പരിഹാസത്തോടെയുള്ള അച്ഛന്റെ ചോദ്യം കേട്ട് ചൊറിഞ്ഞു വന്നെങ്കിലും, അവനു ചുറ്റും നടക്കുന്നത് ഉൾകൊള്ളാൻ പ്രയാസം തോന്നി. ഇത്,… ഈ സീൻ എനിക്കോർമയുണ്ട്. ഇത് മുൻപ് നടന്നിട്ടുണ്ട്. അച്ഛന്റെ ഡയലോഗ് അതേപടി മുൻപ് കേട്ടപോലെ.
“എടി അംബികെ, ദേ നിന്റെ പുന്നാരമോൻ എണീറ്റ് വന്നിട്ടുണ്ട്. ഉറക്കച്ചടവ് മാറിയിട്ടില്ല, നീയവന് ചായയോ കാപ്പിയോ എന്താന്നു വച്ചാ കൊടുക്ക്.”
അടുക്കളയിൽ പണിയിലായിരുന്നു അംബികയോട് പ്രഭാകരൻ വിളിച്ചു പറഞ്ഞു. “ചായ അവിടെ വാൽപാത്രത്തിൽ ഇരിപ്പുണ്ട്. അവനു വേണമെങ്കിൽ തന്നെ എടുത്ത് കുടിക്കട്ടെ. കൊച്ചു കുട്ടിയൊന്നുമല്ലല്ലോ?”
അടുക്കളയിൽ പത്രങ്ങൾ തട്ടി മുട്ടിച്ചു കൊണ്ട് അംബിക പറഞ്ഞു.
“വായും പൊളിച്ചു നിൽക്കാതെ ചായ കുടിച്ച് പല്ലും തേച്ച് കുളിക്കാൻ നോക്ക് ചെറുക്കാ… ആദ്യം പോയി ആ മുഖമൊന്ന് കഴുക്. മണി എട്ടാവാൻ പോണു.”
ജിത്തു യാന്ത്രികമായി ക്ലോക്കിലേക്ക് നോക്കി. എട്ട് മണിയടിക്കാൻ 10 മിനിറ്റ്. തനിക്കു ചുറ്റും എന്താണ് സംഭവിക്കുന്നത്? അവൻ നേരെ വാഷ് ബേസിനിൽ പോയി മുഖത്തേക്ക് വെള്ളം തെറിപ്പിച്ചൊഴിച്ചു. കണ്ണിലേക്ക് വെള്ളമിറങ്ങി നീറുന്നുണ്ട്. അവൻ ഭയപ്പാടോടെ വാഷ് ബസിനു മുകളിൽ പതിപ്പിച്ചിരുന്ന കണ്ണാടിയിലേക്ക് പതുക്കെ തലയുയർത്തി നോക്കി.
“യ്യോ…” ഒരു ചിലമ്പിച്ച നിലവിളി ഞെട്ടിത്തരിച്ച അവന്റെ തൊണ്ടയിൽ നിന്നും പുറത്തു വന്നു. അവനു വിശ്വസിക്കാനായില്ല. കണ്ണുകളെ ഇറുക്കിത്തിരുമ്മി അവൻ കണ്ണാടിയിലേക്ക് വീണ്ടും വീണ്ടും നോക്കി. വടിച്ചു ക്ലീൻ ഷേവ് ചെയ്തിരുന്ന മുഖത്ത് കട്ടിയില്ലാത്ത രോമം കിളുത്തിട്ടുണ്ട്. പ്രത്യേകിച്ചു ചുണ്ടിനു മേലെ അല്പം കട്ടി കൂടിയ മീശ രോമങ്ങൾ. ആവന്റെ പഴയ രൂപം അതേപടി കണ്ണാടിയിൽ കണ്ട് അവൻ അന്ധാളിച്ചു നിന്നു. അവന്റെ നിലവിളി കേട്ട് അംബിക അങ്ങോട്ടോടി വന്നു.
“എന്താടാ, എന്താ പറ്റിയെ??”
“ഒന്നൂല്ലമ്മാ…”
പെട്ടെന്ന് പറഞ്ഞു കൊണ്ട് ജിത്തു മുകളിലെ അവന്റെ മുറിയിലേക്ക് തിരിഞ്ഞോടി.
“എന്നും പറയാറുള്ളതാ അടിയിലനന്തൻ മുടിയിൽ സിംഹം ജപിച്ചു കിടക്കാൻ. ഇപ്പൊ കണ്ടോ? ഇനി മേലാൽ നാമം ജപിക്കാതെ കിടന്നാൽ… ഹാ… വെറുതെ ബാക്കിയുള്ളോരെ പേടിപ്പിക്കാൻ…”
മീശ രോമം വെട്ടിക്കൊണ്ടു നിന്ന പ്രഭാകരൻ അതു കേട്ട് ചിരിയടക്കി.
ഓടി മുറിയിൽ കയറി വാതിലടച്ചു ജിത്തു മുട്ടിൽ കൈ കുത്തി നിന്ന് കിതച്ചു. അവനു ഗ്രഹിക്കാനാവുന്നതിലും ആപ്പുറമായിരുന്നു കാര്യങ്ങൾ. മുറിയിലെ അലമാരയുടെ കണ്ണാടിക്കു മുൻപിൽ നിന്ന് അവൻ അവനെത്തന്നെ നോക്കി നിന്നു. പൊടുന്നനെ അവന്റെ രണ്ടു കരണത്തും അവൻ സ്വയം മാറി മാറി അടിച്ചു. അടി കൊണ്ട് മുഖം ചുവന്നിട്ടും എന്തെന്നില്ലാത്ത ഭയം അവന്റെ വേദനകളെ തുരത്തിയോടിച്ചു. അവന് തല കറങ്ങി. അടുത്തുള്ള കട്ടിലിൽ വീണിരുന്ന് കൊണ്ട് അവൻ ആലോചനാമഗ്നനായി. ഒന്നും മനസ്സിലാകുന്നില്ല. എന്താണ് തനിക്ക് സംഭവിക്കുന്നത്? ഏതാണ് സ്വപ്നം? ഏതാണ് യാഥാർഥ്യം? കയ്യിൽ ഇന്നലെ വലിച്ച സിഗററ്റിന്റെ മണമില്ല. ചെറുപ്പത്തിൽ അവൻ ഉപയോഗിച്ച് മുഷിഞ്ഞപ്പോൾ വലിച്ചെറിഞ്ഞ വസ്ത്രങ്ങളാണ് താനിപ്പോൾ അണിഞ്ഞിരിക്കുന്നത്. ഇതു വരെയുള്ള തന്റെ ജീവിതം സ്വപ്നമായിരുന്നോ? താൻ വളർന്നതും ജോലി ലഭിച്ചതും നഗരത്തിലേക്ക് മാറിയതും എല്ലാം അവന്റെ മനസ്സിലൂടെ കടന്നു പോയി.
“ടാ ജിത്തൂ… എടാ പോയി കുളിക്കാൻ…”
മുറിക്ക് പുറത്ത് അമ്മയുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് അവൻ ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു. അവൻ പെട്ടെന്ന് മേശവലിപ്പ് തുറന്ന് മുകളിൽ തന്നെ വച്ചിരുന്ന ഡയറിയെടുത്തു. പുതുമ മാറാത്ത ഡയറി അവൻ തിരിച്ചും മറിച്ചും നോക്കി. ഒന്നു തുറന്ന് നോക്കി വെപ്രാളത്തോടെ പേജുകൾ മറിച്ച് അവസാനമായി എഴുതി നിർത്തിയിടം തിരഞ്ഞു.