“അഥവാ ആണെങ്കിൽ തന്നെ, ഇനിയിപ്പോ പറഞ്ഞത് തിരിച്ചെടുക്കാൻ പറ്റില്ലല്ലോ മിസ്സെ?”
അൽപനേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല.
“ജിത്തൂ, നിനക്ക്, നിനക്കങ്ങനെ എന്തെങ്കിലും തോന്നിയാൽ എന്നോടത് പറയാൻ എന്തൊക്കെ മാർഗങ്ങളുണ്ട്? എന്നിട്ടും നീയെന്നെ….”
“ഉള്ളിൽ തോന്നുന്നത് മറച്ചു പിടിച്ചു ജീവിക്കാൻ വല്ല്യ പാടാണ് മിസ്സെ.പ്രത്യേകിച്ചും ഇങ്ങനൊരു ഇഷ്ടം. പറഞ്ഞതും ചെയ്തതും എല്ലാം തെറ്റാണ് മിസ്സെ, സോറി, എന്റെ മണ്ടത്തരം. പക്ഷെ, അതെല്ലാം തോന്നിയത്, അത് ഉള്ളിൽ ഉറഞ്ഞു പോയി. എത്ര തവണ മാപ്പ് പറഞ്ഞാലും ചെയ്ത തെറ്റിന് പരിഹാരമാവില്ല. എന്നാലും സോറി. ഇനി ഞാൻ മിസ്സിന്റെ ഒരു കാര്യത്തിലും ഇടപെടില്ല. സോറി…”
മൗനം പിന്നെയും ഇളം കാറ്റിന്റെ അകമ്പടിയോടെ അവരെ തഴുകി നീങ്ങി.
“നീ ഇമോഷണൽ അവല്ലേ ജിത്തൂ, അത്രേയൊക്കെയെ ഉള്ളോ നിനക്കെന്നോട്? നമ്മൾ തമ്മിൽ എല്ലാം ഷേർ ചെയ്യുമായിരുന്നില്ലേ? ഇങ്ങനൊരു കാര്യം തോന്നിയപ്പോ നീ എന്നോട് ഷേർ ചെയ്തു. അത്രേം വിചാരിച്ചാൽ മതി. ജിത്തൂ, നീയിപ്പോ പഠിക്കേണ്ട പ്രായമാ. ഈ സമയത്തു നീ വേണ്ടാത്തതൊക്കെ ചിന്തിച്ചു നടന്നാൽ പിന്നെ എനിക്ക് ദേഷ്യം വരില്ലേ? അത്രേയുള്ളൂ. ഞാനത് എപ്പോഴേ വിട്ടു. നീയത് മനസ്സിൽ നിന്ന് കളയണം. പ്ലീസ്.”
“മനസ്സീന്ന് കളയാൻ നോക്കുന്നുണ്ട് മിസ്സെ, ശ്രമിക്കാഞ്ഞിട്ടല്ല. പറ്റണ്ടേ?”
“നിന്നെക്കൊണ്ട് പറ്റും. എനിക്കറിയാം. ഇവിടെ പഠിപ്പിക്കാൻ തുടങ്ങിയപ്പോ മുതൽ എന്നോട് ഇത്തിരിയെങ്കിലും കരുണ ആരെങ്കിലും കാണിച്ചിട്ടുണ്ടെങ്കിൽ അത് നീയാ. പിന്നെ വിദ്യ, നീയില്ലെങ്കിൽ എനിക്ക് വിഷമങ്ങൾ തുറന്ന് പറയാൻ അവൾ മാത്രേ ഉള്ളു. നീ കൂടെ എന്നോടിങ്ങനെ മിണ്ടാതെ ഇരുന്നാൽ പിന്നെ… പിന്നെ ഞാനിങ്ങോട്ട് വരില്ല. “
അവനൊന്നും പറഞ്ഞില്ല. ബസ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുമ്പോഴും അവർ തമ്മിൽ അതുവരെ ഇല്ലാതിരുന്ന ഒരു അകലം ഉള്ളത് പോലെ തോന്നി അവന്.
“ബസ് വരാൻ സമയമായി ജിത്തൂ, നീയെന്തെങ്കിലും പറ.”
“ഇയാളൊന്ന് അടങ്ങെടോ പട്ടത്തിപ്പെണ്ണേ, ഞാൻ ഇവിടെ ചിന്തിക്കുവല്ലേ?
“ടാ ടാ…”
കോകില കയ്യുയർത്തി. പക്ഷെ മറ്റുള്ളവർ ശ്രദ്ധിക്കുമെന്നു ഭയന്ന് വേറൊന്നിനും മുതിർന്നില്ല. ജിതിൻ ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറി നിന്നു. അവൾ ബസ്സിൽ കയറി കണ്മുന്നിൽ നിന്ന് മറയുന്നത് വരെ അവർ പരസ്പരം നോക്കാതെ ഒരാൾ മറ്റെയാൾക്ക് വേണ്ടി ചിരിച്ചു. ഒരു ക്ലാസിക് തിരിഞ്ഞു നോട്ടം ജിതിൻ പ്രതീക്ഷിക്കാതിരുന്നില്ല. അയ്യേ, വേണ്ട. ബോറ് പരുവാടി. ഹാ… പ്രേമം അല്ലെങ്കിലും എത്ര അല്ലെന്ന് സമർത്ഥിച്ചാലും അവസാനം പൈങ്കിളി തന്നെ. എന്നാലും, ഈ പെണ്ണുങ്ങളുടെ മനസ്സ് പിടി കിട്ടുന്നില്ലല്ലോ, ഇപ്പൊ കിട്ടിയത് ഗ്രീൻ സിഗ്നലാണോ അതോ റെഡ്ഡോ? ആവോ… എന്തായാലും അവളെ തന്നെക്കൊണ്ട് മറക്കാനൊന്നും സാധിക്കില്ല എന്ന് ജിതിന് മനസ്സിലായി.