‘നീ ഇപ്പോൾ ഉറങ്ങിക്കാണും. ബാംഗ്ലൂരിൽ നിന്നും നാട്ടിൽ വന്നപ്പോൾ തൊട്ട് എപ്പോഴും കൂടെ തന്നെ ഉണ്ടായിരുന്നു. കല്യാണത്തിൻറെ തലേന്ന് തനിക്കൊപ്പം ഫുൾടൈം ദേവുവിൻറെ വീട്ടിൽ തന്നെയായിരുന്നു. ഒരു വർഷത്തിനു ശേഷം താൻ നാട്ടിലേക്ക് വരുമ്പോൾ അതിൽ എന്നെകാളും സന്തോഷം അവൾക്കായിരുന്നു.
വീട്ടിൽ ചെന്ന് കയറിയപ്പോൾ അമ്മ കെട്ടിപ്പിടിച്ചു കരയുകയായിരുന്നു. ആയുസ്സിനെ പകുതിയിലേറെയും കഷ്ടതകൾ മാത്രം അനുഭവിക്കാൻ വിധിക്കപ്പെട്ട സ്ത്രീ. ഇപ്പോൾ അവരുടെ ഏറ്റവും വലിയ ദുഃഖം ഞാനാണ്. അല്ല.. എന്തിനാ ഇപ്പോൾ എന്നെ ഓർത്തു ദുഖിക്കുന്നത്. ജോലിയുണ്ട്, നല്ല സമ്പാദ്യം ഉണ്ട്.. ഇനി ഞാനിങ്ങനെ കല്യാണം കഴിക്കാതെ നിൽക്കുന്നതാണോ അവരെ വിഷമിപ്പിക്കുന്നത്.”
മായേച്ചിയെ കാണാൻ ചെന്നപ്പോൾ അവിടെ നിന്നും കിട്ടി കുറെ പരാതികളും ഉപദേശവും.
നാട്ടിലേക്ക് വരാത്തത് തന്നെയാണ് മെയിൻ പരാതി, എത്രയും പെട്ടെന്ന് കല്യാണം കഴിച്ച് അമ്മയ്ക്ക് ഒരു കൂട്ട് കൊടുക്കണമെന്ന് ഉപദേശവും.
എങ്ങനെ മുഖത്തുനോക്കി പറയും ചേച്ചിയുടെ നാത്തൂൻ ആണ് എൻറെ മനസ്സിൽ എന്ന്. അഥവാ അത് പറഞ്ഞു കഴിഞ്ഞ് ശരത്തേട്ടൻ അറിയുപോൾ എന്തായിരിക്കും പ്രതികരണം… ഭാര്യയുടെ അനിയനെ പോലെ കാണാതെ സ്വന്തം അനിയനായി കണ്ട് പൈസയായും ജോലിയായും സഹായിച്ചപ്പോൾ തിരിച്ചു പെങ്ങളെ പ്രണയിച്ച് ചതിച്ച ഒരു നീചനായിയി കാണില്ലേ അവർ എന്നെ.
ചിന്തകൾ കാട് കയറിയപ്പോൾ ബെഡിൽ നിന്നും എഴുന്നേറ്റ് ഒരു പുതപ്പുകൊണ്ട് ശരീരവും മൂടിപ്പുതച്ച് ബാൽക്കണിയിലേക്ക് നടന്നു. ബാൽക്കണിയിലേക്ക് ചെല്ലുമ്പോൾ നീലിമ ഒരു പുതപ്പു കൊണ്ട് ശരീരം പുകച്ച് അകലേക്ക് നോക്കി നിൽക്കുന്നുണ്ടായിരുന്നു.
വർഷങ്ങൾക്കു മുമ്പ് ഇതുപോലൊരു രാത്രി താൻ ഇവിടെ വരുമ്പോൾ ജെസ്സിയും ഇങ്ങനെ നിന്നിരുന്നത് അവൻറെ മനസ്സിലേക്ക് ഓടിയെത്തി.
ഹരി സാവധാനം നടന്നു അവൾക്കരികിൽ പോയി കൈവരിയിൽ പിടിച്ച് ദൂരേക്ക് നോക്കി നിന്നു.
ഹരിയുടെ സാമീപ്യം അറിഞ്ഞിട്ടും അവനെ നോക്കാതെ അകലേക്ക് നോക്കി നിന്നു കൊണ്ട് നീലിമ പറഞ്ഞു.
“ചേട്ടൻ ഇവിടെ വരുമെന്ന് എനിക്കറിയാമായിരുന്നു.”
ഹരി ഒന്നും മിണ്ടിയില്ല.
മൂടൽമഞ്ഞ് നിറഞ്ഞുനിൽക്കുന്ന റോഡിലേക്ക് നോക്കിക്കൊണ്ട് നീലിമ ചോദിച്ചു.
“അന്ന് ജെസ്സി ചേച്ചിയുമൊത്ത് രാത്രി ഈ റോഡിൽ കൂടിയല്ലേ ചേട്ടൻ നടന്നത്.”
ഹരി അതെയെന്ന അർത്ഥത്തിൽ മൂളി.
“നമുക്ക് ഒന്നു നടന്നാലോ ഇപ്പോൾ ആ റോഡിലൂടെ?”
ഹരി അവളുടെ ആവശ്യം കേട്ട് പെട്ടെന്ന് തന്നെ പറഞ്ഞു.
“വേണ്ട..”