“ഈശ്വരാ ഇതെന്തു പെണ്ണാ..”
മായ അവളുടെ അടുത്തു നിന്നും പോയി ഫങ്ക്ഷന് വന്നവരുമായി സംസാരിച്ചു തുടങ്ങി.
നീലിമ അക്ഷമയോടെ അവിടെയൊക്കെ നടന്നു. കുറച്ച് സമയം കഴിഞ്ഞപ്പോഴേക്കും മായ നീലിമയെ ശ്രദ്ധിച്ചു തുടങ്ങി. നീലിമയുടെ മുഖമാകെ ഇരുണ്ട് ഇരിക്കുന്നു. ആരോടും സംസാരിക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. ഇടയ്ക്കിടയ്ക്ക് പുറത്തേക്ക് പോയി നോക്കുന്നു. ഓരോരുത്തരും കൊടുക്കുന്ന ഗിഫ്റ്റ് താല്പര്യമില്ലാത്തത് പോലെ വാങ്ങി അങ്ങിങ്ങായി വയ്ക്കുന്നു.
മായയുടെ ഉള്ളിൽ ടെൻഷൻ കയറി.
ഈശ്വരാ ഈ കുട്ടിക്ക് എന്താ പറ്റിയെ.. ഓരോരുത്തർ ഇപ്പോൾ ശ്രദ്ധിക്കുമല്ലോ.
വീടിനു പുറത്തേക്ക് നടന്ന നീലിമയുടെ പിന്നാലെ മായയും ചെന്നു.
“നീ ഇത് ആരെയാ നോക്കുന്നെ?”
ഗേറ്റിലേക്ക് നോക്കി നിരാശയോടെ നീലിമ പറഞ്ഞു.
“ഹരിയേട്ടൻ ഇതുവരെ വന്നില്ല ചേച്ചി.”
മായ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു.
“ഹരി വന്നൊള്ളും.. നീ അകത്തോട്ട് വന്നേ, ചേട്ടൻ നിന്നെ തിരക്കുന്നുണ്ട്.. കേക്ക് മുറിക്കാൻ സമയമായി.”
ഗേറ്റിന് വെളിയിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു.
“ഒരഞ്ചു മിനിറ്റ് കൂടി കഴിഞ്ഞ് കേക്ക് മുറിക്കാം.. ഹരിയേട്ടൻ അപ്പോഴേക്കും എത്തും.”
മായയുടെ മനസ്സിലേക്ക് ആദി ഇരച്ചുകയറി.
ആരെങ്കിലും ഇതൊക്കെ ശ്രദ്ധിച്ചാൽ ഇവൾ പറയുന്നതൊക്കെ കേട്ടാൽ എന്ത് വിചാരിക്കും.
പെട്ടെന്നാണ് ഗേറ്റിനു മുന്നിൽ ഒരു കാറിൻറെ വെട്ടം. കാറ് കണ്ടപ്പോൾ തന്നെ നീലിമയ്ക്ക് മനസ്സിലായി അത് ഹരിയുടേത് ആണെന്ന്.
ഇരുണ്ട് ഇരുന്ന അവളുടെ മുഖത്ത് പെട്ടെന്ന് പ്രകാശം പരന്നു. അവൾ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു.
“ചേച്ചി ഹരിയേട്ടൻ വന്നു.”
അവൾ കാറിനടുത്തേക്ക് നടക്കാൻ ഭാവിച്ചപ്പോൾ മായ പെട്ടെന്ന് അവളുടെ കൈകളിൽ പിടിച്ചു നിർത്തി. നീലിമ ഒരു നിമിഷം മായയുടെ മുഖത്തേക്ക് നോക്കിയ ശേഷം അവിടെ തന്നെ നിന്നു.
കാറിൽ നിന്നും ഇറങ്ങിയ ഹരി അവർക്ക് അരികിലെത്തിയപ്പോൾ നീലിമ ചോദിച്ചു.
“എന്താ ഇത്രയും ലേറ്റ് ആയത്.. ഞാൻ എപ്പോഴും നോക്കി നിൽക്കുകയാണ്.”
ഹരി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
“എവിടെ എനിക്കുള്ള ഗിഫ്റ്റ്?”
ഹരി തൻറെ കയ്യിൽ ഇരുന്ന ചെറിയ പൊതി അവൾക്ക് നേരെ നീട്ടി.
വിടർന്ന മുഖത്തോടെ അവൾ അത് വാങ്ങി പെട്ടെന്ന് തന്നെ പൊതി തുറന്നു നോക്കി.