അതുകേട്ട് ഹരി പുഞ്ചിരിച്ചു.
മായ വീടിനകത്ത് കയറി പോയപ്പോൾ ഹരി കൊച്ചിനെ തോളിലിട്ട് നടക്കാൻ തുടങ്ങി. ചിന്നു പതുക്കെ ഉറക്കത്തിലേക്ക് വഴുതിവീണു തുടങ്ങിയപ്പോഴാണ് നീലിമ അവൻറെ അരികിലേക്ക് വന്നത്.
എൻഗേജ്മെൻറ് ഡ്രസ്സ് അവൾ ഇതുവരെ മാറിയിട്ടില്ലായിരുന്നു.
ചുവപ്പും ഗോൾഡൻ കളറും കലർന്ന ലാച്ച അവൾക്ക് നന്നായി ചേരുന്നുണ്ട്.
അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.
“ചിന്നൂട്ടി ഉറക്കമായോ?”
ഇവൾക്ക് ഇതെങ്ങനാ ചിരിച്ച് സംസാരിക്കാൻ കഴിയുന്നത് എന്ന് ചിന്തിക്കുന്നതിനിടയിൽ ഹരി അതെയെന്ന അർത്ഥത്തിൽ മൂളി.
“ഇങ്ങ് തന്നേക്ക്, ഞാൻ അകത്തു കൊണ്ടുപോയി കിടക്കാം.”
അവിടെ നിന്നിരുന്ന ശരത് ചോദിച്ചു.
“നീ ഇതുവരെ ഡ്രസ്സ് മാറിയില്ലേ?”
“മാറണം ചേട്ടാ.. ഓരോരുത്തരും ആയി സംസാരിച്ചു നിൽക്കുകയായിരുന്നു, ചൂട് എടുത്തിട്ട് വയ്യ..”
ഹരി കുഞ്ഞിന കൈമാറുപ്പോഴാണ് അവളുടെ കൈവിരലിൽ കിടക്കുന്ന മോതിരത്തിലേക്ക് ശ്രദ്ധ പറഞ്ഞത്. ഒരു നിമിഷം മോതിരത്തിൽ എഴുതിയിരിക്കുന്ന കിഷോർ എന്ന പേരിലേക്ക് അവൻ നോക്കി.. പിന്നെ പെട്ടെന്ന് തന്നെ ശ്രദ്ധ അതിൽ നിന്നും മാറ്റി.
കൊച്ചിനെ വാങ്ങി കഴിഞ്ഞ് അവൾ പറഞ്ഞു.
“ബുധനാഴ്ച എൻറെ ബർത്ത് ഡേ ആണ്, വരണം.”
ഹരി ഒഴിഞ്ഞുമാറാനായി പറഞ്ഞു.
“അന്ന് വർക്കിംഗ് ഡേ അല്ലേ, ഇപ്പോൾ തന്നെ ഓഫീസിൽ ഒരുപാട് വർക്ക് പെൻഡിംഗ് കിടക്കുകയാണ്.
അതുകേട്ട ശരത് പറഞ്ഞു.
“വൈകുന്നേരം ആറുമണിക്ക് ശേഷം ആണ് ഫങ്ഷൻ, അപ്പോഴേക്കും ഹരിക്ക് ഇങ്ങ് എത്താല്ലോ.. ഈ വീട്ടിൽ ഇവളുടെ അവസാന ബെർത്ത് ഡേ ആയോണ്ട് കുറച്ച് ഗ്രാൻഡ് ആയിട്ടാണ് നടത്തുന്നത്.
ഹരിക്ക് പിന്നെ ഒഴിവുകഴിവുകൾ ഒന്നും പറയാൻ കഴിഞ്ഞില്ല.
കൊച്ചിനേം കൊണ്ട് നടക്കുന്നതിനിടയിൽ ചിരിച്ചു കൊണ്ട് നീലിമ പറഞ്ഞു.
“എനിക്ക് നല്ലൊരു ബർത്ത് ഡേ ഗിഫ്റ്റ് കൊണ്ട് വന്നേക്കണം.”
നീലിമയുടെ മനസ്സിൽ എന്താണെന്ന് മനസ്സിലാക്കാനാകാതെ കുഴഞ്ഞു നിൽക്കുകയായിരുന്നു ഹരി അപ്പോൾ.