അവളുടെ മുഖത്തെ ആ ഭാവമെന്താണെന്ന് അവന് വായിച്ചെടുക്കാൻ കഴിഞ്ഞില്ല. പക്ഷെ അവന്റെ ഹൃദയതാളം വേഗത കൈവരിച്ചത് അവന് നൊടിയിടയിൽ അറിയാൻ കഴിഞ്ഞു. അവളിറങ്ങിപ്പോയപ്പോൾ അവൻ മനസ്സിലാകാത്തത് പോലെ വേസിലേക്കൊന്നു നോക്കി. ‘ഓ, അപ്പൊ അതാണ് കാര്യം’. അവൻ ദിനവും കൊണ്ടു വെക്കാറുള്ള പനിനീർപ്പൂവ് അന്നവിടെയില്ലായിരുന്നു. രാവിലെ അന്തം വിട്ട് കുന്തംമറിഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത് തന്നെ. മാത്രവുമല്ല പഴയ ശീലങ്ങളൊക്കെ ഇനി ഓർത്തെടുത്തിട്ടു വേണം. എന്നാലും മുന്പെങ്ങും ഈ പൂ വെക്കുന്ന പരുപാടി മുടക്കിയിട്ടില്ലെന്ന് അവൻ മനസ്സിലോർത്തു. ആ, നടന്നത് നടന്നു, ഇനി നാളെയാവട്ടെ.
ചോറ്റുപാത്രം തുറന്നപ്പോൾ അവന്റെ മനസ്സിലേക്ക് ‘അമ്മ ഓടിയെത്തി. സ്ഥിരം കലാപരിപാടി തന്നെ. സാമ്പാറും ചാള വറുത്തതും. സണ്ണിയുടെ കൂടിയിരുന്ന് ചളിയടിച്ച് ചോറ് വാരിയുണ്ണുമ്പോളും പഠിത്തം കഴിഞ്ഞിറങ്ങിയിട്ടും തന്റെ കമ്പനി വിടാതെ ഗൾഫിൽ നിന്നും ഒന്നിക്കൊന്നരാടം തന്നെ ഫോൺ ചെയ്യാറുള്ള സണ്ണിയെ അവനോർത്തു. അവനറിയാം ജിതിന് കോകിലയോടുള്ള പ്രണയം. അധികം നേരം കളയാതെ അവൻ ചോറുണ്ട് തീർത്ത് കൈകഴുകി നേരെ ടീച്ചേഴ്സ് റൂമിനടുത്തുള്ള നോട്ടീസ് ബോർഡിനടുത്തേക്ക് ചെന്നു. കോകില എന്തോ തിരഞ്ഞ് ബോർഡിന് മുകളിലൂടെ കയ്യോടിക്കുന്നുണ്ടായിരുന്നു. അവൻ മിടിക്കുന്ന ഹൃദയത്തോടെ ചെന്ന് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച് കണ്ണ് കൊണ്ട് ബോർഡിൽ ആ എന്തോ തിരയാൻ തുടങ്ങി.
“ചോറുണ്ടോ?”
അവളുടെ കിളിനാദം.
“ഉവ്വ്. താനോ?”
കോകിലയൊന്ന് അന്തം വിട്ടു.
“താനോ? പഠിപ്പിക്കുന്ന ടീച്ചർമാരേ താനെന്നൊക്കെയാണോ വിളിക്ക്യാ ജിത്തൂ?”
കോകില കണ്ണു മിഴിച്ചു. അവനൊന്നു പതറി.
“സോറി മിസ്സെ… ഞാനേ… ഈ … സണ്ണീടെ കൂടെ …. പിന്നെ ഓരോന്ന് പറഞ്ഞ്…. ഞാൻ പിന്നെ…. അറിയാണ്ട്… വായീന്നു… വീണപ്പോ…..”
അവൻ കിടന്ന് തപ്പിക്കളിക്കുന്നത് കണ്ട് അവൾക് ചിരി പൊട്ടി. അവൾ ചൂണ്ടുവിരൽ മൂക്കിൻതുമ്പിൽ ഉരച്ച് ചിരിയടക്കി. അവളുടെ നുണക്കുഴി കണ്ട് അവളെയങ്ങ് കയറിപ്പിടിക്കാൻ തോന്നിയവന്. പിന്നീട് കുറച്ചു നേരത്തേക്ക് അവർ തമ്മിൽ മിണ്ടിയില്ല. ചുറ്റും നടക്കുന്ന കോലാഹലങ്ങൾ അവനെ ബാധിച്ചതുമില്ല. ഒടുവിൽ ബെല്ലടിച്ച് കുട്ടികളെല്ലാം ക്ലാസ്സിലേക് ഒടുന്നതിന്റെ ബഹളത്തിനിടക്ക് അവൾ ചോദിച്ചു,
‘എന്താ ഇന്ന് പൂ കൊണ്ടുവരാഞ്ഞത്?’
‘ഏ… അപ്പൊ ഞാനാണ് പൂ കൊണ്ടുവരുന്നതെന്ന് മിസ്സിനെങ്ങനെ മനസ്സിലായി?’
‘ഞാൻ കാണാറുണ്ടല്ലോ?’ പലപ്പോഴും നീ സൈക്കിളിന്റെ പുറകിൽ നിന്ന് പൂവും എടുത്ത് കയ്യിൽ പിടിച്ചു നടന്ന് വരുന്നത്. ഞാനെന്നല്ല, ഈ സ്കൂളിലെ മിക്കവർക്കും അറിയാം.’
പൂവ് നാശമാവാതിരിക്കാൻ സൈക്കിളിന്റെ കാരിയറിൽ കൊളുത്തിയാണ് ജിതിൻ കൊണ്ടുവരാറ്. ആര് കണ്ടാലും കോകിലാമിസ്സ് കാണരുതെന്ന് കരുതി സ്റ്റാഫ് റൂമിന് മുന്പിലെത്തുമ്പോൾ മറച്ചുപിടിച്ചുകൊണ്ടാണ് നടന്നിരുന്നത്. ചില മണ്ടത്തരങ്ങൾ തന്റെ ജന്മസ്വത്താണെന്ന് അവനോർത്തു.
‘ഓക്കെ, എനിവേ, വൈകീട്ട് കാണാം, ബൈ…’
കോകില ജിത്തുന്റെ കവിളിൽ പിച്ചിക്കൊണ്ട് സ്റ്റാഫ് റൂമിനുള്ളിൽ കയറിപ്പോയി. അവൻ അവളുടെ മൃദുലകരങ്ങളുടെ സ്പർശനഭാഗ്യം കടാക്ഷിച്ച കവിളും തിരുമ്മി സന്തോഷത്തോടെ പടിക്കെട്ട് കയറിപ്പോയി.
ക്ലാസ്സിൽ കയറിയിരിക്കുമ്പോഴും അവൻ ദിവാസ്വപ്നത്തിലായിരുന്നു. ഇനി ഫിസിക്സ് ക്ലാസ്സാണല്ലോ, ബോറിങ് സബ്ജക്റ്റാണ്. അവൻ ഫിസിക്സ് ടെക്സ്റ്റ് എടുത്ത മുൻപിൽ വച്ച് തുറന്നു.