ഡിറ്റക്ടീവ് അരുൺ 1 [Yaser]

Posted by

“സാർ ആദ്യം കേസ് കഴിയട്ടെ. അതുകഴിഞ്ഞ് ഫീസിനെക്കുറിച്ച് സംസാരിക്കാം. നിങ്ങളുടെ കഴിവിനനുസരിച്ച് എന്തെങ്കിലും തന്നാൽ മതി.” അരുൺ എന്തെങ്കിലും പറയുന്നതിനു മുമ്പ് ഗോകുൽ പറഞ്ഞു.

ഗോകുലിന് ആവേശം തിരിച്ചറിഞ്ഞ് അരുൺ പിന്നെ ഒന്നും മിണ്ടിയില്ല. സത്യത്തിൽ അരുണും അത്തരമൊരു കേസ് ആഗ്രഹിക്കുന്നുണ്ടായിരുന്നു.

“നിങ്ങൾ ഇപ്പോൾ തന്നെ വീട്ടിലേക്ക് വരുന്നുണ്ടോ.”

“ഉവ്വ്…അന്വേഷണം ഇപ്പോൾ തന്നെ ആരംഭിക്കാം. ഇനി വൈകിപ്പിക്കുന്നില്ല” ഗോകുൽ വളരെ ഉത്സാഹത്തിലായിരുന്നു.

ഗോകുലിന് അമിത ഉത്സാഹം കണ്ടു അരുണിന് ഭയം കൂടുകയാണ് ചെയ്തത്. പക്ഷേ പ്രതിഫലം കുറഞ്ഞാലും കേസ് ഏറ്റെടുക്കാൻ തന്നെയായിരുന്നു അരുണിന്റെ തീരുമാനം.

“എന്നാൽ വൈകണ്ട പോകാം” പ്രേമചന്ദ്രൻ പറഞ്ഞു കൊണ്ട് എഴുന്നേറ്റു. പുറകെ ആ ഇരുവർ സംഘവും.

ഏതാണ്ട് അരമണിക്കൂറോളം സമയം എടുത്തു, അവർ പ്രേമചന്ദ്രന്റെ വീട്ടിൽ എത്തിച്ചേരാൻ. കാർ ഗേറ്റ് കടന്ന് അകത്തെത്തിയപ്പോൾ തന്നെ ഒരു സ്ത്രീ സിറ്റൗട്ടിൽ എത്തി. അതായിരിക്കാം പ്രേമചന്ദ്രന് ഭാര്യ എന്ന് ഗോകുൽ ഊഹിച്ചു.

മൂവരും കാറിൽനിന്നിറങ്ങി. പ്രേമചന്ദ്രന്റെ കാറിലായിരുന്നു അവർ വന്നത്.

“ഞാൻ അരുൺ. ഇത് എന്റെ കൂട്ടുകാരൻ ഗോകുൽ. ഞങ്ങൾ പ്രേമചന്ദ്രന്റെ പഴയ സുഹൃത്തുക്കളാണ്.” അരുൺ പ്രേമചന്ദ്രന് ഭാര്യ എന്ന് തോന്നിയ സ്ത്രീക്ക് തങ്ങളെ പരിചയപ്പെടുത്തി.

“കയറി വരൂ” അവർ പറഞ്ഞു. ഗോകുൽ അവരെ സൂക്ഷിച്ചു നോക്കി. മകളെ കാണാതായ ഒരു സ്ത്രീയുടെ ദുഃഖം ആ മുഖത്ത് കണ്ടെത്താൻ അവന് സാധിച്ചില്ല. ഒരുപക്ഷേ ഇത് പ്രേമചന്ദ്രനെ ബന്ധുക്കൾ ആരെങ്കിലും ആയിരിക്കുമോ എന്ന് പോലും അവൻ സംശയിച്ചു.

“ഇത് എന്റെ ഭാര്യ ശ്രീദേവി.” ഗോകുലിന്റെ സംശയത്തിനുത്തരമെന്നോണം പ്രേമചന്ദ്രൻ തന്റെ ഭാര്യയെ അവർക്ക് പരിചയപ്പെടുത്തി. ഗോകുൽ സ്ത്രീയെ ഒന്നു ചുഴിഞ്ഞു നോക്കി. മകളെ കാണാതായതിന്റെ കഠിന ദുഃഖം ഒന്നും അവരുടെ കണ്ണുകളിൽ ഉണ്ടായിരുന്നില്ല.

“കുറച്ചു വെള്ളം കിട്ടിയാൽ നന്നായിരുന്നു.” അരുൺ ശ്രീദേവിയെ ഒഴിവാക്കാനായി പറഞ്ഞു. തങ്ങൾ കുറ്റാന്വേഷകരാണെന്ന് ആ സ്ത്രീ അറിയേണ്ട എന്ന് അവൻ തീരുമാനിച്ചു.

“വത്സലേ കുറച്ച് വെള്ളം കൊണ്ടു വരൂ.” അവന്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് ശ്രീദേവി അടുക്കളഭാഗത്തെ നേരെ തിരിഞ്ഞു വിളിച്ചുപറഞ്ഞു. ഗോകുൽ ശാസന രൂപത്തിൽ അരുണിനെ നോക്കി. പിന്നെ പ്രേമചന്ദ്രനെയും.

“ദേവി നീ തന്നെ പൊയ്ക്കോളൂ ഞങ്ങൾക്ക് ചില കാര്യങ്ങൾ ചർച്ചചെയ്യാൻ ഉണ്ട്.” ഗോകുലിന്റെ നോട്ടം തിരിച്ചറിഞ്ഞ പ്രേമചന്ദ്രൻ ഭാര്യയായി പറഞ്ഞു.

“കണ്ടവന്മാർക്ക് വെള്ളമെടുക്കാൻ ഞാനെന്താ വേലക്കാരിയോ.” ധാർഷ്ട്യത്തോടെ അങ്ങനെ പറഞ്ഞുകൊണ്ട് നിലത്തു ആഞ്ഞു ചവിട്ടി അവർ തൊട്ടടുത്തുള്ള മുറിയിലേക്ക് കയറി.

“സാർ ഞങ്ങൾ നിങ്ങളുടെ സുഹൃത്തുക്കളാണെന്നേ ഇവിടെയുള്ളവർ അറിയാൻ പാടുള്ളൂ. അതൊരുപക്ഷേ അന്വേഷണത്തിന് ഗുണം ചെയ്യുമെന്ന് തോന്നുന്നു.” അരുൺ പ്രേമചന്ദ്രൻ കേൾക്കെ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ശരി”

Leave a Reply

Your email address will not be published. Required fields are marked *