“ഞാൻ നിന്നെ കുറ്റപ്പെടുത്താൻ ശ്രമിക്കില്ല. എന്നാൽ നീ ചെയ്തതിനെ ന്യായീകരിക്കാനും എനിക്കാവില്ല. ഞാനിന്ന് പോരുമ്പോൾ കോകിലക്ക് ചെറിയ പനിയുണ്ടായിരുന്നു. അതാ മിസ്സ് ഇന്ന് വരാതിരുന്നെ.”
എല്ലാം കേട്ട് മിണ്ടാതെ നിൽക്കാനേ ജിതിന് കഴിഞ്ഞുള്ളു. ഒന്നും തിരിച്ചു പറയാനോ, അവരെ ഒന്നും അറിയിക്കാനോ അവൻ മുതിർന്നില്ല.
“ജിത്തൂ, നിന്നോട് കോകില കുറച്ച് ഫ്രീയായി പെരുമാറി, അടുത്തിടപഴകി. നിന്റെ പ്രായത്തിലുള്ള ഒരു പയ്യൻ ആ പെരുമാറ്റത്തെ തെറ്റിദ്ധരിക്കും. ഇറ്റ് ഇസ് നാച്ചുറൽ. പക്ഷെ നീ ചെയ്തത് കുറച്ച് കടന്നു പോയി.”
ജിതിൻ നിന്ന് ഐസായി. അവനെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ, നാവനങ്ങുന്നില്ല.
“നീ പേടിക്കണ്ട. അവൾ ഇത് വേറെയാരോടും പറഞ്ഞിട്ടില്ല. ഞാനും പറയില്ല. പക്ഷെ നീയെനിക്ക് ഒരു വാക്ക് തരണം.”
ജിതിൻ ചോദ്യഭാവത്തിൽ വിദ്യയെ നോക്കി.
“നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാലഘട്ടത്തിൽ കൂടിയാണ് നീ പൊയ്ക്കൊണ്ടിരിക്കുന്നത്. നിന്റെ മുന്നോട്ടുള്ള ജീവിതത്തെ തീരുമാനിക്കുന്നത് ഈ സമയമാണ്. ഇപ്പോൾ പഠിക്കുക എന്നല്ലാതെ മറ്റൊരു വിചാരവും നിന്റെ ഉള്ളിൽ ഉണ്ടാകാൻ പാടില്ല. നീ പഠിക്ക്. പഠിച്ച് നല്ല മാർക്ക് വാങ്ങി എല്ലാരേയും കൊണ്ട് നല്ലത് പറയിക്ക്. കോകിലക്ക് നീ കൊടുക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ സന്തോഷവും ഗുരുദക്ഷിണയും അതാണ്. എന്താ പറ്റ്വോ?”
വിദ്യ കൈ നീട്ടി. ഉള്ളു നുറുങ്ങുന്ന വേദനയിലും ജിതിൻ മുഖത്തെ പുഞ്ചിരി മായ്ക്കാതെ വിദ്യയുടെ കയ്യിൽ തന്റെ കരതലം ചേർത്തു. വീട്ടിൽ ചെന്ന് കയറിയപ്പോൾ തൊട്ട് കേട്ട് തുടങ്ങിയ അമ്മയുടെ വേവലാതികൾക്ക് സ്കൂളിൽ മറ്റൊരു കുട്ടിയിമായി അബദ്ധവശാൽ കൂട്ടിയിടിച്ച് മുറിഞ്ഞതാണെന്നു പറഞ്ഞു സമാധാനിപ്പിച്ചു. എന്നാൽ ഉള്ളിലെ മുറിവുകൾ ‘അമ്മയെന്ന വൈദ്യൻ കണ്ടു പിടിച്ചാലോ എന്ന് പേടിച്ച് ഒരുപാട് പഠിക്കാനുണ്ടെന്ന് പറഞ്ഞ് അവൻ മുറിക്കകത്തു ചടഞ്ഞു കൂടി. കഴിക്കാൻ നേരമായപ്പോൾ ‘അമ്മ വന്നു വിളിച്ചു. അച്ഛൻ ജോലി കഴിഞ്ഞെത്തിയിരുന്നു. ഒരുമിച്ചിരുന്നു കഴിക്കുമ്പോൾ ഇടക്കിടെ തന്റെ കീഴ്ചുണ്ടിലെ മുറിവിന് മേൽ വീഴുന്ന അച്ഛന്റെ നോട്ടം ഒരു പരിധി വരെ അവൻ കൈ കൊണ്ട് മറച്ചു. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി അവൻ കൈ കഴുകി മുറിയിൽ കയറി കതകടച്ചു. എന്നാൽ മനസ്സിലെ ആന്തലിന് ശമനമുണ്ടായിരുന്നില്ല. സ്നേഹിക്കുന്ന പെണ്ണിന്റെ സ്വസ്ഥത താൻ കാരണം വേരറ്റു പോയി. ഒരു തരത്തിൽ പറഞ്ഞാൽ സ്വാർത്ഥനാണ് താൻ. തന്റെ കാര്യം മാത്രം കണക്കിലെടുത്ത് അവളുടെ കളങ്കമില്ലായ്മയെ മുതലെടുത്തവൻ. താൻ ഇനിയും ആ പഴയ കുട്ടിയിൽ നിന്നും ഏറെ വളരാനിരിക്കുന്നു. കഷ്ടം… ഓരോന്ന് ചിന്തിച്ചു കൂട്ടി കിടക്കയിലേക്ക് ചാഞ്ഞ അവൻ പതിയെ ഉറങ്ങിപ്പോയി. തന്റെ മുടിയിൽ എന്തോ അരിച്ചിറങ്ങുന്നത് പോലെ തോന്നിയപ്പോൾ അവൻ മിഴി തുറന്നു. പ്രഭാകരൻ, അവന്റെ അച്ഛൻ അവനെ വാത്സല്യത്തോടെ ഒരു നിമിഷം നോക്കി, ഭാവം മാറ്റി തിരിഞ്ഞു നടക്കാനൊരുങ്ങി.
“അച്ഛാ”
പ്രഭാകരൻ പെട്ടെന്ന് നിന്നു. തിരിച്ചു വന്ന് ജിതിന്റെ അടുത്തിരുന്നു.
“അരുമായിട്ടാ സാറേ തല്ലുണ്ടാക്കിയത്?
“അല്ലഛ, ഞാൻ ക്ലാസ്സിലെ ഒരു കുട്ടിയിമായി…”
“മം… മതി. ആ ന്യായം നിന്റെ അമ്മയുടെ അടുത്ത് ചിലവാവും. ഞാൻ നിന്റെ പ്രായം കഴിഞ്ഞാടാ വന്നേ.”