാർത്തി വെച്ച ഒരു സ്ത്രീയുടെ ചിത്രം ഗോകുൽ ശ്രദ്ധിച്ചു. താഴെ കണ്ടത് രശ്മിയുടെ അമ്മയാണെങ്കിൽ, രശ്മിക്ക് ഇത്രയും പ്രിയപ്പെട്ട ഈ വ്യക്തി ആരായിരിക്കും എന്ന് ആലോചിച്ചു.

ആ സമയം അരുൺ പുസ്തക ഷെൽഫിൽ നിന്നും പുസ്തകങ്ങൾ എടുത്ത് പരിശോധിക്കുകയായിരുന്നു. അതിൽനിന്ന് ഒരു ഡയറിയും ഒരു ആൽബവും അരുണിനെ കിട്ടി.

അവൻ ആൽബം കൈയിലെടുത്തപ്പോൾ അതിൽ നിന്നും രണ്ടു മൂന്നു ഫോട്ടോകൾ നിലത്തേക്ക് വീണു. കോളേജിലെ കൂട്ടുകാരുടെ ഗ്രൂപ്പ് ഫോട്ടോ ആയിരുന്നു അത്. അവൻ കൈയിലുണ്ടായിരുന്ന ഡയറിയും ആൽബം മേശപ്പുറത്തു വെച്ച് നിലത്തുവീണ് ഫോട്ടോകൾ എടുത്തു അവ വീണ്ടും ആൽബത്തിന്റെ ഇടയിലേക്ക് വെച്ചു.

അവൻ ആ ഡയറി തുറന്നു നോക്കി. അത് ഫോൺ നമ്പറുകൾ എഴുതാനായി ഉപയോഗിച്ച ഡയറി ആണെന്ന് അവന് മനസ്സിലായി.

അവൻ തന്റെ ഫോണിൽ, ഫോൺ നമ്പർ എഴുതിയ പേജിന്റെ ഫോട്ടോയെടുത്തു. പിന്നെ ആൽബം തുറന്ന് കോളേജിലെ ചിത്രങ്ങളെന്നു തോന്നിയ ചില ഫോട്ടോകളും അവൻ തന്റെ മൊബൈൽ ക്യാമറയിൽ പകർത്തി.

പുറത്ത് ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോൾ അരുൺ വേഗം ഫോൺ പോക്കറ്റിലിട്ടു. തിരിഞ്ഞുനോക്കിയപ്പോൾ പ്രേമചന്ദ്രനെ ആയിരുന്നു കണ്ടത്. ഒരു ട്രെയിൽ മൂന്ന് ഗ്ലാസ് ജ്യൂസും ആയിട്ടാണ് അയാൾ വന്നത്. അരുൺ അതിൽ നിന്നും ഒരു ഗ്ലാസ് എടുത്തു തുടർന്ന് ഗോകുലും.

“സർ ഇതാരാ” സ്റ്റഡി ടേബിളിൽ ഇരിക്കുന്ന സ്ത്രീയുടെ ചിത്രത്തിന് നേരെ ചൂണ്ടിക്കൊണ്ട് ഗോകുൽ പ്രേമചന്ദ്രനോട് ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *