ബാംഗ്ലൂരിലെ ഓഫീസ് ക്യബിനിൽ ഇരുന്ന് ഫയലുകൾ നോക്കുകയായിരുന്നു ഹരി.
ബാംഗ്ലൂർ ലൈഫ് ഹരി ഇപ്പോഴാണ് ശരിക്കും ആസ്വദിച്ചു തുടങ്ങിയത്. മനസ്സിനെ എപ്പോഴും ഒരു സന്തോഷം ഉള്ളതുപോലെ. അതിൻറെ കാരണം നീലിമയുടെ സാന്നിധ്യം തന്നെയായിരുന്നു.
ദേവുവിൻറെ കല്യാണം കഴിഞ്ഞ് മൂന്നാറിൽ നിന്നും വന്ന ശേഷം കുറച്ചധികം സ്വാതന്ത്ര്യത്തോടെ ആണ് നീലിമ ഹരിയോട് പെരുമാറിയിരുന്നത്. ഹരി അത് ആസ്വദിക്കുന്നുമുണ്ട്.
പെട്ടെന്ന് ആരോ ഡോർ തുറന്ന് അകത്ത് കയറുന്നത് അറിഞ്ഞ് ഹരി അവിടേക്ക് നോക്കി. ഡോർ തുറന്ന് ക്യാബിന് അകത്തേക്ക് കയറി വരുന്ന ശരത്തിനെ കണ്ടു ഹരിയുടെ മുഖത്ത് അത്ഭുതം നിറഞ്ഞു. ശരീരത്തിനൊപ്പം വേറെ ഒരു ചെറുപ്പക്കാരൻ കൂടി ഉണ്ടായിരുന്നു.
ഹരി കസേരയിൽ നിന്ന് പെട്ടെന്ന് എഴുന്നേറ്റ് ചോദിച്ചു.
“ശരത്തേട്ടൻ പെട്ടെന്ന് എന്താ ഒരു മുന്നറിയിപ്പും തരാതെ ഒരു വരക്കം.”
ചിരിച്ചുകൊണ്ട് ശരത് പറഞ്ഞു.
“ഒരു സർപ്രൈസ് തന്നു കളയാം എന്ന് കരുതി.”
കൂടെയുള്ള ആളെ കാണിച്ച് ശരത്ത് പറഞ്ഞു.
“ഇത് കിഷോർ.. അച്ഛൻറെ കൂട്ടുകാരൻറെ മകനാണ്.”
ഹരി ചിരിച്ചുകൊണ്ട് കിഷോറിന് കൈകൊടുത്തു.
ശരത് പറഞ്ഞു.
“ഞങ്ങൾ ഇപ്പോൾ വന്ന കാര്യം ആണ് ഏറ്റവും വലിയ സർപ്രൈസ്”
ഹരി ആകാംക്ഷയോടെ ശരത്തിൻറെ മുഖത്തേക്ക് നോക്കി.
“ഇത് അനൗപചാരികമായ ഒരു പെണ്ണുകാണൽ ആണ്. കിഷോർ നീലിമയെ കാണാൻ വന്നതാണ്.”
വലിയൊരു ഞെട്ടലോടെയാണ് ഹരി അത് കേട്ടത്.. മുഖത്ത് യാതൊരു ഭാവ വ്യത്യാസവും വരാതിരിക്കാൻ അവൻ ശ്രദ്ധിച്ചു. വളരെ ശ്രമപ്പെട്ട് മുഖത്ത് വരുത്തിയ പുഞ്ചിരിയോടെ അവൻ കിഷോറിനെ നോക്കി.
ശരത് പറഞ്ഞു.
“ഇതൊരു പെണ്ണുകാണൽ ആണെന്ന് നീലിമ ഇപ്പോൾ അറിയേണ്ട.. കിഷോറിന് ഇഷ്ടപ്പെടുകയാണെങ്കിൽ ബാക്കി കാര്യങ്ങൾ ആലോചിച്ചാൽ മതിയല്ലോ.”
ഹരി ശരത്തിൻറെ വാക്കുകൾ മൊത്തം ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. പകുതി ചത്ത മനസ്സോടെ അവിടെ നിൽക്കുകയായിരുന്നു.
“ഹരി.. നീലിമയോട് ഇവിടേക്ക് ഒന്ന് വരാൻ പറ.”
അവൻ ഫോൺ എടുത്തു നീലിമയെ ക്യാബിനിലോട്ട് വരാൻ പറഞ്ഞു.
കുറച്ചു നിമിഷങ്ങൾക്കകം ക്യാബിൻറെ ഡോർ തുറന്ന് അകത്തേക്ക് കയറി വന്ന നീലിമ ശരത്തിനെ കണ്ട് പെട്ടെന്ന് ഞെട്ടി നിന്നു. പിന്നെ ഓടി വന്ന് അവനെ കെട്ടിപ്പിടിച്ചു.