പിറ്റേന്ന് ഞായർ, അവധി ദിവസം. സോണി ഇന്ന് വീട്ടിൽ വരാമെന്ന് പറഞ്ഞതാ. അമ്മയും അച്ഛനും വീട്ടിലുണ്ട്. മണി മൂന്നായി. അവന്റെ വീട്ടിലെ നമ്പർ ഓർമ്മയുണ്ട്. ഒന്ന് വിളിച്ചു നോക്കാം എന്ന് കരുതി ടെലഫോണിനടുത്തെത്തിയപ്പോൾ പുറത്ത് കോളിങ് ബെൽ അമർന്നു. പിന്നാലെ അനുവാദം ചോദിക്കാതെ സോണി ഉള്ളിലേക്ക് കയറി. അവനിങ്ങനെയാണ്. ജിത്തൂന്റെ വീട്ടിലേക്ക് കയറി വരാൻ അവൻ ആരോടും അനുവാദം ചോദിക്കില്ല. പക്ഷേ, ജിതിന്റെ അച്ഛനെ അവന് പേടിയാണ്. പ്രഭാകരന്റെ കാടൻ കൂട്ടുപുരികവും മുള്ളൻപന്നി മീശയും തീക്ഷണഭാവവും കണ്ടാൽ ആർക്കും ഒന്ന് തോന്നും, അളിയൻ ഇച്ചിരി മുറ്റാണെന്നു.
“ഹാ.. വന്നല്ലോ, എന്തുണ്ട് സോണിമോനെ വിശേഷം?”
അംബികാമ്മ ഒരു ആഴ്ചപ്പതിപ്പും ചുരുട്ടിക്കൊണ്ട് അങ്ങോട്ടേക്ക് വന്നു.
“ആ, നല്ല വിശേഷം അംബികാമ്മെ, “
“കുറെയായല്ലോ കണ്ടിട്ട്? പഠിപ്പൊക്കെ എങ്ങിനെ പോണു? ഇപ്പോ എന്താ ഇങ്ങോട്ട്?”
“അവൻ പുതിയ പ്രോജക്ടിന്റെ ഡിസ്കഷന്, എന്നെ സഹായിക്കാൻ വന്നതാമ്മേ.”
സോണി എന്തെങ്കിലും അബദ്ധം പറഞ്ഞു ചളമാക്കുന്നതിന് മുന്നേ ജിതിൻ ചാടിക്കയറി പറഞ്ഞു.
“വാടാ…” ജിതിൻ അന്തിച്ചു നിന്ന സോണിയുടെ കയ്യും പിടിച്ചു മുകളിലേക്ക് പോയി.അംബികാമ്മ ചിരിച്ചു കൊണ്ട് തലയാട്ടി നടന്നു പോയി.സോണിയെയും കൊണ്ട് മുറിയിൽ കയറി വാതിൽ കുറ്റിയിട്ട് അവനെ കട്ടിലിൽ പിടിച്ചിരുത്തി ജിതിൻ. മേശപ്പുറത്തുന്ന ഒരു ബുക് എടുത്ത് നിവർത്തി പേന കൊണ്ട് ഓരോന്ന് കുറിച്ചു തുടങ്ങി.
“മച്ചൂ, എനിക്ക് രണ്ട് കാര്യങ്ങളാണ് നിന്നോട് പറയാനുള്ളത്. ഒന്ന്, ഫൈസലിനെ നമുക്ക് ഒതുക്കണം. രണ്ട്, നീ എപ്പോഴെങ്കിലും രാജാവായി വിലസിയിട്ടുണ്ടോ?”
“ഇല്ല, മോനെന്താ പറഞ്ഞു വരുന്നത്?”
“എടാ, ഫൈസൽ നമുക്ക് ഒരു പ്രശ്നമാണ്. അവന്റെ ശല്യമില്ലെങ്കിൽ പിന്നെ ഞാനാരാ?നീയാരാ? നമ്മളാരാ??”
“സംഗതിയൊക്കെ ശെരി, അതിന് ഞാനെന്താ വേണ്ടതെന്ന് പറ.”
“നീയൊന്നും ചെയ്യണ്ട. എല്ലാം ഞാൻ ചെയ്യുന്നുണ്ട്. നീ ആവശ്യമുള്ളപ്പോൾ ഒന്ന് താങ്ങിയ മതി. എന്നുവച്ചു അവസാനം എനിക്കിട്ട് ഒരുമാതിരി മറ്റേ താങ്ങു താങ്ങരുത്.”
“നീ കാര്യം പറ.”
ജിതിൻ മേശവലിപ്പ് തുറന്ന് അതിനുള്ളിൽ നിന്ന് ഒരു ടാബ്ലറ്റ് സ്ട്രിപ്പ് എടുത്തു.
“ഇത് കണ്ടോ?”
“ഇതെന്താ? ഗുളിക, ഇതെന്തിനാ?”