“പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ഇപ്പോള്‍ വലിയ ഒരു ഒഫന്‍സ് ആണ്. അതും പ്രായപൂര്‍ത്തി ആകാത്ത പെണ്ണിനെ..അത്ര ഈസിയായി അവനു ജാമ്യം ലഭിക്കില്ല..അതും വ്യക്തമായ സാക്ഷിമൊഴികള്‍ ഉള്ള കേസ് ആയതിനാല്‍. അവിടുത്തെ എസ് ഐ പൌലോസും അവനും തമ്മില്‍ സംഘട്ടനം നടന്നതാണ്..അയാളും കൂടെ ഉണ്ടായിരുന്ന പോലീസുകാരും അവനെ തിരിച്ചറിഞ്ഞാല്‍, പിന്നെ അവന്റെ ജാമ്യം കടുപ്പമായിരിക്കും. കാരണം പോലീസിനെ ആക്രമിച്ചു എന്നൊരു വകുപ്പ് കൂടി അവര്‍ക്ക് കയറ്റാന്‍ സാധിക്കും” ഡോണ പറഞ്ഞു.
“നിങ്ങള്‍ ശ്രമിച്ചുനോക്ക്..അഥവാ ഇത് നടന്നില്ലെങ്കില്‍ എന്താണ് അടുത്ത നടപടി?’ പുന്നൂസ് ചോദിച്ചു.
“എന്റെ കൈയില്‍ ഒരു വഴിയുണ്ട് സാറേ..അത് പക്ഷെ അറ്റകൈ ആണ്. ഷാജി ഒട്ടും സഹകരിക്കുന്നില്ലെങ്കില്‍ അവനെക്കൊണ്ട് സഹകരിപ്പിക്കാന്‍ ആ വഴിയെ ഞാന്‍ പോകും..” വാസു പറഞ്ഞു.
“എന്താണ് നിന്റെ മനസില്‍”
“അത് അപ്പോള്‍ പറയാം..തല്‍ക്കാലം ഈ വഴി നടക്കുമോ എന്ന് നോക്കട്ടെ” വീണ്ടും ദിവ്യയുടെ നമ്പര്‍ ഡയല്‍ ചെയ്തുകൊണ്ട് വാസു പറഞ്ഞു.
————————
ദിവ്യ വാസുവിന്റെ കോള്‍ എടുക്കാതെ പൌലോസിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. അവള്‍ക്ക് അയാളോട് സംസാരിക്കാന്‍ ഒരു കാരണം കിട്ടിയതിന്റെ സന്തോഷമായിരുന്നു.
“പൌലോസ്..”
അയാളുടെ ഘനഗംഭീരസ്വരം ദിവ്യ കേട്ടു. ആ ശബ്ദം കേട്ടപ്പോള്‍ അവള്‍ക്ക് രോമാഞ്ചമുണ്ടായി.
“അയ്യോ…സര്‍..ഇത് ഞാനാ ദിവ്യ” അവള്‍ നാണം കൊണ്ട് വിരല്‍ കടിച്ചുപോയി.
“ഓ..എന്താ കുട്ടീ എന്തെങ്കിലും പ്രോബ്ലം?”
“ഇല്ല സര്‍..വേറൊരു കാര്യം പറയാന്‍ വിളിച്ചതാണ്…”
“യെസ്”
“എന്നെ പിടിച്ചുകൊണ്ട് പോകാന്‍ നോക്കിയവര്‍ കൊച്ചിയില്‍ ഉള്ളവരാണ്..അവിടെ ചെന്നാല്‍ അവരെ പിടിക്കാം സര്‍”
“ഇത് പറയാന്‍ ആണോ നീ വിളിച്ചത്?”
“സര്‍..അത്….”
“സീ..ഡോണ്ട് മിസ്‌യൂസ് മൈ നമ്പര്‍..അത്യാവശ്യം വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ മാത്രം വിളിക്കുക..മനസ്സിലായോ?” പൌലോസിന്റെ ശബ്ദം ഉയര്‍ന്നു.
“ആയി സര്‍”
“ഒകെ”
അയാള്‍ ഫോണ്‍ കട്ട് ചെയ്തു.
ദിവ്യ നിരാശയോടെ ഫോണ്‍ മാറ്റി വച്ചിട്ട് കട്ടിലില്‍ കമിഴ്ന്നുകിടന്നു. വാസു അവരെ കണ്ടുപിടിച്ചു എന്ന് താനൊരിക്കലും സാറിനോട് പറയില്ല. അങ്ങനെ അവന്‍ ആളാകണ്ട. സാറ് തന്നെ അവന്മാരെ പിടിക്കണം. അതിനു സഹായിക്കാന്‍ സാധിച്ചാല്‍ സാറ് തന്നെ ഇഷ്ടപ്പെടും. അവള്‍ കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. അവള്‍ക്ക് ഐഡിയ ഒന്നും കിട്ടിയില്ല. ശങ്കരന്‍ മുറിയിലേക്ക് വന്നപ്പോള്‍ അവള്‍ വേഗം എഴുന്നേറ്റിരുന്നു. വാസു വിളിച്ച വിവരം രുക്മിണി അയാളെ അറിയിച്ചിരുന്നു.