താനെത്ര വട്ടം ഉറക്കം തൂങ്ങിയിരുന്ന ക്ലാസ് മുറിയാണിത്? നോസ്റ്റു എന്ന വികാരം നൽകിയ കുളിരിൽ മയങ്ങിയിരിക്കാൻ തുടങ്ങുമ്പോൾ ഫൈസലും കിരണും നിഖിലുമടങ്ങുന്ന മൂന്നംഗ ഗുണ്ടാസംഘം അവന്റെ അടുത്തെത്തി അവനെ കണ്ണുരുട്ടി നിന്നു. അവരെ ഇടംകണ്ണു കൊണ്ട് നോക്കി ജിതിൻ ചെരിഞ്ഞ് ബാഗിൽ നിന്നും ഇംഗ്ലീഷ് ടെക്സ്സ്റ്റും പോയട്രിയും എടുത്ത് മേശപ്പുറത്തു വച്ചു. ഫൈസൽ പിന്നിൽ നിന്നും ജിതിന്റെ തോളിലൂടെ കൈ ചുറ്റി കുനിഞ്ഞു നിന്ന് പറഞ്ഞു,
“ടാ മോനെ, എനിക്ക് ഒരു 10, 15 പേപ്പർ വേണമല്ലോ?”
“മം…? എന്തിനാ?”
“ഞാനെ…, ഇന്ന് നോട്ബുക് എടുത്തില്ല. നിന്റെ ബുക്കിൽ നിന്നും കുറച്ചു പേജ് കീറിത്താ. റഫ് നോട്ടയാലും മതി.”
വാപ്പ ഹൈക്കോടതിയിലെ മുന്തിയ വക്കീലാണെന്നുള്ള സർവ്വ അഹങ്കാരവും വാക്കുകളിൽ കലർത്തി അവൻ പറഞ്ഞു.
“അയ്യോ, തൽക്കാലം തരാൻ നിവർത്തിയില്ലല്ലോ ഫ്രീക്കെ…”
“ഫ്രീക്കോ? ഞാനോ? ഡു യു മീൻ ദാറ്റ് ഐ ആം എ ഫ്രീക്?”
അവൻ കുറച്ച് കലിപ്പിൽ തന്നെ ചോദിച്ചു.
ജിതിൻ അപ്പോൾ താൻ പറഞ്ഞ അബദ്ധം മനസ്സിലാക്കി. താനിപ്പോൾ ജീവിക്കുന്ന കാലത്ത് ഫ്രീക്കും ബ്രോയും ഒന്നും ഈ പൊട്ടന്മാർ ഉപയോഗിച്ചു തുടങ്ങീട്ടില്ല. സൂക്ഷിച്ചില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ വലുതായിരിക്കും. ഇപ്പോൾ ഇവമ്മാരെ നല്ല രീതിയിൽ പറഞ്ഞു വിടുന്നത് തന്നെയാണ് നല്ലത്.
“സോറി ഫൈസൽ, ഞാൻ വേറെന്തോ ആലോചിച്ചിരിക്കുവായിരുന്നു. ഇതാ എന്റെ റഫ് നോട്ട്. എത്ര പേജ് വേണമെങ്കിലും കീറിക്കോ.”
അതു പറഞ്ഞു തന്റെ നോട്ട് ബുക്ക് ഫൈസലിന് നേരെ നീട്ടുമ്പോളും ജിതിന്റെ കൈകൾ കോപം അടക്കാനാവാതെ വിറച്ചു. ഭയപ്പാട് കൊണ്ടുള്ള വിറയായി ഫൈസൽ അതിനെ കണക്കുകൂട്ടി. എഴുത്ത് വീഴാത്ത പേജുകളത്രയും വലിച്ചു കീറിയെടുത്ത് ബുക് അവന്റെ മുഖത്തേക്കെറിഞ്ഞു കൊടുത്ത് അനുയായികളുടെ കൈവെള്ളകളിൽ മാറി മാറി തട്ടി ചിരിച്ചു കൊണ്ട് പുച്ഛഭാവം വിടാതെ അവൻ തിരിച്ചു ചെന്ന് അവന്റെ ഇരിപ്പിടത്തിൽ ആസനം ഉറപ്പിച്ചു. ദേഷ്യം കൊണ്ട് ഞരമ്പുകൾ വലിഞ്ഞു മുറുകിയെങ്കിലും ജിതിൻ വിറച്ചു കൊണ്ട് കണ്ണുകളടച്ച് മനക്കണ്ണിലെ ഇരുട്ടിലേക്ക് തെളിഞ്ഞു വന്ന കോകിലയുടെ ചിരിക്കുന്ന മുഖത്തേക്ക് ഏകാഗ്രനായി. അല്പനേരത്തേക്ക് കണ്ണടച്ചു ശാന്തനായി കണ്ണു തുറന്നപ്പോൾ കണ്ടത് തന്റടുത്തേക്ക് പറന്നു വരുന്ന ചോക് കഷ്ണത്തെയാണ്. അവൻ പെട്ടെന്ന് തല വെട്ടിച്ച് ചാടിയെഴുന്നേറ്റു. ഇംഗ്ലീഷ് അധ്യാപിക ക്ലാസ്സിൽ എത്തിയിട്ട് അഞ്ചു മിനിറ്റായിക്കാണും. അവൻ അതൊന്നും അറിഞ്ഞതേയില്ല. ക്ലാസ്സിൽ ചിരിയുയർന്നു.
“സിലെൻസ്…. ജിതിൻ, ആദ്യപിരിഡിൽ തന്നേ കിടന്നുറങ്ങാനാണെങ്കിൽ സ്കൂളിൽ വരണമെന്നില്ല. എന്തിനാ ഞങ്ങളെ ബുദ്ധിമുട്ടിക്കാൻ ഇങ്ങോട്ട് വരുന്നത്? അപ്പന്റെ കയിൽ കാശുണ്ടെന്ന് കരുതി എന്ത് തൊന്ന്യാസോം കാണിക്കാമെന്നാണോ? ഗെറ്റ് ഔട്ട്….”
ഒന്നും പറയാനില്ല. അവൻ തുറന്നു വച്ചിരുന്ന ബുക് മടക്കി നിർവികരനായി പുറത്തു പോയി നിന്നു. പണ്ട് ഇതുപോലുള്ള അവസരങ്ങളിൽ ഭയന്ന് വിറച്ചിരുന്ന അവനെ പേടിയെന്ന വികാരം അല്പം പേടിയോടെ നോക്കി മാറി നിന്നു. ഒരു സിഗരറ്റ് കിട്ടിയിരുന്നെകിൽ വലിച്ചു നിൽക്കമായിരുന്നു.