പെട്ടെന്നുള്ള ആവേശത്തിൽ ഒന്നും ആലോചിക്കാതെ തന്നെ രാവിലെ കൃത്യം പത്തു മണിക്ക് സാറ് പറഞ്ഞ സ്ഥലത്ത് തന്നെ ഞാൻ എത്തിച്ചേരും എന്ന് വാക്ക് കൊടുത്തു.
സംഭാഷണം അവസാനിപ്പിക്കുന്നതിന് മുൻപായി ഞാൻ ഞാൻ സാറിനോട് പറഞ്ഞു ,
“നന്ദി സർ .. ഒരു പക്ഷേ സാറിൻറെ മകൻറെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് അറിയുവാൻ എനിക്ക് നല്ല ആകാംഷ ഉണ്ട് ” … !!
അടുത്ത പ്രഭാതത്തിൽ വീട്ടിൽ തലേ ദിവസം ഞാൻ പറഞ്ഞ കള്ളം ഒന്നുകൂടി ആവർത്തിച്ചു , ബാംഗ്ലൂരിൽ നിന്നും വന്നിരിക്കുന്ന കൂട്ടുകാരി ലക്ഷ്മി യോടൊപ്പം ഒരു ചെറിയ ഷോപ്പിങ്ങിന് പോവുകയാണ്.
” ഇൗ ലക്ഷ്മി എന്ന് പറയുന്നത് പഴയ പോസ്റ്റ് മാസ്റ്റർ ദിവാകരന്റെ മകൾ അല്ലേ .. ?”
ചോദ്യം വന്നത് അച്ഛൻറെ ഭാഗത്തു നിന്നുമാണ്.
“അതേ .. അച്ഛാ .. അവൾ ബാംഗ്ലൂരിൽ നിന്നും ഒരാഴ്ചത്തേക്ക് വന്നതാണ് അതു കൊണ്ടാണ് ഞാൻ .. “
എന്നെ പറഞ്ഞു മുഴുമിപ്പിക്കും മുൻപേ അച്ഛൻ പറഞ്ഞു ,
“അത് നീ ഇന്നലെ പറഞ്ഞതാണല്ലോ സമയം കളയണ്ട പോയി വരൂ .. കുട്ടികൾ സ്കൂളിൽ നിന്നും വരുന്നതിന് മുൻപ് ഇങ് എത്തണം “
കളവു പറഞ്ഞു കൊണ്ട് ഒരു ബസ്സ് യാത്ര , നമ്പൂതിരി മാഷിൻറെ അടുത്തേക്ക്.
ബസ്സിന്റെ ജാലകത്തിൽ കൂടി തണുത്ത കാറ്റ് അകത്തേക്ക് അലയടിച്ചു വരുന്നു , കാറ്റിൽ എന്റെ മുടിയിയകൾ പാറി പറന്നിരുന്നു. എനിക്ക് എന്താണ് സംഭവിച്ചത് , ഏതാനും ദിവസങ്ങൾക്ക് മുൻപ് വരെ തീർത്തും അപരിചതരായ ഒരു അച്ഛനും മകനും .. അവരെ പറ്റി കൂടുതൽ അറിയണം എന്ന ആഗ്രഹം എനിക്ക് എങ്ങനെ ഉണ്ടായി. അതും സ്വന്തം അച്ഛനോടും അമ്മയോടും കളവ് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നിറങ്ങി , എന്റെ മാത്രം ആയ പ്രശാന്ത് ഏട്ടൻ പോലും അറിയാതെ.
ഇതൊക്കെ ശെരി ആണോ .. ഉള്ളിൽ നിന്നും ആരോ മന്ത്രിക്കുന്നത് പോലെ തോന്നുന്നു. എന്ത് ശെരി കേട് .. ഒരു തെറ്റും ഇല്ല. അച്ചനേക്കാൾ പ്രായം ഉള്ള ഒരു മനുഷ്യന്റെ അടുത്തേക്ക് ആണല്ലോ പോകുന്നത് , അതിൽ ഒരു മര്യാദ കേടും ഇല്ല .. മനസാക്ഷി യുടെ മറുപടി അതായിരുന്നു.
പേരറിയാത്ത ഒരു മരത്തിൻറെ തണലു പറ്റി ലൈബ്രറിക്ക് മുന്നിലെ കോൺക്രീറ്റ് ബെഞ്ചിൽ എന്നെയും കാത്തിരിക്കുന്നു നമ്പൂതിരി സാറിനെയും ദൂരെ വെച്ച് തന്നെ ഞാൻ കണ്ടു.
“ഒരുപാട് നേരം ആയോ സാറ് വന്നിട്ട് ?”
ഒരു ആമുഖ സംഭാഷണം എന്ന നിലയിൽ ഞാൻ തിരക്കി.
“ഞാൻ വന്നിട്ട് അധികനേരം ഒന്നും ആയില്ല ദേ ആ കാണുന്ന ചായക്കടയിൽ നിന്ന് ഒരു ചായ കുടിച്ചു തീർത്ത സമയം മാത്രം ആയി .. വീണ ചായ കുടിക്കുന്നോ ?”
“വേണ്ട സാർ .. ”
ഞാൻ മറുപടി നൽകി.
“വന്ന കാലിൽ നിൽക്കാതെ വീണ ഇൗ ബെഞ്ചിലേക്ക് ഒന്ന് ഇരുന്നോളൂ “
“വേണ്ട സർ ഞാൻ ഇവിടെ നിന്നോളാം”
“ശരി .. ഞാൻ നിർബന്ധിക്കുന്നില്ല പക്ഷേ എനിക്ക് പറയാനുള്ളത് കേട്ട് കഴിയുന്നതു വരെ ഈ നിൽപ്പ് നിൽക്കേണ്ടി വരും അത് കാണുന്ന എനിക്ക് ബുദ്ധിമുട്ടുണ്ടാകും “