. . . .
വൈകുന്നേരം 5 മണി കഴിഞ്ഞപ്പോഴേക്കും ബർത്ത്ഡേ ഫങ്ഷനുള്ള ആൾക്കാർ വന്നു തുടങ്ങി.
നീലിമയും കുളിച്ച് പുതിയ ഡ്രസ്സ് ഇട്ട് റെഡിയായി നിൽക്കുകയാണ്. അവളുടെ മുഖത്ത് നല്ല സന്തോഷവും ഉണ്ടായിരുന്നു.
കൊച്ചുകുട്ടികളെപ്പോലെ ചിന്നുവിനെ കയ്യിലെടുത്ത് കളിപ്പിച്ച് ഹാളിലൂടെ നടക്കുമ്പോഴും അവളുടെ കണ്ണുകൾ ഇടയ്ക്കിടെ വാതിലിലൂടെ പുറത്തേക്ക് നീങ്ങി.
അവൾ പ്രതീക്ഷിച്ചിരുന്ന ആൾ വരാൻ വൈകുന്നതിനാൽ അവളുടെ മുഖത്തെ സന്തോഷം പതുക്കെ പതുക്കെ മാഞ്ഞു തുടങ്ങി. അവൾ നിരാശയോടെ കുഞ്ഞിനെയുംകൊണ്ട് റൂമിലേക്ക് നടന്നു.
നീലിമയെ കാണാതെ തപ്പി നടക്കുകയായിരുന്ന മായ അവസാന റൂമിലേക്ക് ചെല്ലുമ്പോൾ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്ന നീലിമയെയാണ് കണ്ടത്.
“നീ ഇവിടെ എന്തെടുക്കുവാ.. എല്ലാരും നിന്നെ നോക്കി നിൽക്കയാ അവിടെ..”
“ഞാൻ ഹരിയേട്ടനെ വിളിക്കുവായായിരുന്നു. ഇതുവരെ വന്നിട്ടില്ല, ഫോൺ വിളിച്ചിട്ട് എടുക്കുന്നും ഇല്ല.”
“ഹരി ഇങ്ങ് വന്നൊള്ളും. അഞ്ചുമണി കഴിഞ്ഞതല്ലെ ഉള്ളൂ. നീയിങ്ങ് വന്നെ താഴെ കിഷോറും ഫാമിലിയും എത്തിയിട്ടുണ്ട്.”
മായ ചിന്നുവിനെ കൈയിലെടുത്ത് നീലൂവിനെയും പിടിച്ച് വലിച്ചു പടികളിറങ്ങി താഴേക്ക് നടന്നു.
കിഷോറും അച്ഛനും അമ്മയും അവളെ പ്രതീക്ഷിച്ച് അവിടെ നിൽപ്പുണ്ടായിരുന്നു.
നീലിമയെ കണ്ടയുടൻ കിഷോർ അവൾക്കരികിൽ ചെന്ന് ഒരു പൊതി നൽകിക്കൊണ്ട് പറഞ്ഞു.
“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ..”
അവൾ ആ പൊതി കിഷോറിൻറെ കയ്യിൽ നിന്നും ചെറുപുഞ്ചിരിയോടെ വാങ്ങി. എന്നിട്ട് താങ്ക്സ് എന്ന് പറഞ്ഞു നടന്നകന്നൂ.
മായ പിന്നാലെ ചെന്ന് നീലിമയെ പിടിച്ചു നിർത്തി ചോദിച്ചു.
“നീയെന്താ കിഷോർ തന്ന ഗിഫ്റ്റ് തുറന്നു നോക്കാഞ്ഞെ?”
നീലിമ അലസമായി പറഞ്ഞു.
“അതിനിപ്പോൾ എന്താ നോക്കാൻ ,വല്ല ഡയമണ്ട്സ് ചെയിൻ വല്ലതും ആയിരിക്കും.”
“എന്തായാലെന്താ അതൊന്നു തുറന്നു നോക്കി കൂടായിരുന്നോ.. എല്ലാവരുടെയും മുന്നിൽ വെച്ച് നീ ഗിഫ്റ്റ് നോക്കണം എന്ന് അവൻ ആഗ്രഹിച്ചു കാണില്ലേ?”
“ഓ.. അതിൻറെ ആവശ്യമൊന്നുമില്ല.”