“അതേ .. സാർ .. അവര് കാരണമാണ് ഞാൻ ഈ അവസ്ഥയിൽ ആയത് . പ്രണയ വിവാഹത്തിൽ പെട്ട് ആശ്രയമില്ലാതെ കഴിഞ്ഞ ഞങ്ങൾക്ക് ഒരു സഹായം തന്നത് അവർ രണ്ടു പേരും ആയിരുന്നു .. പക്ഷേ സുനിത ആൻറി ഒരു ചീത്ത സ്ത്രീ ആയിരുന്നു എന്ന് ഞാൻ അറിയാൻ വൈകിപ്പോയി “
“ചീത്ത സ്ത്രീ എന്നു വച്ചാൽ …?”
“സുനിത ആൻറിക്ക് ആ സ്ഥാപനത്തിൻറെ മാനേജറും മുതലാളിയും ഒക്കെ ആയി അവിഹിത ബന്ധമുണ്ടായിരുന്നു .. എന്നെയും അതിന് അവർ നിർബന്ധിച്ചു “
“എന്നിട്ട് .. എന്നിട്ട് എന്തുണ്ടായി ?”
ആകാംക്ഷയോടെ രമേഷ് തിരക്കി.
ഒരു മൗനമായിരുന്നു ജെസ്സിയുടെ മറുപടി. അവൾ തന്നിൽ നിന്നും എന്തോ ഒളിക്കുന്നു എന്ന് മനസ്സിലാക്കിയ നിമിഷം രമേഷ് പറഞ്ഞു ,
“ജെസ്സി അത്ര പഴയതല്ലാത്ത ഒരു പഴഞ്ചൊല്ലുണ്ട് , ഡോക്ടറോടും വക്കീലിനോടും കളവ് പറയരുത് എന്ന് .. ഇത് താൻ കേട്ടിട്ടുണ്ട് എന്ന് ഞാൻ കരുതുന്നു “
ജെസ്സിയുടെ മറുപടി അപ്പോഴും മൗനം ആയിരുന്നു.
“ഓക്കേ .. എങ്കിൽ ഈ കേസ് നമുക്ക് ഇവിടെ വച്ച് അവസാനിപ്പിക്കാം , അമ്മായിയപ്പനേയും വിളിച്ചു കൊണ്ട് ജെസ്സി പോകുവാൻ നോക്കിക്കോളൂ , ഇൗ വക്കാലത്ത് ഞാൻ ഏറ്റെടുക്കില്ല ”
രമേഷ് പറഞ്ഞു.
“അയ്യോ സർ ഞങ്ങളെ കൈവെടിയരുത് ”
തൊഴു കൈകളോടെ ആയിരുന്നു ജെസ്സിയുടെ മറുപടി.
“എങ്കിൽ വേഗം പറഞ്ഞു തുടങ്ങിക്കോ ?”
വിരലുകൾ ചെറു താളത്തിൽ മേശമേൽ കൊട്ടിക്കൊണ്ട് രമേഷ് പറഞ്ഞു.
“ആദ്യമൊക്കെ ഞാൻ എതിർത്തതാണ് , ഒടുവിൽ മറ്റു വഴികൾ ഒന്നും തന്നെ ഇല്ലാതെ .. അനൂപ് ഏട്ടന് ലേലം പിടിക്കുന്നതിനു വേണ്ടി നാലു ലക്ഷം രൂപയ്ക്ക് ആയി ഞാൻ സുനിത ആൻറിയെ അനുസരിച്ചു .. “
“അനുസരിച്ചു എന്നു വച്ചാൽ ..?”
“സാർ .. ഞാൻ എന്റെ ശരീരം അവിടുത്തെ മാനേജർക്ക് മുൻപിൽ കാഴ്ച വെച്ചു “
“ഓ …. എന്നിട്ട് ..”
ഒരു ഞെട്ടലോടെ ആയിരുന്നു രമേശ് അത് കേട്ടത്.
“ഞാൻ എന്റെ ശരീരം വിറ്റ് നൽകിയ നാലു ലക്ഷം രൂപ , നെൽസൺ പപ്പ അനൂപേട്ടന് കൊടുക്കാതെ മറ്റൊരാൾക്ക് മറിച്ചു നൽകി .. അതും പറഞ്ഞ് വണ്ടന്മേട് വച്ച് അവർ തമ്മിൽ വഴക്കുണ്ടായി .. അന്ന് രാത്രിയാണ് നെൽസൺ പപ്പ കൊല്ലപ്പെടുന്നത് “
“അപ്പോൾ ജെസ്സി .. നീ നിന്റെ ശരീരം മറ്റ് ആൾക്കാർക്ക് മുൻപിൽ കാഴ്ച വെച്ച കാര്യം അനൂപിന് അറിയുമോ ?”
“ഇല്ല ഒരിക്കലുമില്ല അറിഞ്ഞാൽ അത് ഏട്ടൻ സഹിക്കുകയില്ല “