“ഞാന്‍ ആരുമായും ചങ്ങാത്തം കൂടില്ല സര്‍…ഒരിക്കലും..” അത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.
“ശരി സര്‍..വളരെ നന്ദി സര്‍..വളരെ നന്ദി” ശങ്കരനും രുക്മിണിയും കൈകള്‍ കൂപ്പിയ ശേഷം ദിവ്യയെയും കൂട്ടി പുറത്തിറങ്ങി. അവള്‍ പോകാന്‍ നേരം പൌലോസിനെ ഒന്നുകൂടി തിരിഞ്ഞുനോക്കി എങ്കിലും അയാള്‍ ഫോണ്‍ എടുത്ത് ഏതോ നമ്പര്‍ ഡയല്‍ ചെയ്യുകയായിരുന്നു.
———-
വീട്ടിലെത്തിയ ദിവ്യയുടെ മനസില്‍ നിറയെ പൌലോസ് എന്ന തീപ്പൊരി ഉദ്യോഗസ്ഥന്‍ ആയിരുന്നു. മുന്‍പ് കണ്ടപ്പോഴോന്നും അയാള്‍ ഇത്രയ്ക്ക് കഴിവുള്ള ആളാണ് എന്നവള്‍ അറിഞ്ഞിരുന്നില്ല. ഹോ..എന്തൊരു ഫൈറ്റ് ആയിരുന്നു. ഒരു സിനിമ കാണുന്നത് പോലെയാണ് തനിക്ക് തോന്നിയത്. അവള്‍ക്ക് വാസു നഷ്ടപ്പെട്ടപ്പോള്‍ ഇല്ലാതായ ആ ഉത്സാഹവും ആത്മവിശ്വാസവും തിരികെയത്തി. പൌലോസ് എന്തുകൊണ്ടും വാസുവിനെക്കാള്‍ മിടുക്കനാണ്. ആ നോട്ടം കാണാന്‍ തന്നെ എന്ത് ഭംഗിയാണ്. പക്ഷെ വെറും മുരടനാണ്. ഹും..
അവള്‍ വേഷം മാറി ഉത്സാഹത്തോടെ അടുക്കളയിലേക്ക് ചെന്നു. രുക്മിണി മകള്‍ രക്ഷപെട്ട ആശ്വാസത്തില്‍ ആയിരുന്നെങ്കിലും, അവള്‍ വേറെ ഏതോ പയ്യനുമായി കമ്പനി ആയി എന്ന് പൌലോസ് പറഞ്ഞു കേട്ടതിന്റെ കോപത്തിലായിരുന്നു.
“ദിവ്യെ നിനക്ക് ഭ്രാന്തുണ്ടോ മോളെ?” അവള്‍ ഉള്ളിലേക്ക് ചെന്നപ്പോള്‍ രുക്മിണി ചോദിച്ചു.
“എന്താമ്മേ? എന്ത് പറ്റി?”
“ആ എസ് ഐ പറഞ്ഞ ചെറുക്കന്റെ കൂടെ നീ എന്തിനാണ് കൂട്ടുകൂടിയത്?”
“ഞാനെങ്ങും കൂട്ടുകൂടിയില്ല..എന്റെ പിന്നാലെ വന്നാല്‍ ഞാനെന്ത് ചെയ്യാനാ..”
“പിന്നേ..നീ ഒന്നും പറയാതെ പിന്നാലെ വരാന്‍ ഭ്രാന്തല്ലേ അവന്..പെണ്ണെ നീ പിന്നേം തലതിരിഞ്ഞ സ്വഭാവം കാണിക്കല്ല് കേട്ടല്ലോ..” രുക്മിണി അരിശത്തോടെ പറഞ്ഞു.
“എന്റെ അമ്മെ..അവന്‍ എന്നെ ഇഷ്ടമാണ്..എന്നെ കെട്ടണം എന്ന് പറഞ്ഞു പിന്നാലെ വന്നു..ഞാന്‍ ഇഷ്ടമല്ല എന്ന് നൂറുവട്ടം പറഞ്ഞിട്ടും അവന്‍ പോകണ്ടേ..പിന്നെ ഇതുപോലെ ഒരു ഭീഷണി ഉള്ളത് കൊണ്ട് ആരെങ്കിലും ഉപദ്രവിക്കാന്‍ വന്നാല്‍ ഒരാളെങ്കിലും റോഡില്‍ ഉണ്ടല്ലോ എന്ന് ഞാന്‍ കരുതി..അല്ലാതെ എനിക്കവനോട് യാതൊരു ബന്ധവുമില്ല..”
“ഹും..അവന്‍ ഉണ്ടായിട്ടും എന്ത് ഗുണമുണ്ടായി..എടീ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഇതുപോലുള്ള അലവലാതികളെ മാത്രമെ നിനക്ക് എന്നും കൂട്ടുകാരായി കിട്ടൂ..എന്തിനാ പറഞ്ഞിട്ട് കാര്യമുണ്ടോ..ബോധം വേണ്ടേ”
“അമ്മെ ഇനി ഞാന്‍ അങ്ങനെ ഒന്നും ചെയ്യില്ല.. ആ എസ് ഐ സാറ് പറഞ്ഞത് ഞാന്‍ അനുസരിക്കും..യ്യോ അമ്മെ അദ്ദേഹത്തിന്റെ ഫൈറ്റ് ഒന്ന് കാണണമായിരുന്നു..നാലു പേര് വാളുകളുമായി അദ്ദേഹത്തിന്റെ നേരെ വന്നപ്പോള്‍ ഞാന്‍ കണ്ണ് പൊത്തിപ്പോയി…പക്ഷെ പിന്നെ നോക്കുമ്പോള്‍ മൂന്നുപേര് വീണു കിടക്കുന്നു..ഒരുത്തന്‍ ഓടുന്നു” ദിവ്യ കുടുകുടെ ചിരിച്ചു.
“എന്നിട്ട്?” രുക്മിണി താല്പര്യത്തോടെ ചോദിച്ചു.
“അപ്പോള്‍ വേറെ വണ്ടിയില്‍ വന്ന ഒരു തടിമാടന്‍..ദേ ഇത്രേം ഉണ്ട് അവന്‍..ഒരു തനി കാട്ടാളന്‍..അവന്‍ വലിയ ഒരു കത്തിയുമെടുത്ത് സാറിനെ കുത്താന്‍ ചെന്നു..അപ്പഴേക്കും മറ്റേ നാലുപേരും വണ്ടിയില്‍ കയറി രക്ഷപെട്ടു..പോലീസുകാര്‍ വണ്ടിയില്‍ എനിക്ക് കാവല്‍ ഇരിക്കുകയായിരുന്നു..അതുകൊണ്ട് അവരെ പിടിക്കാന്‍ പറ്റിയില്ല..”
“ദൈവമേ എന്നിട്ട്…”