അടുത്ത കയറ്റം വളരെ വേഗതയിൽ കയറി അതിന്റ ഏറ്റവും ഉയർന്ന നിരപ്പിലെത്തിയതും അവൻ പെട്ടന്നു പറഞ്ഞു
“ഒന്നു നിർത്തിക്കേ, ഈ സൈഡിൽ ”
നിർത്തിയതും അവൻ ഹാൻഡ്‌ബ്രേക് പിടിച്ചുയർത്തി.
എനിക്കെന്തെങ്കിലും ചോദിക്കാനാവും മുന്നേ ആ ആ കൈകൾ എന്റെ കഴുത്തും തലയും ചേർത്തുപിടിച്ചു അവനിലേക്ക് വലിച്ചടുപ്പിച്ചു. നനഞ്ഞ ആ ചുണ്ടിന്റെ ചൂടും നനവും എന്റെ ചുണ്ടിലമർന്നു. ഒന്നു കുതറി പിടഞ്ഞ എന്നെ ആ നെഞ്ചിലേക്ക് ചേർത്തമർത്തി എന്റെ കീഴ്ച്ചുണ്ടിനെ അവൻ അവന്റെ ചുണ്ടുകൾക്കുള്ളിലേക്ക് എടുത്തു സാവധാനം നുകർന്നു തുടങ്ങി. അവന്റെ മേൽചുണ്ടിലെ കട്ടിയുള്ള മുടിയിഴകൾ എന്റെ ചുണ്ടുകളിൽ ഉരഞ്ഞു നീറുന്ന പോലെ. ആ നിശ്വാസം എന്റെ ശ്വാസമായ നിമിഷങ്ങൾ. അവൻ തേൻ കുടിക്കുന്ന ഒരു നറു പുഷ്പമായി ആ കൈക്കുള്ളിൽ സ്വയം മറന്നു ഞാൻ. ആദ്യചുംബനം……ഒരുപാട് സ്വപ്നം കണ്ട ആ നിമിഷങ്ങൾ…. സ്വപ്നത്തിനു പോലും ഇത്രമേൽ ഭംഗിയുണ്ടായിരിന്നില്ലെന്നു തോന്നിപ്പോയി. അവന്റെ ചുണ്ടുകൾ അത്രമാത്രം അഗാധമായി എന്നിൽ നിറഞ്ഞു നിൽക്കുന്ന പ്രണയത്തെയൊക്കെ അവനിലേക്ക് ആവാഹിക്കുന്നപോലെ. എല്ലാം മറന്നു ഞാൻ. എതിർക്കാൻ പോലും മറന്നുപോയ നിമിഷങ്ങൾ. ചുറ്റും ആരെങ്കിലും കാണുന്നുണ്ടോ എന്നുപോലും ചിന്തിച്ചതേയില്ല, സാവധാനം ആ ചുണ്ടുകൾ എന്നിൽനിന്നും വേർപെടും വരെ. വല്ലാത്ത കിതപ്പോടെ ആ മുഖത്തേക്ക് നോക്കാനാവാതെ സ്റ്റിയറിംഗിൽ തല ചേർത്തു മുഖം ഒളിപ്പിച്ചു ആ കിതപ്പിനെ ശാന്തമാക്കാൻ ഒരു പാഴ് ശ്രമം നടത്തി. ആ വിരൽതുമ്പ് എന്റെ ചെവികളിലൂടെ കഴുത്തിൽ പൊടിഞ്ഞു നിന്ന വിയർപ്പുകണങ്ങളിലൂടെ തഴുകി കടന്നു പോവുന്നതറിഞ്ഞു ശരീരത്തിലെ ഓരോ രോമകൂപങ്ങളും ഉണർന്നു. സാവധാനം എന്റെ കവിളിൽ തട്ടി വിളിച്ചു. അങ്ങനെ കിടന്നുകൊണ്ട് തല ചരിച്ചു കൈകൾക്കിടയിലൂടെ ഒളികണ്ണിട്ട് അവനെ നോക്കി. സ്നേഹം കൊണ്ടു ചുവന്നു തുടുത്തിരുന്നു ആ മുഖം.
” ഇനി പോവാം ” നേർത്ത മന്ത്രണം പോലെ ആ സ്വരം ഒരു നിശ്വാസത്തിന്റെ അകമ്പടിയോടെ എന്റെ ചെവിയിൽ മുഴങ്ങി. വീണ്ടും അഗാധമായ ഇറക്കത്തിലേക്ക് അടുത്ത കയറ്റത്തിലേക്ക്….. കയറ്റത്തിലെത്തിയപ്പോൾ കണ്ണുകൾ തമ്മിലൊന്നിടഞ്ഞു…. നിർത്തിയില്ല ഞാൻ. ഡ്രൈവിങ് യാന്ത്രികമായിരുന്നു. ഗിയർ നെ പിടിച്ച എന്റെ ഇടം കൈ അവന്റെ വലം കയ്യാൽ പൊതിഞ്ഞിരുന്നു. aaq മൗനം പോലും എത്ര വാചാലമായിരുന്നെന്നോ. ഒന്നും പറയാതെ അവൻ എന്നോട് ഒരുപാട് കാര്യങ്ങൾ പറയുകയായിരുന്നു. അല്ലെങ്കിലും ചില നിമിഷങ്ങൾ വാക്കുകളുടെ ആത്മാവിൽ നിന്നിറങ്ങി വന്ന മൗനത്തിനായുള്ളതാണ്. കാലപ്രവാഹത്തിൽ മറവിക്ക് ഒരിക്കലും കീഴ്പെടുത്താനാവാത്ത നിമിഷങ്ങളാവും അവ.
കടലിനും കായലിനും ഇടയ്ക്കുള്ള ആ തുരുത്ത് കാഴ്ചയുടെ ഒരു സ്വർഗീയാനുഭവമാണ് നമുക്കുമുന്നിൽ തുറന്നു വെക്കുന്നത്. അധികമാരും അറിയാതെ, തിരക്കുകളില്ലാതെ പച്ചപ്പിന്റെ എല്ലാ മാസ്മരികതയും എന്തി നിൽക്കുന്ന അവിടം ഞങ്ങളെ കാത്തിരിക്കുകയായിരുന്നെന്നു തോന്നി. തലസ്ഥാനനഗരിയിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഇടം.