ഉണ്ടെടാ നീ ഇപ്പൊ ഫുൾ ടൈം വെള്ളത്തിലാണോ
ദൈവദോഷം പറയരുത് അളിയാ .. ഞാൻ വെള്ളമടി ഒക്കെ എന്നേ നിർത്തി
അതെന്താ പെണ്ണുമ്പിള്ള കുനിച്ചു നിർത്തി ഇടിച്ചോടാ – സേവിച്ചൻ ചിരിച്ചു കൊണ്ട് ചോദിച്ചു
ഇടിച്ചില്ല അളിയാ ..ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ആണ്, ഇനി വെള്ളമടിച്ചു പാമ്പാവില്ല എന്ന് കൊച്ചിന്റെ തലയിൽ തൊട്ടു സത്യം ചെയ്യിച്ചു
ആഹാ പെണ്ണ് കെട്ടി കഴിഞ്ഞപ്പോ അളിയൻ ഇംഗ്ലീഷ് ഒക്കെ ആയല്ലോ
ഊതല്ലേ അളിയോ .. എല്ലാം സീരിയൽ കണ്ടു പഠിക്കുന്നതാ. കടയടച്ചു വീട്ടിൽ ചെന്നാൽ അതാണ് പ്രധാന പണി..വാർത്ത ഒന്ന് കാണാൻ പോലും പെണ്ണുങ്ങൾ സമ്മതിക്കില്ല
എങ്ങനെ ഉണ്ട് അമ്മായിയമ്മയും മരുമകളും നല്ല സ്നേഹത്തിലാണോ
ഓ അളിയനോട് എന്ത് മറച്ചു വെക്കാനാ രണ്ടും കൂടി ചേരില്ല അവള് ചെയ്യുന്നതൊന്നും അമ്മക്ക് അങ്ങ് പിടിക്കൂല എന്നും പരാതി .. മടുത്തു ഞാൻ രണ്ടു പേരും പറയുന്നത് ശ്രദ്ദിക്കാറില്ല
അവർ സംസാരിച്ചു നിന്നപ്പോഴേക്കും കടയുടെ മുന്നിൽ ഒരു ഓട്ടോ വന്നു അതിൽ നിന്നും ലീലാമ്മയും സ്മിതയും കുഞ്ഞിനേയുമായി ഇറങ്ങി
ഇവരിതെവിടെ പോയതാ –
ഞങ്ങൾ കുഞ്ഞിന് വാക്സിനേഷൻ എടുക്കാൻ പോയതാ കഴിഞ്ഞ ആഴ്ച എടുക്കേണ്ടതായിരുന്നു അപ്പോഴാ അവനു ചെറിയ പനി അത് കൊണ്ട് ഇന്ന് പോയി എടുത്തു – സേവിച്ചന്റെ ചോദ്യത്തിന് ലീലാമ്മ ആണ് മറുപടി പറഞ്ഞത്. പുറകെ കയറി വന്ന സ്മിതയെ സേവിച്ചൻ നോക്കി..
നീ അങ്ങ് വെല്യ പെണ്ണായി പോയല്ലോടീ കുഞ്ഞേലി
ഈ കൊച്ചാട്ടനെ ഞാൻ – കുഞ്ഞേലി എന്ന വിളി കേട്ട് ദേഷ്യത്തിൽ സ്മിത പെട്ടന്ന് താനെ കയ്യിൽ ഇരുന്ന കുട വച്ച് സേവിച്ചനെ തല്ലാൻ ചെന്നു
നീ എന്താടീ പെണ്ണെ ഈ കാണിക്കുന്നത്..ഈ നിൽക്കുന്നത് നിന്റെ കളിപ്പിള്ള ആണെന്ന് കരുതിയോ മൂത്ത ചേച്ചിയുടെ ഭർത്താവ് ആണ്..കുടുംബത്തിൽ ഇപ്പൊ മൂത്ത ആൾ.. പിതൃസ്ഥാനീയന് നേരെയാണോ തല്ലാൻ കൈ പൊക്കുന്നത്. ക്ഷിപ്രകോപിയായ ലീലാമ്മ കടയിൽ ആണെന്ന് പോലും നോക്കാതെ സ്മിതയെ വഴക്കു പറഞ്ഞു. ലീലാമ്മയുടെ പെട്ടന്നുള്ള രോക്ഷ പ്രകടനത്തിൽ സ്മിത അന്ധാളിച്ചു പോയി. അവളുടെ കണ്ണുകൾ പെട്ടന്ന് നിറഞ്ഞു. പെട്ടന്ന് അന്തരീക്ഷം ലഘൂകരിക്കാൻ സേവിച്ചൻ പറഞ്ഞു.
അയ്യോ അമ്മേ ഇത് സീരിയസ് ആയിട്ട് എടുത്തോ .. ഞാൻ എടുത്തോണ്ട് നടന്ന കൊച്ചല്ലേ ഇവൾ ..മാമോദീസ പേര് ഏലിയാമ്മ എന്നിട്ടതിന്റെ പേരിൽ ഇവൾ എന്നും വഴക്കായിരുന്നു. അതുകൊണ്ട് ഇവളെ ചൊടിപ്പിക്കാൻ വേണ്ടി തന്നെയാ ഞാൻ കളിയാക്കിയത്.